Published:22 November 2019
തിരുനെല്‍വേലി: മൊബൈല്‍ ഫോണും സ്വര്‍ണമാലയും വാങ്ങാൻ നവജാതശിശുവിനെ വിറ്റ അച്ഛൻ അറസ്റ്റിൽ. തിരുനെല്‍വേലി വിക്രമസിംഗപുരം അരുംഗംപെട്ടി സ്വദേശി യെസൂരുദയരാജ് ആണ് ഇരട്ടക്കുട്ടികളിലെ പെൺകുഞ്ഞിനെ 1.8 ലക്ഷം രൂപയ്ക്കു വിറ്റത്. ഈ പണം കൊണ്ടു മകനു സ്വര്‍ണമാലയും തനിക്ക് മൊബൈല്‍ ഫോണും വാങ്ങിയ ഇയാളും ഇടനിലക്കാരനും പൊലീസ് പിടിയിലായി. കഴിഞ്ഞ എട്ടിനാണ് ഇയാളുടെ ഭാര്യ പുഷ്പലത ഒരു ആൺകുഞ്ഞിനും പെൺകുഞ്ഞിനും ജന്മം നൽകിയത്. ഇരട്ടക്കുട്ടികളെ കൂടാതെ രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഈ ദമ്പതിമാർക്കുണ്ട്. വീണ്ടുമൊരു പെണ്‍കുഞ്ഞ് ജനിച്ചതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നെന്നു പൊലീസ്. ഇതിനാലാണ് ആണ്‍കുട്ടിയെ വളര്‍ത്താനും പെണ്‍കുട്ടിയെ വില്‍ക്കാനും തീരുമാനിച്ചതെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി.
ശിശുവില്‍പ്പനയുമായി ബന്ധപ്പെട്ട് ഇടനിലക്കാരായ സെല്വന്, നെല്ലൈപ്പര്‍, കണ്ണന് എന്നിവരെയും പൊലീസ് പിടികൂടി. തിരുനെല്‍വേലിയിലുള്ള കുട്ടികളില്ലാത്ത ദമ്പതികള്‍ക്കാണ് ഇവർ പെൺകുഞ്ഞിനെ നൽകിയത്. ഒരുലക്ഷം രൂപ കുഞ്ഞിന്റെ പിതാവിനും എണ്‍പതിനായിരം രൂപ ഇടനിലക്കാര്‍ക്കും എന്ന ഉറപ്പിലായിരുന്നു വില്‍പ്പന.
കുഞ്ഞിനെ വിറ്റത് പുഷ്പലതയിൽ നിന്നു മറച്ചുവച്ചിരുന്നു. 18ന് കുട്ടിയെ കൈമാറിയശേഷം ആണ്‍കുഞ്ഞിന് സ്വര്‍ണമാലയും മൊബൈല്‍ ഫോണും വാങ്ങിയെത്തിയപ്പോൾ ബൈക്കും സൈക്കിളും പണയം വച്ച തുകയെന്നാണ് യെസുരുദയരാജ് പറഞ്ഞിരുന്നത്. പിന്നീടു കുട്ടിയെ അന്വേഷിച്ചു പുഷ്പലത ബഹളംകൂട്ടുകയും കുത്തിവയ്പിനായി ആശുപത്രി അധികൃതര്‍ അന്വേഷിക്കുകയും ചെയ്തതോടെയാണു വിൽപ്പന പുറത്തറിയുന്നത്. ആശുപത്രിയിൽ വച്ചു ഭാര്യയുമായി തർക്കമുണ്ടായതോടെ വിവരം ചൈൽഡ് ലൈൻ പ്രവർത്തകരിലുമെത്തി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും വിറ്റ പെൺകുട്ടിയെ കണ്ടെടുത്ത് ദത്തു നൽകുന്ന ഏജൻസിയെ ഏൽപ്പിക്കുകയും ചെയ്തു.