12
December 2019 - 12:31 pm IST

Download Our Mobile App

Flash News
Archives

Tradition

sabarimala-cattle-farm-caretaker
ആനന്ദ് സന്നിധാനത്തെ ഗോശാലയിൽ

പാലഭിഷേകപ്രിയന്‍റെ ഗോക്കളെ നോക്കാന്‍ വംഗദേശത്തെ ആനന്ദ് സാമന്ത

Published:25 November 2019

# ബിനീഷ് മള്ളൂശേരി

ഒരുനിയോഗംപോലെ  നാലുവര്‍ഷം മുന്‍പ് ശബരിമല കയറിവന്നതാണിയാള്‍. പിന്നീട് സന്നിധാനത്തെ ഗോശാലയിലെ ഗോപാലകനായി. പിന്നീടിങ്ങോട്ട് ഇന്ന് വരെ ആനന്ദ് ഭസ്മക്കുളത്തിന് സമീപത്തെ ഗോശാലയിലുണ്ട്. 

സന്നിധാനം: നെയ്യഭിഷേകത്തിനൊപ്പം പാലഭിഷേക പ്രിയനുമായ അയ്യന് സന്നിധാനം ഗോശാലയിലെ പശുക്കളുടെ പാല് കൊണ്ടുള്ള അഭിഷേകത്തിന് പിന്നിൽ  വംഗദേശത്തെ ആനന്ദ് സാമന്ത. കഴിഞ്ഞ നാലുവര്‍ഷമായി അഭിഷേകത്തിനുള്ള പാല്‍ മുടക്കമില്ലാതെ കറന്നെടുത്ത് സന്നിധാനത്തെത്തിക്കുന്നത് ബംഗാള്‍ സ്വദേശിയായ ആനന്ദാണ്. സന്നിധാനത്തെ ഗോശാലയുടെ നോട്ടക്കാരനും. ഒരുനിയോഗംപോലെ  നാലുവര്‍ഷം മുന്‍പ് ശബരിമല കയറിവന്നതാണിയാള്‍. പിന്നീട് സന്നിധാനത്തെ ഗോശാലയിലെ ഗോപാലകനായി. പിന്നീടിങ്ങോട്ട് ഇന്ന് വരെ ആനന്ദ് ഭസ്മക്കുളത്തിന് സമീപത്തെ ഗോശാലയിലുണ്ട്. 

പുലര്‍ച്ചെ ഒരുമണിക്ക് ഗോശാല കഴുകിവൃത്തിയാക്കി പാല്‍കറന്ന് മൂന്ന് മണിക്ക് നട തുറക്കുന്നതിന് മുന്‍പ് പതിവ് തെറ്റാതെ ക്ഷേത്രസന്നിധിയിലെത്തിക്കും. പിന്നീട് അൽപനേരം ആനന്ദിന് വിശ്രമമാണ്. പശുക്കള്‍ക്ക് വെള്ളവും തീറ്റയും നല്‍കിയശേഷം എല്ലാറ്റിനേയും കുളിപ്പിക്കും. വീണ്ടും വൈകിട്ട് മുന്നിന് പാല്‍കറന്ന് സന്നിധാനത്തേക്ക്. പ്രാതല്‍ മുതല്‍ അത്താഴംവരെ ദേവസ്വത്തിന്‍റെ ഭോജനശാലയില്‍ നിന്ന് കഴിക്കും. പച്ചക്കറി അവശിഷ്ടങ്ങളും പഴത്തൊലിയും വൈക്കോലുമെല്ലാം ലഭിക്കുന്നതിനാല്‍ പശുക്കള്‍ക്കും അഹാരത്തിന് മുട്ടില്ലെന്ന് ആനന്ദ് പറയുന്നു. 

പിണ്ണാക്കും കാലിത്തീറ്റയും ഗോക്കൾക്ക് നല്‍കുന്നുമുണ്ട്. മണ്ഡല-മകരവിളക്കുല്‍സവം കഴിഞ്ഞ് മലയില്‍ ആളൊഴിഞ്ഞാല്‍ പച്ച പുല്‍മേടുകളിൽ പശുക്കളെ മേയാന്‍ വിടുമെന്നും ഇദ്ദേഹം പറഞ്ഞു. നിലവിൽ ഗോശാലയില്‍ 15പശുക്കളും 8 കാളകളും നാല് കിടാങ്ങളുമാണുള്ളത്. ഇതില്‍ നാലെണ്ണത്തിന് കറവയുണ്ട്. പശുക്കളില്‍ ഒന്ന് ഗിര്‍വിഭാഗത്തിലുള്ളതും അഞ്ചെണ്ണം വെച്ചൂര്‍പശുക്കളുമാണ്. ബാക്കിയുള്ളവ സങ്കരയിനത്തില്‍പെടും. ആറ് ആടുകളും 25ലേറെ വിവിധയിനം കോഴികളും പശുക്കള്‍ക്ക് കൂട്ടായുണ്ട്. അവർക്ക് കൂട്ടായി ആനന്ദും.  

ഗോശാല ഈവര്‍ഷം പുതുക്കിപണിത് ഉയരംകൂട്ടി മേല്‍ക്കൂരമാറ്റി. കൂടുതല്‍ ഫാനുകളും ലൈറ്റുകളും സ്ഥാപിച്ച് സൗകര്യപ്രദമാക്കി. ഗോശാലയോട് ചേര്‍ന്നുള്ള മുറിയാണ് ആനന്ദിന്റെ കിടപ്പാടവും. വര്‍ഷത്തിലൊരിക്കല്‍ വിഷുക്കാലത്താണ് ബംഗാളിലെ ഉത്തരഗോപാല്‍ നഗറിലെ വീട്ടിലേക്കുള്ള യാത്ര.

ചെര്‍പ്പുളശ്ശേരിയില്‍ വേരുകളുള്ള കൊല്ലം നിവാസിയായ അയ്യപ്പഭക്തൻ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നേര്‍ച്ച നല്‍കിയ പശുക്കള്‍ പ്രസവിച്ചാണ് സന്നിധാനത്തെ ഗോശാല ഇത്തരത്തിൽ വിപുലപ്പെട്ടത്. ഇന്നും ഗോശാലയുടെ കാര്യങ്ങള്‍ നോക്കുന്നത് ഈ ഭക്തനാണ്. ആനന്ദിന്റെ പ്രതിഫലവും ഇദ്ദേഹം തന്നെയാണ് നല്‍കുന്നത്. ഏഴുവര്‍ഷം മുന്‍പ് ചെര്‍പ്പുളശ്ശേരിയില്‍ കെട്ടിടം പണിക്കെത്തിയ ആനന്ദ് സാമന്ത ഈഭക്തന്റെ നിര്‍ദേശപ്രകാരമാണ് ഗോപാലകനായി സന്നിധാനത്തെത്തിയതും. പാലഭിഷേക പ്രിയനേ ശരണമയ്യപ്പാ എന്ന പ്രാർഥനയിൽ അദ്ദേഹം അയ്യനൊപ്പമുണ്ട്.


വാർത്തകൾ

Sign up for Newsletter



top