Published:30 November 2019
കോഴിക്കോട്: മിൽമ, മലബാർ മേഖലാ യൂണിയൻ പുതിയ ആറ് പുതിയ ഉത്പന്നങ്ങൾ കൂടി വിപണിയിലിറക്കുന്നു. ഐസ്ക്രീം ഇനങ്ങളായ ബ്ലൂബറി, ചോക്കോ സ്റ്റിക്ക്, കുൽഫി സ്റ്റിക്ക് എന്നിവയും, വീറ്റ് അട ഇൻസ്റ്റന്റ് പായസം മിക്സ്, ഗീ ബിസ്കറ്റ്, പാസ്ചുറൈസ്ഡ് ടെണ്ടർ കോക്കനട്ട് വാട്ടർ തുടങ്ങിയവയുമാണ് പുതിയ ഉത്പന്നങ്ങൾ. പ്രകൃതി ദത്തമായ ബ്ലൂബറി പഴത്തിൽ നിന്നാണ് ബ്ലൂബറി ഐസ്ക്രീം തയാറാക്കുന്നത്. അര ലിറ്റർ, ഒരു ലിറ്റർ പായ്ക്കിങ്ങിലാകും ഇതു ലഭ്യമാകുക. പ്രകൃതി ദത്ത ചേരുവകളോടെയാണ് ചോക്കോ സ്റ്റിക്ക്, കുൽഫി സ്റ്റിക്ക് ഐസ്ക്രീമുകൾ. 50 മില്ലിയുടെ പേപ്പർ പായ്ക്കിങ്ങിൽ ലഭ്യമാകും.
ഒന്നര ലിറ്റർ മിൽമ പാലും 250 ഗ്രാം വീറ്റ് അട ഇൻസ്റ്റന്റ് പായസം മിക്സും ചേർത്ത് 20 മിനുട്ടിനുളളിൽ രുചികരമായ ഗോതമ്പ് പായസം തയാറാക്കാം. ബ്ലൂബറി ഐസ്ക്രീം കുന്ദമംഗലത്തിനടുത്ത് പെരിങ്ങളത്തുളള കോഴിക്കോട് ഡെയറിയിൽ നിന്നും, ചോക്കോ സ്റ്റിക്ക്, കുൽഫി സ്റ്റിക്ക്, വീറ്റ് അട എന്നിവ കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന വയനാട് ഡെയറിയിൽ നിന്നും, ഗീ ബിസ്ക്കറ്റ്, ടെണ്ടർ കോക്കനട്ട് വാട്ടർ എന്നിവ ബേപ്പൂരിനടുത്ത നടുവട്ടത്തുളള സെൻട്രൽ പ്രൊഡക്റ്റ് ഡെയറിയിൽ നിന്നുമാണ് വിപണിയിലെത്തിക്കുക. പുതിയ ഉത്പന്നങ്ങളെല്ലാം 10 നകം എല്ലാ മിൽമ സ്റ്റാളുകളിലും ലഭ്യമാവും. മലബാർ മിൽമയുടെ 30-ാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് രണ്ടിന് നടക്കുന്ന ആഘോഷ പരിപാടിയിൽ മന്ത്രി കെ. രാജു വിപണനോദ്ഘാടനം നിർവഹിക്കും.