Published:01 December 2019
മലപ്പുറം: 30 പവൻ സ്വർണം കാണാതായെന്ന പരാതിയിൽ നുണ പരിശോധന നടത്താനുള്ള പൊലീസ് നീക്കത്തിനിടെ, സ്വർണം വീട്ടില്‍ നിന്നു തന്നെ കണ്ടെത്തി. വിളയില്‍ മുണ്ടക്കല്‍ മേച്ചീരി അബ്ദുറഹിമാന്റെ വീട്ടിൽ നിന്നും നവംബർ അഞ്ചിനാണ് സ്വര്‍ണം നഷ്ടമായത്. അബ്ദുറഹിമാന്റെ ഭാര്യ നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് സ്വര്‍ണം വീട്ടിൽ നിന്നും തന്നെ തിരികെ കിട്ടിയത്.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ:
അബ്ദുറഹിമാന് വീട്ടില്‍ ഇല്ലാത്ത ദിവസമായിരുന്നു സ്വർണം കാണാതായത്. വിവാഹം കഴിഞ്ഞ മക്കളുടേത് ഉള്‍പ്പെടെ നാലു മാല, ഒരു വള, എട്ട് സ്വര്‍ണ നാണയങ്ങള്‍, രണ്ടു മോതിരം, പാദസരം എന്നിവയായിരുന്നു നഷ്ടപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നുണ പരിശോധന നടത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ഇതിനിടെ, കഴിഞ്ഞ ദിവസം രാവിലെ വീടിനകത്തു നിന്നും സ്വര്‍ണാഭരണങ്ങള്‍ ഒന്നും നഷ്ടപ്പെടാതെ തന്നെ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പാത്രം സഹിതം തിരികെ ലഭിക്കുകയായിരുന്നു.