26
January 2021 - 5:36 pm IST

Download Our Mobile App

Reviews

kamala-malayalam-movie-review

കമല; പ്രകൃതി ഭംഗിയില്‍ വിടര്‍ന്ന ചുവന്ന താമര

Published:05 December 2019

# പി.ഡി. സീതാദേവി

ഈ സിനിമയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ കൈകാര്യം ചെയ്യുന്ന വിഷയം ആദിവാസി മേഖലയിലെ ചൂഷണമാണ്. അവരുടെ സ്വത്ത്, ഭാഷ, ഭക്ഷണസ്രോതസ്സ്, സംസ്കാരം എന്നിവ ഒന്നൊന്നായി കൈവശമാക്കുന്ന വരേണ്യവര്‍ഗത്തിന്‍റെ മിടുക്ക് ഒന്നാന്തരമായി മറ നീക്കുന്നുണ്ട് സംവിധായകൻ. അതുകൊണ്ടു തന്നെ ഏറ്റവും ഫലപ്രദമായി  അഭിനയിച്ച വ്യക്തിയും ആദിവാസി മൂപ്പനായി വേഷമിട്ടയാളാണെന്ന് കാണാം.

രഞ്ജിത് ശങ്കര്‍  എഴുതി സംവിധാനം ചെയ്ത വ്യത്യസ്തതയുളള ഒരു ചിത്രമാണ് കമല. പൊലീസീനോട് ഏറ്റുമുട്ടി (?!) മരണമടഞ്ഞ ഒരു പോരാളിയുടെ പേരാണ് കമല. പിന്നീട് ആ പേര് കടം കൊളളുന്നതാകട്ടെ പ്രൊഫ. അഗസ്തിയുടെ ദത്തുപുത്രിയാണ്. പ്രൊഫസര്‍ അഗസ്തിയെ തമിഴ്‌നാട് പൊലീസ് കൊല ചെയ്യുന്നു. കുഴിച്ചുമൂടിയ കേസുകൾ പുറത്തു കൊണ്ടു വരാൻ ശ്രമിച്ചതാണ് ശാസ്ത്രഞ്ജൻ കൂടിയായ പ്രൊഫസറെ കൊല്ലാൻ കാരണം. അഗസ്തിയുടെ പ്രിയപ്പെട്ട വളര്‍ത്തു മക്കളില്‍ മൂത്തവൾ രുഹാണി ശര്‍മ്മ ചെയ്യുന്ന ഒരു ശക്തമായ  കഥാപാത്രമാണ്. കൊലയ്ക്കാണെങ്കിലും പ്രതികാരത്തിനാണെങ്കിലും വ്യക്തമായ ആസൂത്രണത്തോടെ ഓരോ ചുവടും വയ്ക്കുന്ന കഥാപാത്രം തന്‍റെ വളര്‍ത്തച്ഛന്‍റെ ദാരുണാന്ത്യം പകര്‍ന്നു നൽകിയ ദുഃഖത്തില്‍ തപിച്ചു കൊണ്ടേയിരിക്കുന്നു. ആ താപമാണ് പ്രസ്തുത കഥാപാത്രത്തിന്‍റെ  എല്ലാ പ്രവര്‍ത്തികളെയും നിയന്ത്രിക്കുന്ന ശക്തി സ്രോതസ്സ് എന്ന് കഥയില്‍ വ്യക്തമായി കോറിയിട്ടിരിക്കുന്നു. 

സഫര്‍ എന്നു പേരായ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ (അജു വര്‍ഗീസ്) കമലയുടെ ഫോണ്‍ വിളിയിലൂടെ കെട്ടിപ്പടുക്കുന്നത് വസ്തുവിന്‍റെ ക്രയവിക്രയത്തിന്‍റെയും ഒരു സ്ത്രീവിഷയത്തിന്‍റെയും സാദ്ധ്യതകൾ ഒരുപോലെയാണ്. സഫറും കമലയുമായുളള എല്ലാ കോമ്പിനേഷൻ രംഗങ്ങളും മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. അതീവ ദുര്‍ബലമായേക്കാവുന്ന ഒരു സ്വാഭാവിക സ്ത്രീപുരുഷ ബന്ധത്തിനപ്പുറം അത് ഗൗരവമേറിയ സസ്പെൻസ് രംഗമായി വളരുന്നു. അജു വര്‍ഗീസ് ആ സന്ദര്‍ഭങ്ങളിലെല്ലാം പ്രകടിപ്പിക്കുന്ന പക്വതയും അഭിനയശൈലിയും സംഭാഷണരീതിയും ശ്ലാഘനീയമാണ്. യുവാക്കളുടെ ഈ ടീം വര്‍ക്കില്‍ എവിടെയും പൈങ്കിളികൾ പറക്കുന്നത് കാണാനാകില്ല തന്നെ. 

ഈ സിനിമയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ കൈകാര്യം ചെയ്യുന്ന വിഷയം ആദിവാസി മേഖലയിലെ ചൂഷണമാണ്. അവരുടെ സ്വത്ത്, ഭാഷ, ഭക്ഷണസ്രോതസ്സ്, സംസ്കാരം എന്നിവ ഒന്നൊന്നായി കൈവശമാക്കുന്ന വരേണ്യവര്‍ഗത്തിന്‍റെ മിടുക്ക് ഒന്നാന്തരമായി മറ നീക്കുന്നുണ്ട് സംവിധായകൻ. അതുകൊണ്ടു തന്നെ ഏറ്റവും ഫലപ്രദമായി  അഭിനയിച്ച വ്യക്തിയും ആദിവാസി മൂപ്പനായി വേഷമിട്ടയാളാണെന്ന് കാണാം. ഇരുതല മൂര്‍ച്ചയുളള കത്തിയായി അയാളുടെ വാക്കും നോട്ടവും പരിണമിക്കുന്നു. ആദിവാസി സമൂഹത്തിന്‍റെ കാടിന്‍റെ മക്കളുടെ എല്ലാ വ്യഥകളും മൂപ്പന്‍റെ മുഖത്തുണ്ട്. 

കമല സഫറിനു പ്രലോഭനവും ആകര്‍ഷണവുമാകുന്നുണ്ടെങ്കിലും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലെ കസ്റ്റമറാക്കുവാനും ഒരേ സമയം പ്ലാൻ ചെയ്യുന്നു. ബിജു സോപാനവും കൂട്ടരും ചേര്‍ന്നൊരുക്കുന്ന സഫറിന്‍റെ സുഹൃദ് വലയം സ്വാഭാവികതയോടെ ഭ്രമണം ചെയ്യുകയാണിതില്‍, വലിയേട്ടൻ ഭക്തിയില്ലെന്നു മാത്രമല്ല അവസരം കിട്ടുമ്പോഴെല്ലാം സഫറിനെതിരായി പറയുന്നുമുണ്ട്. സുഗമമായൊരു പ്രണയ പാശ്ചാത്തലം സഫറിനുണ്ടാകുന്നില്ലെങ്കിലും പൂര്‍ണ്ണമായി വെറുക്കാനാവാതെ, പ്രണയിക്കാനാകാതെ സഫറും കമലയും സമാധാനത്തോടെ യാത്ര തുടരുകയാണ്- രണ്ടു ലക്ഷ്യത്തിലേക്ക്, പുതിയൊരു ലക്ഷ്യം ഉരുത്തിരിയുന്നുണ്ടോ എന്നും ഒരു സാദ്ധ്യതയിലേക്ക് വിരല്‍ ചൂണ്ടികൊണ്ട്. 

അത്യന്തം പ്രകൃതി സുന്ദരമായ കാടും ഉൾക്കാടും നദീതീരവുമെല്ലാം വൃക്ഷലതാദികളോടൊപ്പം മനോഹര ഫ്രെയിമുകളിലാക്കിയിരിക്കുന്നത് ഷെഹ്നാദ് ജലാലാണ്. ഒരു സിനിമയുടെ നായകവേഷം തെറ്റില്ലാത്തവിധം അജു വര്‍ഗീസ് ഭംഗിയാക്കി. കമല വേഷപ്രച്ഛന്നയാകുന്നതു വളരെ അമച്വര്‍ രീതിയിലാണ്. നെറ്റിയിലെ പൊട്ടു മാറ്റിയപ്പോൾ രുഹാണി ശര്‍മ്മയുടെ ശിൽപസദൃശമായ മുഖം രൂപമാറ്റം വന്നെന്നു ധരിക്കാൻ മാത്രം വിഡ്ഡികളല്ലല്ലോ കാണികൾ. സിനിമാ നിര്‍മ്മാണത്തിലെ നിലവാരമില്ലാത്ത മുതലെടുപ്പു രീതി ഈ സിനിമ ലക്ഷ്യമിട്ടില്ല എന്നതു തന്നെയാണ് ഏറ്റവും വലിയ മേന്മയായി തോന്നുന്നത്.


വാർത്തകൾ

Sign up for Newslettertop