ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:06 December 2019
ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആറു വിക്കറ്റിന്റെ ആവേശ ജയം. വിൻഡീസ് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. പുറത്താകാതെ 50 പന്തിൽ നിന്നു 94 റൺസെടുത്ത് മുന്നിൽ നിന്നു പടനയിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മികവിലാണ് വിൻഡീസിനെ കീഴടക്കിയത്. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ (1-0) മുന്നിലെത്തി.
സ്കോർ ബോർഡിൽ 30 റൺസുള്ളപ്പോൾ രോഹിത് ശർമ (8) പുറത്തായി. എന്നാൽ ഓപ്പണറുടെ വേഷത്തിലേക്ക് തിരികെയെത്തിയ ലോകേഷ് രാഹുൽ ഒരറ്റത്ത് തകർത്തടിക്കുകയായിരുന്നു. 40 പന്തിൽ 62 റൺസെടുത്ത് പുറത്തായ രാഹുലാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കമേകിയത്. രാഹുലിന്റെ ഏഴാം അർധ സെഞ്ചുറിയാണിത്. ഇതിനിടെ ട്വന്റി-20 കരിയറിൽ രാഹുൽ 1000 റൺസും തികച്ചു.
രാഹുൽ പുറത്തായ ശേഷം മത്സരത്തിന്റെ കടിഞ്ഞാണേറ്റെടുത്ത കോഹ്ലി പിന്നീട് വെടിക്കെട്ടിന് തിരികൊളുത്തി. കോഹ്ലിയുടെ 23-ാം അർധ സെഞ്ചുറിയായിരുന്നു ഇത്. 50 പന്തിൽ ആറു ബൗണ്ടറിയും സിക്സറും സഹിതം പുറത്താകാതെ 94 റൺസ് അടിച്ചുകൂട്ടി. രാജ്യാന്തര ട്വന്റി-20യിൽ കോഹ്ലിയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. രണ്ടാം വിക്കറ്റിൽ കോഹ് - രാഹുൽ സഖ്യം 100 റൺസ് ചേർത്തു. മൂന്നാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം (18) 48 റൺസിന്റെ കൂട്ടുകെട്ടിലും കോഹ്ലി പങ്കാളിയായി.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 17 പന്തില്‍ നിന്ന് 40 റണ്‍സടിച്ച എവിന്‍ ലൂയിസാണ് സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. പിന്നീട് വന്നവര്‍ ഓരോരുത്തരായി മികച്ച പ്രകടനം പുറത്തെടുത്തതോടെ വിന്‍ഡീസിന് മികച്ച സ്കോര്‍ കണ്ടെത്താനായി. വിന്‍ഡീസ് നിരയില്‍ ഹെറ്റ്മയറാണ് ടോപ്സ്കോറര്‍. 41 പന്തില്‍ നിന്ന് 56 റണ്‍സ് നേടി. പൊള്ളാര്‍ഡ് 37, ബ്രെണ്ടണ്‍ കിങ് 31 റണ്‍സും നേടി. അവസാന പന്തുകളില്‍ ജാസന്‍ ഹോല്ഡര് (9 പന്തില്‍ 24 റൺസ്) തകര്‍ത്തടിച്ചതോടെയാണ് വിന്‍ഡീസ് 200 കടന്നത്. വിൻഡീസ് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു.