ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:07 December 2019
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ ജപ്പാൻ, ദക്ഷിണ കൊറിയ യാത്രകളിലൂടെ 200 കോടി രൂപയുടെ വിദേശ നിക്ഷേപം ഉറപ്പിക്കാനായി. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ഐടി, ഭക്ഷ്യസംസ്കരണം, മത്സ്യബന്ധനം, മാലിന്യ സംസ്കരണം, നൈപുണ്യവികസനം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലാണ് നിക്ഷേപകർ താത്പര്യം കാണിച്ചിട്ടുള്ളത്. ഓരോ കൂടിക്കാഴ്ചയും കേരളത്തിലെ യുവജനങ്ങൾക്ക് പ്രയോജനപ്പെടുമെന്ന് ഉറപ്പാക്കാനായതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സന്ദർശനം വിജയകരമായിരുന്നെന്നും അദ്ദേഹം.
ജപ്പാനിൽ നിന്ന് മാത്രം കോടികളുടെ നിക്ഷേപം കേരളത്തിലേക്കെത്തും. കേരളത്തിൽ നാല് പതിറ്റാണ്ട് കാലം പ്രവർത്തന പരിചയമുള്ള നീറ്റാ ജെലാറ്റിൻ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ 200 കോടിയുടെ നിക്ഷേപം നടത്തും. തെർമോ കോർപറേഷൻ, തിരുവനന്തപുരത്തുള്ള തെർമോ പെൻബോളിൽ 105 കോടിയുടെ നിക്ഷേപം നടത്തും. ലോകത്തിനാവശ്യമായ ബ്ലഡ് ബാഗുകളുടെ 10 ശതമാനം കേരളത്തിൽ ഉൽപാദിപ്പിക്കാനാവും. തോഷിബയുമായി ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ബാറ്ററിയുടെ സാങ്കേതികവിദ്യ കൈമാറ്റത്തിന് താൽപര്യപത്രം ഒപ്പുവച്ചു. 2022 ഓടെ കേരളത്തിൽ 10ലക്ഷം വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിൽ എൽടിഒ ബാറ്ററി ഉപയോഗിക്കാം.
ഭാവിയുടെ ഇന്ധനം എന്ന് കണക്കാക്കുന്ന ഹൈഡ്രജൻ ഫ്യുവൽ സെൽ ഫാക്ടറി സ്ഥാപിക്കുന്നതിനായി ടൊയോട്ടയുമായും ചർച്ച നടത്തി. ഇക്കാര്യത്തിൽ ലെറ്റർ ഒഫ് ഇന്റൻഡ് ഒപ്പുവയ്ക്കും. എറണാകുളത്തെ പെട്രോകെമിക്കല്‍ കോംപ്ലെക്സില്‍ ഒരു ലൂബ്രിക്കന്റ് ബെന്‍ഡിങ് യൂണിറ്റ് സ്ഥാപിക്കാന്‍ ജിഎസ് കാള്‍ടെക്സ് കോര്പറേഷന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഐടിയിലും, ആയുര്‍വേദത്തിലും, ചെറുകിട ഇടത്തരം വ്യവസായങ്ങളിലും നിക്ഷേപ സാധ്യത നേരിട്ട് മനസ്സിലാക്കാന്‍ ജപ്പാനിലെ സനിന് പ്രവിശ്യയില്‍ നിന്നും അഞ്ച് മേയര്‍മാര്‍ അടങ്ങുന്ന സംഘം കേരളത്തിലേക്ക് വരുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സമുദ്രോത്പാദന-ഭക്ഷ്യസംസ്കരണ രംഗത്ത് പങ്കാളികളെ കണ്ടെത്താന്‍ കൊറിയ ഫുഡ് ഇന്‍ഡസ്ട്രി ഡെവലപ്മെന്റ് അസോസിയേഷന് കേരളത്തിലേക്ക് അടുത്ത മാസത്തോടെ പ്രതിനിധികളെ അയയ്ക്കും. കൊറിയ ട്രേഡ് ഡെവലപ്മെന്റ് അസോസിയേഷനും ഭക്ഷ്യ സംസ്കരണ രംഗത്ത് നിക്ഷേപത്തിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചേര്‍ത്തലയിലെ സമുദ്രോത്പന്ന സംസ്കരണ മേഖല സന്ദര്‍ശിക്കുവാനും തുടര്‍ന്ന് കയറ്റുമതി നടത്തുവാനും കൊറിയ ഇമ്പോര്‍ട്ട്സ് അസോസിയേഷന് തീരുമാനിച്ചിട്ടുണ്ട്. കെഎസ്ഐഡിസിയുടെ ചേര്‍ത്തല ഫുഡ് പാര്‍ക്കില്‍ ഒരു ടെസ്റ്റ് സെന്റര്‍ തുടങ്ങുവാനും ഇവര്‍ക്കു താത്പര്യമുണ്ട്. നിലവില്‍ കൊറിയയിലേക്ക് കയറ്റി അയക്കുന്ന ഉല്പന്നങ്ങള് വിയറ്റ്നാം വഴിയാണ് പോവുന്നത്, ടെസ്റ്റ് സെന്റര്‍ വരുന്നതോടെ നേരിട്ട് കയറ്റുമതി നടത്താന്‍ കഴിയും.
ഹ്യുണ്ടായിയുടെ വാഹന പാര്‍ട്സ് സപ്ലയര്‍ ആയ എല്‍കെ ഹൈ-ടെക് ഒരു പുതിയ മാനുഫാക്ചറിങ് യൂണിറ്റ് ആരംഭിക്കുവാന്‍ പാലക്കാട്ട് 15,000 ചതുരശ്ര അടി സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. ഐടി, എല്‍ഇഡി നിർമാണം, ഓട്ടോമൊബൈല്‍ കംപോണന്റ്സ്, ഭക്ഷ്യ സംസ്കരണം, ഇടത്തരം-ചെറുകിട വ്യവസായങ്ങള്‍, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിന്‍ തുടങ്ങിയ മേഖലകളിലിലാണ് കൊറിയയില്‍ നിന്നുള്ള നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.