ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:07 December 2019
സന്നിധാനം: "അതുല്യം, അനുപമം, വിവരണാതീതം' - ആദ്യമായി സന്നിധാനത്തെത്തിയ ഇസ്രയേലി പൗരന്മാരുടെ വാക്കുകളില്‍ നിറഞ്ഞത് ശബരിമല സമ്മാനിച്ച അപൂര്‍വാനുഭവം. കാനനവാസന്റെ ശ്രീകോവില്‍ നടയില്‍ നിന്നു തൊഴുത് പ്രസാദ കളഭം തൊട്ട ശേഷം, സോപാനത്തെത്തിയ ടെല്‍ അവീവില്‍ നിന്നുള്ള സഞ്ചാരികളായ ഗാബിയും ടാലിയും ഡോവിയും സെവിയും വാചാലരായി.
അപ്രതീക്ഷിതമായിരുന്നു ഈ സന്ദര്‍ശനമെന്ന് എഴുപതു വയസു പിന്നിട്ട അവര്‍ പറഞ്ഞു. ഇസ്രയേലില്‍ നിന്നുള്ള ജൂതമത വിശ്വാസികളായ നാലുപേരും എൻജിനീയര്‍മാരാണ്. മധുര, തഞ്ചാവൂര്‍, കന്യാകുമാരി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളും മറ്റും സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്തെത്തിയ ഇവര്‍ കോവളത്തും വര്‍ക്കല പാപനാശത്തും പോയ ശേഷമാണ് ശബരിമലയിലേക്കു യാത്ര തിരിച്ചത്. സന്നിധാനത്തെത്തിയ നാലുപേര്‍ക്കും പോലീസ് സ്പെഷ്യല്‍ ഓഫിസര്‍ ഡോ. എ. ശ്രീനിവാസ് വഴികാട്ടിയായി. ക്ഷേത്രത്തിന്റെ ഐതിഹ്യവും സവിശേഷതയും ആചാരവും അദ്ദേഹം വിശദീകരിച്ചു. ഉച്ചപൂജ സമയത്തു ദര്‍ശനം നടത്തിയ നാലുപേര്‍ക്കും മേല്‍ശാന്തി പ്രസാദം നല്കി.
ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്തുന്ന ആയിരക്കണക്കിന് തീർഥാടകരെ വിസ്മയത്തോടെ അവര്‍ നോക്കി നിന്നു. മറ്റെവിടെയും കാണാത്ത ആചാരാനുഷ്ഠാനങ്ങളിലും ആതിഥ്യമര്യാദയിലും മനം നിറഞ്ഞു. ഇന്ത്യയെക്കെുറിച്ച് വായിച്ചറിഞ്ഞാണ് ഇവിടെ വന്നതെന്നും ദക്ഷിണേന്ത്യ വിസ്മയിപ്പിച്ചുവെന്നും അവര്‍ പറഞ്ഞു. പൊലീസ് നല്കിയ ഭക്ഷണവും കഴിച്ച ശേഷമാണ് മലയിറങ്ങിയത്. രണ്ടു ദിവസം കഴിഞ്ഞ് നെടുമ്പാശേരിയില്‍ നിന്ന് ടെല്‍ അവീവിലേക്കു പറക്കും. കേരളത്തിന്റെ പ്രകൃതിഭംഗിയും ഭക്ഷണവും ശബരീശ സന്നിധി പകര്‍ന്നു നല്കിയ അനുഭവങ്ങളും എന്നും ഓര്‍മയിലുണ്ടാകുമെന്ന് അവര്‍ പറഞ്ഞു.