ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:07 December 2019
കൊച്ചി: ഐഎസ് ഉൾപ്പെടെ ഭീകര സംഘടനകളിൽ നിന്നു വധഭീഷണി നേരിട്ട ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് കെമാൽ പാഷയ്ക്ക് ഏർപ്പെടുത്തിയിരുന്ന സായുധ കാവൽ സംസ്ഥാന സർക്കാർ പിൻവലിച്ചു. സംസ്ഥാന സർക്കാരിനെയും പൊലീസിനെയും വിമർശിച്ചതിനു പ്രതികാരമായാണിതെന്ന് ആരോപണമുയർന്നു.
സുരക്ഷയ്ക്കായി പൊലീസ് ആസ്ഥാനത്തു നിന്ന് നിയോഗിച്ച നാലു സായുധ പൊലീസ് സേനാംഗങ്ങളുടെ കാവലാണ് ഇന്നലെ മുതൽ നിർത്തലാക്കിയത്. എറണാകുളം ഇടപ്പള്ളിയിലുള്ള വീടിനും അദ്ദേഹത്തിന്റെ യാത്രാവേളകളിലും രണ്ടു കൊല്ലമായി സായുധ സംഘം സുരക്ഷ ഒരുക്കിയിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സുരക്ഷാ അവലോകന സമിതി ജസ്റ്റിസ് കെമാൽ പാഷയ്ക്ക് നിലവിൽ സുരക്ഷാ ഭീഷണിയില്ലെന്ന വിലയിരുത്തിയതിനെ തുടർന്നാണു സായുധ ഗാർഡിനെ പിൻവലിച്ചെന്നാണ് ഔദ്യോഗിക ഭാഷ്യം. അറിയിപ്പു കിട്ടിയ ഉടൻ കെമാൽ പാഷ ഇവരെ റിലീവ് ചെയ്തു.
കണ്ണൂർ ജില്ലയിലെ കനകമലയിൽ ഐഎസ് അനുഭാവികളുടെ രഹസ്യയോഗം കൊലപ്പെടുത്താൻ തീരുമാനിച്ച ഹൈക്കോടതി ജഡ്ജിമാരിൽ ഒരാൾ കെമാൽ പാഷയായിരുന്നു. തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് അദ്ദേഹം കൈക്കൊണ്ട കർക്കശ നിലപാടിനെ തുടർന്നായിരുന്നു ഇത്. അദ്ദേഹത്തിനെതിരെ വധ ഭീഷണിയുണ്ടെന്ന് എൻഐഎയും ഐബിയും സംസ്ഥാന ഇന്റലിജൻസും സ്ഥിരീകരിച്ചതിനെ തുടർന്നാണു നാലു പൊലീസുകാർ ഉൾപ്പെടുന്ന സായുധ ഗാർഡ് ഏർപ്പെടുത്തിയത്. ജഡ്ജി സ്ഥാനത്ത് നിന്നു വിരമിച്ച ശേഷവും ഇതു തുടരുകയായിരുന്നു.
അതേസമയം സർക്കാരിനെ വിമർശിച്ചതിലുള്ള പ്രതികാര നടപടിയായിട്ടാണു സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിച്ചെതെന്നു കെമാൽ പാഷ പ്രതികരിച്ചു. വാളയാർ കേസിലും മാവോയിസ്റ്റുകളെ വെടിവച്ച സംഭവത്തിലും പൊലീസിനെ വിമർശിച്ചതു പൊലീസ് അസോസിയേഷനെ ചൊടിപ്പിച്ചതു കാരണമായിരിക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
വാളയാർ കേസിലെ പെൺകുഞ്ഞുങ്ങൾക്കു നീതി കിട്ടാത്ത വിഷയത്തിൽ പൊലീസിനെതിരേ കടുത്ത വിമർശനം നടത്തിയിരുന്നു. ഒൻപതു വയസുള്ള പെൺകുട്ടിയുടെ സമ്മതത്തോടെയാണ് പീഡനം നടന്നതെന്നു പറഞ്ഞ ഡിവൈഎസ്പിയെ സർവീസിൽ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവത്തിൽ സർക്കാരിനേയും പൊലീസിനേയും വിമർശിച്ചിരുന്നു. ഏറ്റവുമൊടുവിൽ സിനിമാ രംഗത്തെ ലഹരി മരുന്ന് ഉപഭോഗത്തിന്റെ പേരിൽ മന്ത്രി എ.കെ. ബാലനെയും വിമർശിച്ചിരുന്നു. ഇതിനൊക്കെയുള്ള പ്രതികാരമാവാം സർക്കാർ നടപടി. എന്നാൽ, കാര്യങ്ങൾ ഇനിയും തുറന്നുപറയുമെന്നും അദ്ദേഹം പറഞ്ഞു.