Published:08 December 2019
തിരുവനന്തപുരം: കൈവിട്ട ക്യാച്ചുകളും ഫീല്‍ഡിങ്ങിലെ അശ്രദ്ധയും ഒരിക്കല്‍ക്കൂടി ഇന്ത്യക്കു വിനയായപ്പോള്‍ കാര്യവട്ടത്ത് വിരിഞ്ഞത് വിന്‍ഡീസ് ചിരി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്തക്ക് എട്ടു വിക്കറ്റ് പരാജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴിന് 170 റണ്‍സെടുത്തു. കാര്യവട്ടത്ത് ആഞ്ഞുവീശിയ ശിവം ദുബെയുടെ ആദ്യ അന്താരാഷ്ട്ര അര്‍ധസെഞ്ചുറി മികവിലായിരുന്നു ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഒമ്പതു പന്ത് ബാക്കി നില്‍ക്കേ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. വിന്‍ഡീസിനു വേണ്ടി നിക്കോളാസ് പുരാന് 18 പന്തില്‍ 38 റണ്‍സും സിമണ്‍സ് 45 പന്തില്‍ 67 റണ്‍സും നേടി വിന്‍ഡീസ് ജയം അനായാസമാക്കി. ദുബെ 30 പന്തില്‍ 54 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്കോററായി.
തുടക്കം പോരാ
ഇന്ത്യയുടെ ബാറ്റിങ് രോഹിത് ശര്‍മയ്ക്കൊപ്പം കെ.എല്‍. രാഹുല്‍ ഒരിക്കല്‍ക്കൂടിയെത്തി. മത്സരത്തിന്റെ തുടക്കംതന്നെ വിന്‍ഡീസിന്റെ ഓപ്പണിങ് ബൗളര്‍ കോട്രലിന്റെ അച്ചടക്കമില്ലാത്ത ബൗളിങ് ഇന്ത്യക്കു ഗുമമായി. 12 റണ്‍സാണ് ആദ്യ ഓവറില്‍ ഇന്ത്യക്കു ലഭിച്ചത്. ഇതില്‍ ആറും വൈഡില്നിന്നാണ് ലഭിച്ചത്.
നാലാം ഓവറില്‍ ഇന്ത്യയുടെ ആദ്യവിക്കറ്റ് നിലംപൊത്തി. പിയറിയുടെ പന്തില്‍ കൂറ്റനടിക്കു ശ്രമിച്ച രാഹുല്‍ (11) സ്ക്വയര്‍ ലെഗില്‍ ഹിറ്റ്മെയറുടെ കൈകളില്‍ അവസാനിച്ചു. ഇന്ത്യന്‍ സ്കോര്‍ 24 ആയിരുന്നു അപ്പോള്‍. വിരാട് കോഹ്ലിയെ പ്രതീക്ഷിച്ച കാണികള്‍ക്കു മുന്നിലൂടെ മൂന്നാമനായി ക്രീസിലേക്കെത്തിയത് ഓള്‍റൗണ്ടര്‍ ശിവം ദുബെയായിരുന്നു. കൂറ്റനടികളിലൂടെ സ്കോര്‍ ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം.
രോഹിതിനൊപ്പം ശിവം ദുബെ ആക്രമണോത്സുകമായിത്തന്നെ ബാറ്റ് ചെയ്തു. എന്നാല്‍, കൂറ്റനടികള്‍ക്കു സാധിച്ചില്ല. ബൗളിങ്ങില്‍ പൊളാര്‍ഡ് വരുത്തിയ ചടുല മാറ്റങ്ങള്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. സ്ട്രൈക്ക് കൈമാറാനാകാതെ ദുബെ വിഷമിച്ചതും കാണാമായിരുന്നു. എന്നാല്‍, എട്ടാം ഓവറില്‍ ജാസന്‍ ഹോര്ഡര്ക്കെതിരേ സിക്സര്‍ പറത്തിയ ദുബെ ആത്മവിശ്വാസം കണ്ടെത്തി. തുടരെ സിക്സും ഫോറും പായിച്ച് ദുബെ ഗ്യാലറിയെ ആവേശത്തിലാഴ്ത്തി. ഇതേ ഓവറില്‍ ഇന്ത്യ 50ഉം പിന്നിട്ടു.
എന്നാല്‍, എട്ടാം ഓവറിലെ നാലാം പന്തില്‍ റിവേഴ്സ് സ്കൂപ്പിനു ശ്രമിച്ച രോഹിത് ശര്‍മയ്ക്കു ടൈമിങ്ങില്‍ പിഴച്ചു. വിക്കറ്റ് തെറിപ്പിച്ചാണ് ഹോള്‍ഡറുടെ പന്ത് വിശ്രമിച്ചത്. 18 പന്തില്‍ 15 റണ്‍സ് മാത്രമായിരുന്നു രോഹിതിന്റെ സംഭാവന. ഒരു സിക്സര്‍കൂടി നേടായിരുന്നെങ്കില് രോഹിതിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 സിക്സറുകള്‍ എന്ന റെക്കോഡ് സ്വന്തമാക്കാമായിരുന്നു. എന്നാല്‍, അതിന് ഇനിയും കാത്തിരിക്കണം. ഇതോടെ ഇന്ത്യ 7.4 ഓവറില്‍ രണ്ടിന് 56 എന്ന നിലയിലേക്കു പതിച്ചു.
കോഹ്ലിയെത്തി, ദുബെ നിറഞ്ഞാടി
പിന്നീടായിരുന്നു ക്രീസിലേക്ക് സാക്ഷാല്‍ വിരാട് കോഹ്ലിയെത്തിയത്. ആവേശത്തോടെയാണ് കോഹ്ലിയെ കാണികള്‍ വരവേറ്റത്. ഒമ്പതാമത്തെ ഓവറിലെ രണ്ടാം പന്തില്‍ റണ്ണെടുക്കുന്നതിനിടെ ദുബെ പൊളാര്‍ഡിന്റെ ദേഹത്തുരസിയത് പൊളാര്‍ഡിനെ പ്രകോപിച്ചു. പിച്ചില്‍ ഇരുവരും വാഗ്വാദത്തിലേര്‍പ്പെട്ടത് മത്സരത്തിന്റെ എരിവു കൂട്ടി. ഈയോവറില്‍ പൊളാര്‍ഡിനെ മൂന്നു തവണയാണ് ദുബെ മൈതാനം തൊടാതെ ഗാലറിയിലെത്തിച്ചത്. തുടര്‍ച്ചയായ വൈഡുകളെറിഞ്ഞ് പൊളാര്‍ഡ് ഇളിഭ്യനായി. 26 റണ്‍സാണ് ഈയോവറില്‍ ഇന്ത്യ അടിച്ചുകൂട്ടിയത്. കോഹ്ലിയും ദുബെയും തമ്മിലുള്ള പരസ്പര ധാരണയും കൂടുതല്‍ റണ്‍സ് കണ്ടെത്തുന്നതിനു നിദാനമായി.
10-ാം ഓവറിലെ അവസാന പന്തില്‍ സ്ക്വയര്‍ ലെഗില്‍ സിംഗിള്‍ എടുത്ത് ദുബെ കരിയറിലെ ആദ്യ അന്താരാഷ്ട്ര അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 27 പന്തില്‍നിന്ന് രണ്ടു ബൗണ്ടറിയും നാലു സിക്സുമടക്കമാണ് ദുബെ 50-ലെത്തിയത്. വാല്‍ഷ് എറിഞ്ഞ തൊട്ടടുത്ത ഓവറിലെ ആദ്യപന്തില്‍ ദുബെയുടെ ക്യാച്ച് പൊളാര്‍ഡ് നഷ്ടപ്പെടുത്തിയെങ്കിലും മൂന്നാം പന്തില്‍ ദുബെ പുറത്ത്. വാല്‍ഷിന്റെ പന്തില്‍ കൂറ്റനടിക്കു ശ്രമിച്ച ദുബെ ഹിറ്റ്മെയറുടെ കൈകളില്‍ അവസാനിച്ചു. 30 പന്തില്‍ മൂന്നു ബൗണ്ടറിയും നാലു സിക്സറുമടക്കം 54 റണ്‍സ് നേടിയാണ് ദുബെ പുറത്തായത്. കോഹ്ലിക്കൊപ്പം 41 റണ്‍സിന്റെ കൂട്ടുകെട്ടാണ് ദുബെ പടുത്തുയര്‍ത്തിയത്. 11 ഓവറില്‍ ഇന്ത്യ 100-ലെത്തി.
അവസാനം വിക്കറ്റ് വീഴ്ച
പിന്നീട് ക്രീസിലെത്തിയ ഋഷഭ് പന്ത് നേരിട്ട രണ്ടാമത്തെ പന്ത് തന്നെ സിക്സറിനു പറത്തി തന്റെ ടീമിലെ സാന്നിധ്യത്തിനു സാധൂകരണം നല്കി. മറുവശത്ത് വിരാട് കോഹ്ലി ആങ്കറുടെ റോളിലായിരുന്നു. എന്നാല്‍, അധിക സമയം ക്രീസില്‍ തുടരാന്‍ വിരാട് കോഹ്ലിക്കായില്ല. 17 പന്തില്‍ 19 റണ്‍സെടുത്ത കോഹ്ലിയെ വില്യംസ് സിമണ്‍സിന്റെ കൈകളിലെത്തിച്ചു. ഇതോടെ ഇന്ത്യ 13.2 ഓവറില്‍ നാലിന് 120 എന്ന നിലയിലായി.
പിന്നീട് പന്തിനൊപ്പം ക്രീസിലൊന്നിച്ചത് ശ്രേയസ് അയ്യരായിരുന്നു. ഇരുവരും വലിയ ആവേശത്തിനു മുതിരാതെ ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നോട്ടുനയിച്ചു. എന്നാല്‍, 17-ാം ഓവറില്‍ ശ്രേയസ് അയ്യര്‍ പുറത്ത്. വാല്‍ഷിന്റെ പന്തില്‍ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച അയ്യരെ ബ്രണ്ടന്‍ കിങ് പിടിച്ചു പുറത്താക്കുകയായിരുന്നു. 11 പന്തില്‍ 10 റണ്‍സായിരുന്നു അയ്യരുടെ സംഭാവന. പിന്നീട് പന്തിനൊപ്പം ജഡേജയുടെ കൂട്ട്. എന്നാല്‍, 11 പന്തില്‍ ഒമ്പതു റണ്‍സെടുത്ത ജഡേജയെ വില്യംസ് ക്ലീന്‍ ബൗള്‍ഡാക്കി മടക്കിയയച്ചു.
പിന്നാലെയെത്തിയ വാഷിങ്ടണ്‍ സുന്ദറിന്റെ വരവും പോക്കും ഒരുപോലെയായിരുന്നു. അേവസാന ഓവറിലെ നാലാം പന്തില്‍, സുന്ദര്‍ നേരിട്ട ആദ്യപന്തില്‍ത്തന്നെ പുറത്ത്. കോട്രലിനായിരുന്നു വിക്കറ്റ്. അവസാന രണ്ട് ഓവറില്‍ ഉദ്ദേശിച്ച പോലെ സ്കോര്‍ ചെയ്യാനാകാതെ വന്നതോടെ ഇന്ത്യന്‍ സ്കോര്‍ ഏഴിന് 170ല്‍ അവസാനിച്ചു. ഋഷഭ് പന്ത് 22 പന്തില്‍ 33 റണ്‍സെടുത്തു പുറത്താകാതെനിന്നു.
വിന്‍ഡീസിനു വേണ്ടി കെസ്റിക് വില്യംസ് നാലോവറില്‍ 30 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹെയ്ഡന് വാല്‍ഷ് നാലോവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി.
വിന്‍ഡീസ് വെടിക്കെട്ട്
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനു ലൂയിസും സിമണ്‍സും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ സിമണ്‍സ് നല്കിയ ക്യാച്ച് വാഷിങ്ടണ്‍ സുന്ദറും ഒരു പന്തിന്റെ ഇടവേളയ്ക്കു ശേഷം ലൂയിസ് നല്കിയ ക്യാച്ച് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും വിട്ടുകളഞ്ഞു. ഭുവനേശ്വറായിരുന്നു ബൗളര്‍. പിന്നീട് ക്രീസില്‍ ആടിത്തിമിര്‍ത്ത ഇരുവരും 9.5 ഓവറില്‍ 73ലെത്തിച്ചു. ലൂയിസിനെ (40) പുറത്താക്കിക്കൊണ്ട് വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യക്ക് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചു. പന്ത് സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു ലൂയിസിനെ. 14 പന്തില്‍ 23 റണ്‍സെടുത്ത ഹിറ്റ്മെയറെ ഉജ്വല ക്യാച്ചിലൂടെ നായകന് കോഹ്ലി പുറത്താക്കി. ജഡേജയുടെ പന്തില്‍ ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്ത കോഹ്ലി ബൗണ്ടറി ലൈനിലൂടെ ഓടിയെത്തി ഡൈവിലൂടെ പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു.
നിക്കോളാസ് പുരാന്റെ ഊഴമായിരുന്നു പിന്നീട്. നേരിട്ട മൂ്ന്നാം പന്ത് തന്നെ യുസ്വേന്ദ്ര ചാഹലിനെ സിക്സറിനു പറത്തി പുരാന് വരവറിയിച്ചു. ഓവറിലെ അവസാന പന്തില്‍ സിക്സര്‍ അടിച്ച് സിമണ്‍സ് അര്‍ധസെഞ്ചുറി തികച്ചു. പിന്നീടെല്ലാം ക്ഷണ നേരത്തില്‍ കഴിഞ്ഞു. സിക്സറുകളും ഫോറുകളുമായി കളം നിറഞ്ഞ സിമണ്‍സും പുരാനും വിന്‍ഡീസിനെ അനായാസ ജയത്തിലേക്ക് നയിച്ചു.
ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ആദ്യമത്സരത്തില്‍ ഇന്ത്യക്കായിരുന്നു ടോസ്. ദിനേശ് രാംദിനു പകരം നിക്കോളാസ് പുരാന് ടീമിലെത്തിയതുമാത്രമാണ് വിന്‍ഡീസ് ടീമിലെ മാറ്റം. ഹൈദരാബാദിലെ അതേ ടീമിനെ നിലനിര്‍ത്തുകയാണ് ഇന്ത്യ ചെയ്തത്. സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇത്തവണയും കോഹ്ലി ശ്രമിച്ചില്ല. ബുധനാഴ്ച മുംബൈയിലാണ് മൂന്നാം ഏകദിനം.