24
January 2020 - 7:21 am IST

Download Our Mobile App

Flash News
Archives

National

citizenship-bill-amit-shah-s-sharp-attack-congress-over-partition-of-india

മതത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ചത് കോൺഗ്രസെന്ന് ‌‌അമിത് ഷാ

Published:09 December 2019

ഇന്ദിരാഗാന്ധി 1974-ൽ ബംഗ്ലാദേശിൽ നിന്നു വന്നവർക്ക് മാത്രം പൗരത്വം നൽകിയത് എന്തിനായിരുന്നുവെന്ന് അദ്ദേഹം ചർച്ചയ്ക്കിടെ ചോദിച്ചു. അയൽരാജ്യങ്ങളിൽ ഇപ്പോഴും മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും അവർക്ക് അഭയം നൽകാനാണ് ബില്ലെന്നും അമിത് ഷാ വ്യക്തമാക്കി. 

ന്യൂഡൽഹി: ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിന് ലോക്സഭയില്‍ അവതരണാനുമതി ലഭിച്ചു. ബില്‍ അവതരിപ്പിക്കുന്നതിനെ അനുകൂലിച്ച് 293 പേര്‍ വോട്ട് ചെയ്തപ്പോൾ 82 പേർ എതിര്‍ത്തു. കോൺഗ്രസും ഇടതുപാർട്ടികളും മുസ്ലിംലീഗും ഡിഎംകെയും എൻസിപിയും എതിർത്തു വോട്ട് ചെയ്തു. എന്നാൽ, മറ്റു പ്രതിപക്ഷ കക്ഷികളായ ശിവസേനയും ടിഡിപിയും ബിജു ജനതാദളും വൈഎസ്ആര്‍ കോണ്‍ഗ്രസും ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തു. 

അതിനിടെ, പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിൽ‌ അവതരിപ്പിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ. മതത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ കോൺഗ്രസ് അനുവദിച്ചില്ലായിരുന്നെങ്കിൽ പൗരത്വ ഭേദഗതി ബില്ലിന്‍റെ ആവശ്യം ഇന്നുണ്ടാകുമായിരുന്നില്ല. കോൺഗ്രസാണ് രാജ്യത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കിയതെന്നും അമിത് ഷാ പറഞ്ഞു. പൗരത്വ ബിൽ ഭരണഘടന ഉറപ്പു നൽകുന്ന സമത്വത്തിനും മതേതരത്വത്തിനും എതിരാണെന്ന പ്രതിപക്ഷത്തിന്‍റെ വാദത്തെ എതിർക്കുകയായിരുന്നു അദ്ദേഹം. 

നിർദ്ദിഷ്ട നിയമം ഭരണഘടനയുടെ ഏതെങ്കിലും വകുപ്പിന്‍റെ ലംഘനമല്ലെന്നും ആർട്ടിക്കിൾ-14 ബിൽ അവതരിപ്പിക്കുന്നതിന് തടസ്സമല്ലെന്നും ഷാ കൂട്ടിച്ചേർത്തു. നിയമത്തിന്​ മുമ്പിൽ ജാതി–മത–വർഗ–ലിംഗ–ഭാഷാ ഭേദമന്യേ എല്ലാ പൗരന്മാർക്കും സമത്വം വിഭാവനം ചെയ്യുന്ന ആർട്ടിക്കി​ൾ-14നെ ഈ ബിൽ ലംഘിക്കുന്നുവെങ്കിൽ എന്തിനാണ്​ ന്യൂനപക്ഷങ്ങൾക്ക്​ ഈ രാജ്യത്ത്​ പ്രത്യേക പരിഗണന നൽകുന്നതെന്നും അമിത്​ ഷാ ചോദിച്ചു.

രാജ്യത്തിന്‍റെ അതിർത്തി എവിടെയൊക്കെ എന്ന് തനിക്ക് അറിയാം. താന്‍ ഈ നാട്ടുകാരനാണ്. ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമെന്ന് അംഗീകരിക്കാത്തവരാണ്, അഫ്ഗാനിസ്ഥാൻ നമ്മുടെ അതിർത്തി രാജ്യമല്ലെന്ന് പറയുന്നതെന്നും അമിത്ഷാ കൂട്ടിച്ചേർത്തു. ഇന്ദിരാഗാന്ധി 1974-ൽ ബംഗ്ലാദേശിൽ നിന്നു വന്നവർക്ക് മാത്രം പൗരത്വം നൽകിയത് എന്തിനായിരുന്നുവെന്ന് അദ്ദേഹം ചർച്ചയ്ക്കിടെ ചോദിച്ചു. അയൽരാജ്യങ്ങളിൽ ഇപ്പോഴും മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും അവർക്ക് അഭയം നൽകാനാണ് ബില്ലെന്നും അമിത് ഷാ വ്യക്തമാക്കി. 

മൂന്ന്​ രാഷ്​ട്രങ്ങളും മുസ്​ലിം രാഷ്​ട്രങ്ങളായതു മുതൽ മുസ്​ലിം ഇതരരായവർക്ക്​ വേഗത്തിൽ പൗരത്വത്തിനുള്ള വ്യവസ്ഥ ഉചിതമായ തരം തിരിക്കലാണെന്നും മുസ്​ലിംകളെ ബുദ്ധിമുട്ടിക്കില്ലെന്നും അമിത്​ ഷാ വ്യക്തമാക്കി. ഈ മൂന്ന്​ രാജ്യങ്ങളിൽ നിന്നുള്ള മുസ്​ലിങ്ങൾ നിയമപരമായി ഇന്ത്യൻ പൗരത്വത്തിന്​ അപേക്ഷിക്കുകയാണെങ്കിൽ അക്കാര്യം പരിഗണിക്കുമെന്നും അമിത്​ ഷാ പറഞ്ഞു.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീം ഇതര സമുദായങ്ങൾക്ക് ഇന്ത്യൻ പൗരത്വം എളുപ്പമാക്കുന്നതിനാണ് ആറു പതിറ്റാണ്ട് പഴക്കമുള്ള പൗരത്വ ബിൽ ഭേദഗതി ചെയ്യുന്നത്. നേരത്തെ ഈ രാജ്യങ്ങളിൽ‌ നിന്നുള്ള അഭയാർഥികള്‍ക്ക് രാജ്യത്ത് 11 വര്‍ഷമെങ്കിലും താമസിച്ചാല്‍ മാത്രമായിരുന്നു പൗരത്വം ലഭിക്കുക. എന്നാല്‍ ഇനിയത് അഞ്ച് വര്‍ഷം മാത്രം മതിയാകും. അതേസമയം, അസമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും പ്രത്യേക അവകാശമുള്ള ആദിവാസി മേഖലകളിൽ നിയമം ബാധകമാവില്ല.


വാർത്തകൾ

Sign up for Newsletter



top