07
July 2020 - 4:53 pm IST

Download Our Mobile App

Offbeat

burari-death

ബുരാരിയിലെ 'പ്രേത വീട്ടി'ൽ പുതിയ താമസക്കാരെത്തി

Published:28 December 2019

സംഭവത്തിന് ശേഷം ഭൂത ബംഗ്ലാവ് എന്നായിരുന്നു നാട്ടുകാർ ഈ വീടിനെ വിളിച്ചിരുന്നത്. എന്നാലിപ്പോൾ ഈ വീട്ടിൽ പുതിയ താമസക്കാർ എത്തിയിരിക്കുകയാണ്.

ന്യൂഡൽഹി: രാജ്യത്തെ ഒന്നടങ്കം നടുക്കിയ ഡൽഹി ബുരാരിയിലെ ഒരു കുടുംബത്തിലെ 11 പേരുടെ കൂട്ടമരണം നടന്നിട്ട് രണ്ട് വർഷം തികയുകയാണ്. 2018 ജൂലൈ ഒന്നിനായിരുന്നു സംഭവം. അതിനു ശേഷം കഴിഞ്ഞ ഒന്നരക്കൊല്ലമായി ഈ വീട് ഒഴിഞ്ഞു കിടക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഭൂത ബംഗ്ലാവ് എന്നായിരുന്നു നാട്ടുകാർ ഈ വീടിനെ വിളിച്ചിരുന്നത്. എന്നാലിപ്പോൾ ഈ വീട്ടിൽ പുതിയ താമസക്കാർ എത്തിയിരിക്കുകയാണ്. ഡോ. മോഹൻ കശ്യപെന്ന പത്തോളജിസ്റ്റാണ് ഈ വീട് വാടകയ്ക്ക് വാങ്ങിയിരിക്കുന്നത്.

എനിക്ക് ഭൂതത്തിലും പ്രേതത്തിലും ഒന്നും വിശ്വാസമില്ല. ഞാനുദ്ദേശിച്ച ബഡ്ജറ്റിൽ, എന്‍റെ ആവശ്യങ്ങൾക്ക് ചേരുന്ന ഒരു വീട് കിട്ടി, ഞാനെടുത്തു ഡോ. മോഹൻ കശ്യപ് മാധ്യമങ്ങളോട് പറഞ്ഞു. ഇത്ര വലിയ വീടിന് വാടക വെറും 25,000 മാത്രമേ പറഞ്ഞിട്ടുള്ളൂ അവർ. ഈ പ്രദേശത്ത് ഇത്ര ലാഭത്തിന് ഇത്ര നല്ല വീട് വേറെ കിട്ടില്ലെന്നും മോഹൻ വ്യക്തമാക്കി.

ഇപ്പോൾ ഭജൻപുരയിലെ മറ്റൊരു വാടകവീട്ടിൽ താമസിക്കുന്ന മോഹൻ ഈ മാസം 30 ന് ബുരാരിയിലേക്ക് തന്‍റെ ഭാര്യയോടും രണ്ട് കുഞ്ഞുങ്ങളോടും കൂടി താമസം മാറ്റുമെന്നാണ് കരുതുന്നത്. ഈ വീട് വാടകയ്ക്ക് കൊടുക്കാൻ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ ചില്ലറ പാടൊന്നുമല്ല പെട്ടത്. ആ വീട്ടിൽ അന്ന് ആത്മഹത്യ ചെയ്ത പതിനൊന്നു പേരുടെയും ആത്മാക്കൾ ഗതികിട്ടാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട് എന്ന്‌ ബുരാരിക്കാർ പറഞ്ഞു നടന്നതായിരുന്നു ഇതിന് കാരണമായത്.  

ഭാട്ടിയ കുടുംബം എന്നറിയപ്പെട്ടിരുന്ന ഇരുനില വീട്ടിൽ താമസമുണ്ടായിരുന്ന 11 പേരാണ് ഒരേ ദിവസം ജീവനൊടുക്കിയത്. ഒരു പലചരക്കു കടയും ഒരു പ്ലൈവുഡ് വില്പനശാലയും സ്വന്തമായുണ്ടായിരുന്നു ഭാട്ടിയ കുടുംബത്തിന്. നാരായണി ദേവി (77), രണ്ട് മക്കൾ ഭാവനേഷ് (50), ലളിത് (45), മരുമക്കൾ സവിത (48), ടീന (42), നാരായണിയുടെ മകൾ പ്രതിഭ ഭാട്ടിയ (57), കൊച്ചുമകൾ പ്രിയങ്ക (33) (പ്രതിഭയുടെ മകൾ), നിധി (25) (ഭാവനേഷിന്‍റെ മൂത്ത മകൾ), മേനക (23) (ഭാവനേഷിന്‍റെ ഇളയ മകൾ ), ധ്രുവ് (15) (ഭാവാനേഷിന്‍റെ ഇളയ മകൻ) ശിവം (15) (ലളിതിന്‍റെ ഒരേയൊരു മകൻ) എന്നിവരാണ്  ആ കുടുംബത്തിലുണ്ടായിരുന്നത്.

ലളിതിന്‍റെ അച്ഛൻ ഭോപ്പാൽ സിങ് 2007 ൽ വാർധക്യസഹജമായ അസുഖങ്ങളാൽ മരണപ്പെട്ടിരുന്നു. ആ മരണം അയാളെ മാനസികമായി വല്ലാതെ ഉലച്ചു. വല്ലാതെ ഉൾവലിഞ്ഞു ജീവിക്കാൻ തുടങ്ങി അയാൾ. മരങ്ങൾക്കു മുന്നിൽ ചെന്ന് മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുക. മൃഗങ്ങൾക്ക് ഭക്ഷണം വെച്ചുവിളമ്പുക അങ്ങനെയങ്ങനെ തീർത്തും അസ്വാഭാവികമായ രീതിയിലുള്ള പല പെരുമാറ്റങ്ങളും അയാളിൽ നിന്നുണ്ടാകാൻ തുടങ്ങി. 

ഒരു ദിവസം ലളിത്, വീട്ടിൽ എല്ലാവരെയും വിളിച്ചു കൂട്ടി ആ രഹസ്യം വെളിപ്പെടുത്തി. തന്നെ അച്ഛന്‍റെ ആത്മാവ് ആവേശിച്ചിരിക്കുകയാണ്. ജീവിതം എങ്ങനെ അഭിവൃദ്ധിപ്പെടുത്തണം എന്നത് അച്ഛൻ തനിക്ക് പറഞ്ഞുതന്നിട്ടുണ്ടെന്നും അയാൾ വീട്ടുകാരോട് പറഞ്ഞു. അച്ഛന്‍റെ ആത്മാവ് ഇടയ്ക്കിടെ അയാളോട് സമ്പർക്കം പുലർത്തും. അയാൾ അതൊക്കെ അപ്പപ്പോൾ തന്‍റെ ഡയറിയിൽ കുറിച്ച് വെച്ച് വീട്ടുകാരെ അറിയിക്കും. ഈ പ്രക്രിയ 2013 മുതൽ ദുർമരണങ്ങൾ നടന്ന അന്നുവരെ ലളിത് തുടർന്നുപോന്നിരുന്നു. കഴിഞ്ഞ കൊല്ലം ജൂലൈ ഒന്നാം തീയതിയാണ് പതിനൊന്നു പേരുടെയും മൃതദേഹങ്ങൾ ആത്മഹത്യ ചെയ്ത നിലയിൽ ആ വീട്ടിൽ നിന്ന് കണ്ടെടുക്കുന്നത്.

എല്ലാവരും അവരവരുടെ ഡയറികളിൽ ആത്മഹത്യാക്കുറിപ്പുകൾ എഴുതിവെച്ചിരുന്നു. 'മോക്ഷം' കിട്ടാൻ വേണ്ടിയാണ് തങ്ങൾ ഈ പ്രവൃത്തിക്ക് മുതിരുന്നത് എന്നായിരുന്നു എല്ലാവരും കുറിച്ചത്. ഒരു മുറിയുടെ നിലത്ത് നാരായണി ദേവിയുടെ മൃതദേഹം കിടന്നിരുന്നു. തൊട്ടടുത്ത മുറിയിലെ റെയിലിങ്ങിൽ തൂങ്ങിയാടുന്ന നിലയിൽ ഭാവനേഷ്, ലളിത്, സവിത, ടീന, നിധി, മേനക, ധ്രുവ്, ശിവം എന്നിവരുടെ മൃതദേഹങ്ങളും കണ്ടെടുത്തു.

പ്രതിഭയുടെ മൃതദേഹം കണ്ടെടുത്തത് വേറൊരു മുറിയുടെ ജനലിൽ തൂങ്ങി മരിച്ച നിലയിലാണ്. അതേ മുറിയിൽ പ്രതിഭയുടെ മകൾ പ്രിയങ്കയുടെയും മൃതദേഹം കണ്ടെത്തിയത്. ഇപ്പോൾ ഈ വീട് ഇവരുടെ സഹോദരൻ ദിനേശിന്‍റെ ഉടമസ്ഥതയിലാണ്. അദ്ദേഹം ചിത്തോർഗഡിലാണ് താമസം.


വാർത്തകൾ

Sign up for Newslettertop