Published:07 January 2020
ഇക്കഴിഞ്ഞ കാലത്ത് മലയാളത്തിലിറങ്ങിയ സിനിമകളിലൊന്നിന്റെ ടാഗ് ലൈനാണ് ഇത് കാണുമ്പോളോർമ്മ വരുന്നത്. ' മറ്റൊരു മാർഗവുമില്ലാത്തവരുടെ കളി... ' കൊച്ചിയിൽ ഞായറാഴ്ച ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ഹൈദരാബാദ് എഫ്സി യെ തകർത്തു തരിപ്പണമാക്കിയ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹൈ പവർ പ്രകടനം ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെ ചങ്കൂറ്റത്തിന്റെ ബാക്കിപത്രമാണ്. ശേഷിക്കുന്ന എതിരാളികൾക്കെല്ലാം ഒരു മുന്നറിയിപ്പും. ഏതു നിമിഷവും ഒരു സർജിക്കൽ സ്ട്രൈക്ക് നേരിടാൻ തയാറായിക്കൊള്ളുക.
“ഞാനൊരു പോരാളിയാണ്...എന്നും നെഞ്ചു വിരിച്ചു മാത്രം നടക്കാൻ ഇഷ്ടപ്പെടുന്നയാൾ.” ഹൈദരാബാദിനെതിരായ മത്സരത്തിനു മുമ്പ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷട്ടോരി എനിക്കയച്ച വാട്ട്സ് അപ്പ് സന്ദേശം. എന്താണ് എൽകോയുടെ മനസ്സിലെന്ന് അപ്പോഴേ ഉറപ്പിച്ചു. ഓൾ ഔട്ട് ആക്രമണം. ജയമല്ലാതെ മറ്റു വഴികളൊന്നും മുന്നിലില്ലാത്ത കോച്ചിന് കിക്കോഫ് മുതൽ അറ്റാക്കിംഗ് ഫുട്ബോൾ കളിക്കുകയല്ലാതെ വേറെ മാർഗങ്ങളില്ലായിരുന്നു. വാസ്തവത്തിൽ ഈ അള മുട്ടിയ കളി കളിച്ചതിനാലാണ് ഞായറാഴ്ച അഞ്ചു ഗോളിന്റെ തിളക്കമുള്ളൊരു ജയം അദ്ദേഹത്തിന്റെ കൂടെപ്പോന്നത്. 4-4-2 ഫോർമേഷനിൽ ഓഗ്ബെച്ചെ-മെസി ബോളി സഖ്യത്തെ മുന്നേറ്റത്തിൽ വിന്യസിച്ച് ജയിക്കാൻ വേണ്ടി മാത്രമുള്ള ടീം സെറ്റപ്പായിരുന്നു ഇന്നലെ.
പൂർണ മാച്ച് ഫിറ്റല്ലാതിരുന്നിട്ടും ജിയാനി സുയിവർലൂണിനെ കളിപ്പിക്കാൻ എൽകോ നിർബന്ധിതനായി.
കാരണം രാജു ഗെയ്ക്വാദും പരുക്കേറ്റ് പോയതോടെ പിന്നെ സെൻട്രൽ ഡിഫൻസിൽ വേറെ ആരുമില്ലാത്ത സ്ഥിതി. രാഹുലിന് വീണ്ടും പരിക്ക്.. ബാക്കിയുള്ള രണ്ടു മലയാളി മിഡ്ഫീൽഡർമാരെയും പുറത്തിരുത്തിയാണ് അദ്ദേഹം സ്റ്റാർട്ടിംഗ് ഇലവനെ ഇറക്കിയത്. ഒരേ പ്രദേശത്തുകാരായ ജീക്സണും സെയ്ത്യസെന്നും ഹാളിച്ചരണും തുടക്കം മുതലെ മിഡ്ഫീൽഡിൽ മികച്ച പരസ്പരധാരണ കാട്ടി. ഓഗ്ബെച്ചെക്ക് 33 -ാം മിനുട്ടിൽ 1-1 സമനില ഗോളടിക്കാൻ സുയിവർലൂൺ നൽകിയ ത്രൂ പാസ്സ് തന്നെയായിരുന്നു ഈ മത്സരത്തിന്റെ ഹൈലൈറ്റ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ടേണിംഗ് പോയന്റായി ഈ ത്രൂ പാസ്സ് മാറി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മാരിയറ്റ് ഹോട്ടലിൽ ടീമിന്റെ താമസസ്ഥലത്ത് ഹാളിച്ചരൺ നർസാരിയെ നിരന്തരമായി ബോധവത്കരിച്ച കോച്ചിന്റെ ആഗ്രഹത്തിനൊത്ത പ്രകടനം നടത്താൻ ഒടുവിൽ ഈ 19-ാം നമ്പർ ജേഴ്സിക്കാരനും കഴിഞ്ഞു. ഓൾ ഔട്ട് അറ്റാക്ക് കളിച്ചാൽ ഉണ്ടാവാനിടയുള്ള ഭവിഷ്യത്ത് 14-ാം മിനുട്ടിൽ തന്നെ ഷട്ടോരി അനുഭവിച്ചു. ബോബോ യിലൂടെ എതിരാളികളാണ് ആദ്യം മുന്നിൽ കടന്നത്.
എന്നാൽ ആദ്യ 45 മിനിറ്റ് അവസാനിക്കുമ്പോഴേക്കും പിന്നിൽ നിന്നു കയറിവന്ന് 3-1 ന്റെ ലീഡിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എത്തിയിരുന്നു. വിങ്ങിൽ നിന്നുള്ള കൃത്യമായ ക്രോസുകൾ തന്നെയാണ് ഇതിൽ രണ്ടു ഗോളിനും വഴി വെട്ടിയത്. ഡ്രോബറ്റോവിന് സെയ്ത്യസെൻ ആയിരുന്നു അസിസ്റ്റ് എങ്കിൽ മെസിക്ക് ഹാളിച്ചരണും.ആദ്യപകുതിയുടെ ആദ്യ 30 മിനിറ്റുവരെ മാത്രമാണ് ഹൈദരാബാദ് കളിക്കളത്തിൽ ആധിപത്യം പുലർത്തിയത്. രണ്ടാം പകുതിയിൽ ഒരിക്കൽപ്പോലും തലപൊക്കാൻ കേരള ബ്ലാസ്റ്റേഴ്സ് അവരെ അനുവദിച്ചില്ലെന്നു പറയുന്നതാവും ശരി. 59-ാം മിനിറ്റിൽ സെയ്ത്യസെൻ സിങ്ങിന്റെയും 74-ാം മിനിറ്റിൽ വീണ്ടും ഓഗ്ബെച്ചെയുടെയും ഗോളുകൾ.
ഇനി രണ്ട് ഹോം മാച്ചുകൾ മാത്രം
11 മാച്ചിൽ 11 പോയന്റുമായി ഒമ്പതിൽ നിന്ന് നേരെ ഏഴാം സ്ഥാനത്തേക്ക് കയറിവന്നിരിക്കയാണ് കേരള ബ്ലാസ്റ്റേഴ്സ്. നോർത്തീസ്റ്റ് , ചെന്നൈയിൻ എന്നിവരെയാണ് ഇന്നലെ ഒറ്റ വിജയം കൊണ്ട് കെബിഎഫ്സി പിന്നിലാക്കിയത്. എന്നാൽ, അമിതമായി ആഹ്ലാദിക്കാൻ വരട്ടെ...കാരണം ബ്ലാസ്റ്റേഴ്സിനെക്കാൾ രണ്ടു മത്സരം വീതം കുറച്ചു മാത്രമാണ് ഇവർ ഇരുവരും ഇതുവരെ കളിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഏഴാം ഹോം മാച്ചാണ് സമാപിച്ചത്. ഇനി രണ്ടു ഹോം മത്സരങ്ങൾ മാത്രമാണ് ബാക്കി. അഞ്ച് എവേ മത്സരങ്ങൾ കളിക്കാനുണ്ടു താനും.
അതിൽ കോൽക്കത്ത , ഗോവ എന്നിവർക്കെതിരെയാണ് രണ്ട് എവേ മത്സരങ്ങൾ. ബാക്കിയുള്ള രണ്ടു ഹോം മാച്ചിൽ ഒരെണ്ണം ബെംഗളുരുവിനെതിരെയും മറ്റൊന്ന് ചെന്നൈയിനെതിരെയും.സമ്മർദത്തിന് ലവലേശം അടിപ്പെടാതെ അനായാസം അറ്റാക്കിംഗ് ഫുട്ബോൾ കളിക്കാനാവുകയും പരുക്ക് ഇനി കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാതെയുമിരുന്നാൽ ശേഷിക്കുന്ന ഏഴിൽ നാലെണ്ണമെങ്കിലും ജയിക്കാൻ സാധിക്കാവുന്നതേയുള്ളൂ ബ്ലാസ്റ്റേഴ്സിന്.
25 പോയന്റു വരെ ടീമിനെയെത്തിക്കാൻ ഷട്ടോരിക്ക് കഴിഞ്ഞാൽ വെറും മാനം കാക്കുന്ന തിരിച്ചുവരവ് എന്നതിലുപരി അത്ഭുതങ്ങൾ കാട്ടാൻ പോന്ന റിസൾട്ടുകളായി സീസണിന്റെ രണ്ടാം പാദത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങൾ മാറിയേക്കാം. പക്കാ ഗോൾ സ്കോറർമാരായ രണ്ടു സ്ട്രൈക്കർമാരെയും അവശ്യം സ്കോറിംഗ് മികവുള്ള രണ്ടു മിഡ്ഫീൽഡർമാരെയും വെച്ച് ഷട്ടോരിയുടെ കൂടുതൽ മികച്ച മത്സരങ്ങൾക്കായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരിക്കുന്നു. അടുത്ത ഞായറാഴ്ച കോൽക്കത്തയിലെ എവേ മാച്ചിൽ അറിയാം ഈ തീക്കളിയുടെ യഥാർഥ ഫലം.