09
July 2020 - 11:05 pm IST

Download Our Mobile App

Flash News
Archives

Tradition

thiruvathira-kerala

തിരുവാതിര വ്രതം അനുഷ്ഠിക്കേണ്ടത് ഇങ്ങനെ...

Published:09 January 2020

വ്യാഴാഴ്ച വൈകിട്ട് 3.30 ന് ആരംഭിക്കുന്ന തിരുവാതിര നാൾ പിറ്റേന്ന് പകൽ 2.50 ന് അവസാനിക്കുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് ആർദ്രാദർശനം. 

ധനു മാസത്തിലെ തിരുവാതിര സ്ത്രീകൾക്ക് ഏറെ വിശേഷപ്പെട്ട ദിവസമാണ്. മംഗല്യഭാഗ്യത്തിനും നല്ല ഭർത്താവിനെ കിട്ടാനും ഭർത്താവിന്‍റെ ദീർഘായുസിനുമൊക്കെയായി സ്ത്രീകൾ വ്രതം അനുഷ്ഠിക്കുന്നത് ഈ ദിവസമാണ്. പരമശിവന്‍റെ ജന്മനക്ഷത്രമാണ് തിരുവാതിര. പാർവതീ പരമേശ്വരൻമാരുടെ അനുഗ്രഹത്തിനാണ് തിരുവാതിരനാളിൽ വ്രതം എടുക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് 3.30 ന് ആരംഭിക്കുന്ന തിരുവാതിര നാൾ പിറ്റേന്ന് പകൽ 2.50 ന് അവസാനിക്കുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് ആർദ്രാദർശനം. 

മകയിരം, തിരുവാതിര എന്നീ രണ്ടു ദിവസങ്ങളിലും വ്രതമനുഷ്ഠിക്കുന്നത് ഉത്തമമാണ്. മകയിരത്തിന്‍റെ അന്ന് വ്രതമെടുക്കുന്നത് മക്കളുടെ അഭിവൃദ്ധിക്കും ആയുരാരോഗ്യത്തിനും വേണ്ടിയാണ്. മകയിരം നോയമ്പും ഒരിക്കലോടെയാണ് അനുഷ്ഠിക്കേണ്ടത്. മകയിരദിനത്തിൽ  എട്ടങ്ങാടി ചുട്ട് നിവേദിക്കണമെന്നാണ് പറയുന്നത്.

കാച്ചിൽ, ചേന, കൂർക്ക, നനകിഴങ്ങ്, ചെറുകിഴങ്ങ്, ചെറു ചേമ്പ്, വലിയ ചേമ്പ്, മധുരക്കിഴങ്ങ് എന്നീ എട്ട് കിഴങ്ങുകൾ ചുട്ടെടുത്ത് ശർക്കരപാവു കാച്ചി, നാളികേരവും, പഴവും, വൻപയർ വേവിച്ചത്, കരിമ്പും മറ്റും  ചേർത്താണ് ഈ വിഭവം തയാറാക്കുന്നത്.

തിരുവാതിരദിനത്തിൽ പുലർച്ചെ ശരീരശുദ്ധി വരുത്തി നിലവിളക്ക് കൊളുത്തി പ്രാർഥിക്കുക. ഗായത്രി മന്ത്രം ചൊല്ലുന്നത് നല്ലതാണ്. അന്നേദിവസം അരിയാഹാരം ഒഴിവാക്കി തിരുവാതിരപ്പുഴുക്ക്, കൂവ കുറുക്കിയത്, ഗോതമ്പ്, പഴങ്ങൾ, കരിക്കിൻ വെളളം എന്നിവയാണ് കഴിക്കേണ്ടത്. തിരുവാതിരനാൾ കഴിയുന്നതുവരെ ഉറക്കമിളക്കണം.

തിരുവാതിര രാത്രിയിലാണ് പാതിരാപ്പൂചൂടൽ. സ്ത്രീകൾ ഒത്തു കൂടി തിരുവാതിര കളിച്ചതിനു ശേഷം പാതിരാപ്പൂചൂടൽ ചടങ്ങുകള്‍ ആരംഭിക്കും. ചടങ്ങിൽ ആദ്യം ദശപുഷ്പങ്ങൾ ഭഗവാനു സമർപ്പിക്കാൻ യാത്ര തിരിക്കുന്നു. ദശപുഷ്പം ചൂടി, അഷ്ടമംഗല്യം, ആർപ്പും കുരവയും പാട്ടുമൊക്കെയായിട്ടാണ് പതിരാപ്പൂവ് തേടിപ്പോകുന്നത്. വരുമ്പോൾ സന്തോഷസൂചകമായി വഞ്ചിപ്പാട്ടാണ് പാടുന്നത്. തിരികെയെത്തി എല്ലാവരു പാതിരാപ്പൂവ് ചൂടി, ഇളനീർ കുടിച്ച്, വെറ്റിലമുറുക്കി പിന്നെ മംഗളം പാടി പിരിയും.

ശേഷം കുളികഴിഞ്ഞ് വീണ്ടും ക്ഷേത്രത്തിൽ അതിപുലർച്ചെയുള്ള ആർദ്രാദർശനത്തിന് എത്തണം. വെള്ളിയാഴ്ച അതിപുലർച്ചെ നാല് മണി മുതൽ ആർദ്രാദർശനത്തിനായി ശിവക്ഷേത്രങ്ങൾ തുറക്കും. ധനുമാസ തിരുവാതിരയിലെ ഏറ്റവും മഹത്തായ പുണ്യദർശനമാണ്  ഈ ആർദ്രാദർശനം.

ദര്‍ശനം കഴിയുന്നതോടെ ധനുമാസ തിരുവാതിര വ്രതം അവസാനിക്കും. പിന്നീട് വീട്ടിലെത്തി തിരുവാതിര നക്ഷത്രം അവസാനിക്കുന്നതുവരെയുള്ള സമയം അതായത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.50 വരെ ഉറങ്ങാതെ ശിവഭജനം നടത്തണം. ശേഷം ഭക്ഷണം കഴിക്കുകയും സന്ധ്യാവന്ദനം നടത്തിയ ശേഷം വ്രതമനുഷ്ഠിച്ചവര്‍ക്ക് ഉറങ്ങാവുന്നതുമാണ്.


വാർത്തകൾ

Sign up for Newsletter



top