09
August 2020 - 5:18 pm IST

Download Our Mobile App

National

bhim-army

പ്രതിഷേധിക്കുക എന്നത് മൗലികാവകാശം, ചന്ദ്രശേഖർ പ്രതിഷേധിച്ചത് പാക്കിസ്ഥാനിലല്ല; കോടതി

Published:14 January 2020

ജുമ മസ്ജിദിൽ പ്രതിഷേധിച്ചതിൽ എന്താണ് തെറ്റ് ? ജുമാ മസ്ജിദ് പാക്കിസ്ഥാനിലാണോ അവിടെ പ്രതിഷേധിക്കാതിരിക്കാൻ ?

ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരായ ജുമാ മസ്ജിദിലെ പ്രതിഷേധങ്ങളിൽ ഡൽഹി പൊലീസ് നടപടിയെ വിമർശിച്ച് ഡൽഹി തീസ് ഹസാരി കോടതി. പ്രതിഷേധവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖർ ആസാദിന്‍റെ ജാമ്യ ഹർജി പരിഗണിക്കവെ പ്രതിഷേധത്തെ പൊലീസ് കൈകാര്യം ചെയ്ത രീതിയെ അതിരൂക്ഷമായി കോടതി വിമർശിച്ചു. ജാമ്യ ഹർജിയിൽ നാളെ വാദം തുടരും.

പ്രതിഷേധിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് കോടതി പറഞ്ഞു. പ്രതിഷേധങ്ങൾക്കിടെ അറസ്റ്റിലായ ആസാദ് കഴിഞ്ഞ മാസം 21 മുതൽ ജയിലിലാണ്. ജുമ മസ്ജിദിൽ പ്രതിഷേധിച്ചതിൽ എന്താണ് തെറ്റ് ? ജുമാ മസ്ജിദ് പാക്കിസ്ഥാനിലാണോ അവിടെ പ്രതിഷേധിക്കാതിരിക്കാൻ ? ഡൽഹി പൊലീസ് സംസാരിക്കുന്നത് കേട്ടാൽ തോന്നും ജുമാ മസ്ജിദ് പാക്കിസ്ഥാനിലാണ് എന്ന് കോടതി പറഞ്ഞു.

ധർണകളിലും പ്രതിഷേധങ്ങളിലും എന്താണ് തെറ്റെന്നും തീസ് ഹസാരി സെഷൻസ് കോടതി ജഡ്ജി കാമിനി ലാവു പബ്ലിക് പ്രോസിക്യൂട്ടറോട് ചോദിച്ചു. പ്രതിഷേധിക്കുക എന്നത് ഒരാളുടെ ഭരണഘടനാപരമായ അവകാശമാണെന്നും അവർ കൂട്ടിച്ചേർത്തു. നിരോധനാജ്ഞ ലംഘിച്ചുള്ള പ്രതിഷേധമായിരുന്നുവെന്ന് പറഞ്ഞപ്പോൾ 144-ാം വകുപ്പ് ദുരുപയോഗപ്പെടുത്താനുള്ളതല്ലെന്നായിരുന്നു കോടതിയുടെ മറുപടി.

പ്രതിഷേധത്തിനു മുൻകൂർ അനുമതി വാങ്ങണമെന്നു പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടിയതിനെയും കോടതി വിമർശിച്ചു. നിരോധനാജ്ഞ പൊലീസ് തെറ്റായി പ്രയോഗിക്കുന്നത് പലതവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്നു കോടതി ഓർമിപ്പിച്ചു. ഞാൻ നിരവധിയാളുകളെ കണ്ടിട്ടുണ്ട്. വിവിധ പ്രതിഷേധങ്ങളും, എന്തിന് പാർലമെന്‍റിന് പുറത്തുവരെ പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്.

അവരിൽ ചിലർ ഇന്ന് മുതിർന്ന നേതാക്കളും മുഖ്യമന്ത്രിമാരുമാണെന്ന് കോടതി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ ചന്ദ്രശേഖർ നടത്തിയ ആഹ്വാനത്തെക്കുറിച്ച് പ്രോസിക്യൂട്ടർ പറഞ്ഞപ്പോൾ, അതിൽ എന്താണ് തെറ്റെന്നു കോടതി ചോദിച്ചു. മതസ്ഥാപനങ്ങളുടെ പരിസരത്തു പ്രതിഷേധിക്കുന്നത് വിലക്കുന്ന ഏതു നിയമമാണുള്ളതെന്നു ചോദിച്ച കോടതി പ്രോസിക്യൂട്ടർ ഭരണഘടന ഒന്നെടുത്തു വായിക്കണമെന്നും പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top