23
February 2020 - 10:00 am IST

Download Our Mobile App

Flash News
Archives

Mollywood

mohanlal

പ്രതീക്ഷ തെറ്റിക്കാതെ ബിഗ് ബ്രദർ; റിവ്യൂ

Published:16 January 2020

# പീറ്റർ ജെയിംസ്

തന്‍റെ ജീവനേക്കാള്‍ കുടുംബത്തെയും, തന്‍റെ കൂട്ടുകാരേയും സ്‌നേഹിക്കുന്ന ഒരു ഏട്ടനെ, അല്ലെങ്കില്‍ ഒരു സുഹൃത്തിനെ കാണണമെങ്കില്‍ നമുക്ക് ബിഗ് ബ്രദറിന് ടിക്കറ്റെടുക്കാം.

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകന്‍ സിദ്ദിഖും കംപ്ലീക്റ്റ് ആക്റ്റര്‍ മോഹൻലാലും ഒരുമിച്ചെത്തിയിരിക്കുകയാണ് ബിഗ് ബ്രദറിലൂടെ. ഹ്യൂമറിനും, ആക്ഷനും, സെന്‍റിമെന്‍സിനും തുല്യ പ്രാധാന്യം നല്‍കി സിദ്ദിഖ് തന്‍റെ പഴയ ട്രാക്കില്‍ തന്നെയാണ് ഈ സിനിമയും ഒരുക്കിയിരിക്കുന്നത്.

രണ്ടാനമ്മയെ ഉപദ്രവിക്കാന്‍ എത്തിയ അവരുടെ ആദ്യ ഭര്‍ത്താവിനേയും, ജുവനൈല്‍ ഹോമില്‍ തന്‍റെ സുഹൃത്തുക്കളെ ഉപദ്രവിച്ച പൊലീസ് ഓഫിസറേയും കൊന്ന കുറ്റത്തിന് ഇരട്ട ജീവപര്യന്തം കഴിഞ്ഞ് പുറത്തിറങ്ങിയ സച്ചിദാനന്ദന്‍ ആയാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ബാംഗ്ലൂര്‍ അടക്കിവാഴുന്ന ഡ്രഗ് മാഫിയ തന്‍റെ അനുജന്മാരെ ലക്ഷ്യമിടുന്നതും ഇവര്‍ക്ക് രക്ഷകനായി സച്ചിദാനന്ദന്‍ എത്തുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം.

കഥയിലെ ഉള്ളടക്കവും, ചിത്രം പറഞ്ഞ വഴിയും നമുക്ക് എവിടെയൊക്കെയോ കണ്ട് മറന്നതുപോലെ തോന്നിയേക്കാം. എന്നാല്‍ മെയ്ക്കിങ്ങിലൂടെ സിദ്ദിഖ് എന്ന സംവിധായകന്‍ ഈ പോരായ്മകളെ മറികടന്നു എന്ന് തന്നെ കരുതാം. 24 വര്‍ഷത്തിന് ശേഷം ജയില്‍ വിട്ട് പുറത്തിറങ്ങുന്ന സച്ചിദാനന്ദന്‍ മോഹൻലാലിന്‍റെ കൈകളില്‍ ഭദ്രമായിരുന്നു.

ഇരുട്ടത്ത് പോലും നന്നായി കാണാന്‍ കഴിയുന്ന സച്ചിയുടെ ഇരുട്ടടിയും പൊടിയടിയും ഉള്‍പ്പെടെയുള്ള ഫൈറ്റുകള്‍ ഗംഭീരമാക്കിയിട്ടുണ്ട്. ചിത്രത്തില്‍ നായികമാരായി എത്തിയ മിർണ മേനോൻ, ഹണി റോസ്, ഗാഥ തുടങ്ങിയവര്‍ക്ക് വളരെ കുറച്ച് സീനുകൾ മാത്രമാണുള്ളത്. എന്നാല്‍ ഈ സീനുകള്‍ ഇവര്‍ മനോഹരമാക്കി. അനൂപ് മേനോനും, സര്‍ജാനോ ഖാലിദുമാണ് സച്ചിദാനന്ദന്‍റെ വിഷ്ണു, മനു തുടങ്ങിയ സഹോദരന്മാരായി അഭിനയിച്ചിരിക്കുന്നത്.

ഒപ്പം ലാലേട്ടന്‍റെ കൂട്ടുകാരായി എത്തുന്ന വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, ഇര്‍ഷാദ് എന്നിവരിലൂടെ കോമഡി ട്രാക്ക് സിദ്ദിഖ് കൃത്യമായി ഉപയോഗിച്ചിട്ടുമുണ്ട്. വേദാന്തം ഐപിഎസ് ആയി എത്തുന്ന ബോളിവുഡ് നടന്‍ അര്‍ബാസ് ഖാനും മലയാളത്തിലെ തന്‍റെ അരങ്ങേറ്റം ഗംഭീരമാക്കി. ദീപക് ദേവിന്‍റെ ബാക് ഗ്രൗണ്ട് സ്‌കോറാണ് ചിത്രത്തെ ഊര്‍ജ്‌സ്വലമായി അവസാനം വരെ പിടിച്ചുനിര്‍ത്തുന്നത്.

സുപ്രീം സുന്ദറും സ്റ്റണ്ട് സിൽവയും ചേർന്നാണ് സംഘട്ടന രംഗങ്ങൾ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ഷാമാൻ ഇന്‍റർനാഷണലിന്‍റെ ബാനറിൽ സിദ്ദിഖ്, ഷാജി ന്യൂയോർക്ക്, മനു ന്യൂയോർക്ക്, ജെൻസോ ജോസ്, വൈശാഖ് രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എസ് ടാക്കീസ് റിലീസാണ് ചിത്രം തിയെറ്ററുകളിലെത്തിച്ചത്.

തന്‍റെ ജീവനേക്കാള്‍ കുടുംബത്തെയും, തന്‍റെ കൂട്ടുകാരേയും സ്‌നേഹിക്കുന്ന ഒരു ഏട്ടനെ, അല്ലെങ്കില്‍ ഒരു സുഹൃത്തിനെ കാണണമെങ്കില്‍ നമുക്ക് ബിഗ് ബ്രദറിന് ടിക്കറ്റെടുക്കാം.


വാർത്തകൾ

Sign up for Newsletter



top