07
July 2020 - 5:07 pm IST

Download Our Mobile App

Flash News
Archives

Special

tom-jerry

ടോമും ജെറിയും ചിരിപ്പിച്ചു തുടങ്ങിയിട്ട് ഇന്നേക്ക് 80 വർഷം...

Published:09 February 2020

1940 ൽ പുറത്തുവന്ന പുസ് ഗെറ്റ്സ് ദി ബൂട്ട് എന്ന കാർട്ടൂൺ ചിത്രത്തിൽ ടോമിന്‍റെ പേര് ജാസ്പർ എന്നായിരുന്നു. എലിക്കാകട്ടെ പേരേ ഉണ്ടായിരുന്നില്ല.

പുതിയ കാർട്ടൂൺ കഥാപാത്രങ്ങളും അനിമേഷനുകളും എത്രയൊക്കെ വന്നാലും അന്നും ഇന്നും ഇനിയെന്നും കാർട്ടൂൺ രംഗത്തെ എവർഗ്രീൻ സൂപ്പർ സ്റ്റാറുകൾ ടോമും ജെറിയും തന്നെയായിരിക്കുമെന്നതിന് ആർക്കും ഒരു സംശയവുമുണ്ടാകില്ല. കഴിഞ്ഞ 80 വർഷമായി ടോമും ജെറിയും ചേർന്ന് ലോകമെമ്പാടുമുള്ള ജനങ്ങളെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ടിരിക്കുകയാണ്... കുട്ടികൾ മുതൽ‌ പ്രായമായവർ വരെ ടോമിന്‍റെയും ജെറിയുടെയും ആരാധകരാണ്.

ഇരുവരുടെയും കളികൾ കണ്ട് ലോകംമുഴുവൻ ആർത്തലച്ചു ചിരിക്കുന്നുവെന്നത് അത്ര നിസാരകാര്യമല്ല. ടോം എന്ന പൂച്ചയുടേയും ടോമിനെ വട്ടുകളിപ്പിക്കുന്ന ജെറി എന്ന സൂത്രശാലിയായ എലിയുടേയും രസകരമായ മുഹൂർത്തങ്ങളാണ് ടോം ആൻഡ് ജെറിയുടെ എക്കാലത്തേയും തീം. എലിയെ പിടിക്കാനുള്ള പൂച്ചയുടെ പെടാപ്പാടും പൂച്ചയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടോടാനുള്ള എലിയുടെ തത്രപ്പാടുമാണ് കഴിഞ്ഞ 80 വർഷമായി നമ്മെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ടോം ആൻഡ് ജെറിയുടെ കഥ.

ഇത്ര വർഷമായിട്ടും ജെറിയെ തോൽപ്പിക്കാൻ ഇതുവരെ ടോമിനായിട്ടില്ല. എന്തെങ്കിലുമൊക്കെ സൂത്രം ഉപയോഗിച്ച് ജെറി ടോമിന്‍റെ കൈയിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടും. അതാണ് ജെറിയുടെ മിടുക്ക്. വലിയ കേമനാണെങ്കിലും ടോമിന് ജെറിയ പിടികൂടാൻ പറ്റിയിട്ടില്ല. അഥവാ കൈയിൽ പെട്ടാലും നിമിഷങ്ങൾക്കകം ജെറി ടോമിന്‍റെ കൈയിൽ നിന്നും പുറത്തുചാടും. 

ടോമും ജെറിയും പിറന്നത് ഇങ്ങനെ...

ടോമും ജെറിയും സൃഷ്‌ടിക്കപ്പെടുന്നതു തന്നെ രസകരമായ ഒരു പശ്ചാത്തലത്തിലാണ്. 1930കളുടെ അവസാനകാലത്താണ് ടോമിന്‍റെയും ജെറിയുടെയും ജനനത്തിന് ഇടയാക്കിയ സംഭവങ്ങൾ നടക്കുന്നത്. അമെരിക്കയിലെ പ്രശസ്തമായ കാർട്ടൂൺ നെറ്റ്‌വർക്ക് സ്റ്റുഡിയോ ആയിരുന്നു എംജിഎം എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന മെട്രോ ഗോൾഡ്വിൻ മെയർ. അക്കാലത്ത് ഇവർ പുറത്തിറക്കിയ ഒട്ടുമിക്ക കാർട്ടൂൺ ചിത്രങ്ങളും ബോക്സോഫീസിൽ പരാജയമായിരുന്നു.

തുടർച്ചയായ പരാജയങ്ങൾ എംജിഎം ഏറ്റുവാങ്ങിക്കൊണ്ടിരുന്ന കാലത്താണ് സ്റ്റുഡിയോവിലേക്ക്  ജോസഫ് ബാർബറ എന്നയാൾ കടന്നുവരുന്നത്. സ്റ്റുഡിയോവിൽ ജോലി ചെയ്തിരുന്ന വില്യം ഹന്നയുമായി ബാർബറ പരിചയപ്പെട്ടു. എന്നാൽ ബാർബറ പറഞ്ഞ എലിയുടേയും പൂച്ചയുടേയും കഥ ഹന്നയ്ക്കും ആദ്യം പിടിച്ചില്ല. എന്താണ് ഇതിലിത്ര കാർട്ടൂൺ സ്കോപ്പ് എന്നായിരുന്നു ഹന്നയും എംജിഎമ്മിലെ മറ്റുള്ളവരും ചിന്തിച്ചത്. എന്നാൽ ബാർബറ തന്‍റെ ആശയം കാർട്ടൂൺ രൂപത്തിലാക്കി വരച്ച് അവതരിപ്പിച്ചപ്പോൾ നേരത്തെ എതിരഭിപ്രായം പറഞ്ഞവരെല്ലാം അഭിപ്രായം മാറ്റി.

ഹന്ന (ഇടത്), ബാർബറ (വലത്)

സംഗതി ക്ലിക്കാകുമെന്ന് എല്ലാവരും തറപ്പിച്ചു പറഞ്ഞു. അത്രയും മനോഹരമായിരുന്നു ബാർബറ അവതരിപ്പിച്ച എലിയും പൂച്ചയും. ഒരു എലിക്ക് പിന്നാലെ പായുന്ന പൂച്ചയുടെ കഥയിൽ എന്തുണ്ട് ചിരിക്കാൻ എന്ന് ചിന്തിച്ചവർക്കുള്ള മറുപടിയായിരുന്നു ബാർബറ വരച്ച ആ കാർട്ടൂണുകൾ. അങ്ങനെ 1940 മുതൽ ടോമും ജെറിയും എംജിഎം സ്റ്റുഡിയോവിലെ ഫ്ലോറുകളിൽ ഓടിനടക്കാൻ തുടങ്ങി. താരങ്ങൾ സ്വന്തം പേരു മാറ്റുന്നത് കാർട്ടൂൺ രംഗത്തുമുണ്ടെന്ന് ടോം ആൻഡ് ജെറി തെളിയിക്കുന്നു. 1940 ൽ പുറത്തുവന്ന പുസ് ഗെറ്റ്സ് ദി ബൂട്ട് എന്ന കാർട്ടൂൺ ചിത്രത്തിൽ ടോമിന്‍റെ പേര് ജാസ്പർ എന്നായിരുന്നു. എലിക്കാകട്ടെ പേരേ ഉണ്ടായിരുന്നില്ല. പേരില്ലാത്ത ആ കുഞ്ഞനെലിയുടെ വികൃതികളും സൂത്രപ്പണികളും തമാശകളും കണ്ട് ലോകമെമ്പാടുമുളളവർ ചിരിച്ചുമണ്ണുകപ്പി.

എംജിഎം സ്റ്റുഡിയോയ്ക്ക് അതോടെ തിരിച്ചുവരവിന് വഴിയൊരുങ്ങി. ഒപ്പം ഈ പൂച്ചയും എലിയും തിയെറ്ററുകളുടെ ഹിറ്റ് ചാർട്ടിലിടം നേടി. തകർച്ചയിൽ പെട്ടുകിടക്കുകയായിരുന്ന എംജിഎം ഇതോടെ ശക്തമായ തിരിച്ചുവരവ് നടത്തി. പൂച്ചയുടേയും എലിയുടേയും രണ്ടാമത്തെ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പായി പിന്നീട്.

1800 ചിത്രങ്ങൾ വരച്ചാണ് ആദ്യത്തെ സിനിമ പുറത്തിറക്കിയത്. അടുത്ത വർഷം 1941ൽ രണ്ടാമത്തെ ചിത്രം തിയെറ്ററുകളിലെത്തി. മിഡ്നൈറ്റ് സ്നാക് എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. ഈ സിനിമയിറങ്ങും മുമ്പ് തങ്ങളുടെ പ്രിയപ്പെട്ട പൂച്ചയ്ക്കും എലിക്കുട്ടിക്കും പേരിടാൻ എംജിഎം സ്റ്റുഡിയോ തീരുമാനിച്ചു. പേരു നിർദ്ദേശിക്കാനായി മത്സരം തന്നെ ഇവർ നടത്തി.

അങ്ങനെയാണ് പൂച്ചയ്ക്ക് ജാസ്പറിന് പകരം ടോമെന്നും പേരില്ലാ കുഞ്ഞെലിക്ക് ജെറിയെന്നും പേരുവീണത്. അതങ്ങനെ ടോം ആൻഡ് ജെറിയായി. ഇതിനിടെ ആദ്യ ചിത്രമായ പുസ് ഗെറ്റ്സ് ദി ബൂട്ടിന്  മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള ഓസ്കർ നോമിനേഷൻ കൂടി കിട്ടിയതോടെ ഈ കഥാപാത്രങ്ങൾ എംജിഎം സ്റ്റുഡിയോയുടെ ഭാഗ്യതാരകങ്ങളായി. രണ്ടാം ചിത്രവും ഹിറ്റായി. പിന്നീടങ്ങോട്ട് ടോം ആൻഡ് ജെറി കൂട്ടുകെട്ട് തകർത്തുവാരി. ചിരിപ്പിച്ചു ചിരിപ്പിച്ച് എല്ലാവരേയും തങ്ങളുടെ ആരാധകരാക്കി മാറ്റി.

പൂച്ചയും എലിയും തമ്മിലുള്ള പരക്കം പാച്ചിൽ എന്ന പ്ലോട്ടിൽ നിന്നുകൊണ്ട് പല കഥകളും ഇക്കാലയളവിൽ പ്രേക്ഷകർക്ക് മുന്നിലെത്തി. പുസ്തകരൂപത്തിലും ടോം ആൻഡ് ജെറി ആസ്വാദകരിലെത്തി. ആവർത്തനവിരസത ഒട്ടുമില്ലാതെ ടോമും ജെറിയും ചാടിമറിഞ്ഞ് പലതും തല്ലിപ്പൊട്ടിച്ച് തകർത്തെറിഞ്ഞ് ലോകമെങ്ങും നിറഞ്ഞാടി. ഒരുപക്ഷെ ചാർലി ചാപ്ലിന് ശേഷം ഇത്രയേറെ സ്വീകാര്യത കിട്ടിയ യൂണിവേഴ്സൽ താരങ്ങൾ വേറെയാരുമുണ്ടാവില്ല.

ഒരിക്കലെങ്കിലും ഒരുതവണയെങ്കിലും ടോമിനെയും ജെറിയേയും കാണാത്തവർ കുറവായിരിക്കും. ടോമും ജെറിയും മാത്രം മതി ചിരിയുടെ വെടിക്കെട്ട് തീർക്കാൻ. കൂട്ടത്തിൽ മറ്റു പല കഥാപാത്രങ്ങൾ കടന്നുവന്നതോടെ സംഗതി വീണ്ടും ക‍യറി ഹിറ്റായി. ടോമിന്‍റെയും ജെറിയുടേയും കൂട്ടുകാരും സഹായികളുമൊക്കെയായി പലരും വന്നു. എംജിഎമ്മിന്‍റെ ബാനറിൽ ബാർബറയും ഹന്നയും 114 ടോം ആൻഡ് ജെറി സിനിമകൾ പുറത്തിറക്കി. 1957ൽ എംജിഎം കാർട്ടൂൺ സ്റ്റുഡിയോ പൂട്ടിയതോടെ ഹന്നയും ബാർബറയും അവിടെനിന്ന് പടിയിറങ്ങി.

ഇരുവരും ചേർന്ന് അവസാനം നിർമിച്ച സിനിമയായ ടോട്ട് വാച്ചേഴ്സ് 1958 ൽ തിയെറ്ററിലെത്തി. ബാർബറ - ഹന്ന ടീം സംവിധാനം ചെയ്ത ഏഴ് ടോം ആൻഡ് ജെറി ചിത്രങ്ങൾ മികച്ച അനിമേറ്റഡ് ചിത്രങ്ങൾക്കുള്ള ഓസ്കർ നേടി. വാൾട്ട് ഡിസ്നിയുടെ കാർട്ടൂൺ സിനിമകൾക്കൊപ്പമാണ് ഈ മത്സരവും നേട്ടവുമെന്നതാണ് പ്രത്യേകത. വാൾട്ട് ഡിസ്നിയുടെ സില്ലി സിംഫണി പരമ്പരയ്ക്കൊപ്പമാണ് ടോമും ജെറിയും ഏഴ് ഓസ്കറുകൾ പങ്കിട്ടത്.

ലോകമെമ്പാടുമുള്ള ജനമനസുകളിൽ തലമുറകളായി ഇടം പിടിക്കുകയെന്നത് ഏത് ഓസ്കാറിനേക്കാളും വലിയ നേട്ടമാണ്. ടോമിനും ജെറിക്കും അതാണ് ഉണ്ടായത്. പല ഭാഷകൾ സംസാരിക്കുന്ന, പല സംസ്കാരങ്ങളിൽ ജീവിക്കുന്ന പലതരത്തിലുള്ളവർ ടോം ആൻഡ് ജെറി കാണുമ്പോൾ ഒരേ മനസോടെ ഒരേ ചിരിയോടെ അതാസ്വദിച്ചു. ടോമിനെയും ജെറിയേയും സൃഷ്‌ടിച്ച ബാർബറയും ഹന്നയും ചേർന്ന് 1957 ൽ ഹന്ന ബാർബറ പ്രൊഡക്ഷൻ കമ്പനി തുടങ്ങി. ഇവർക്കു പുറമെ മറ്റു പലരും ടോം ആൻഡ് ജെറി ചിത്രങ്ങൾ പുറത്തിറക്കി. ആരു പുറത്തിറക്കിയാലും അതെല്ലാം ഹിറ്റാകുന്ന അവസ്‌ഥയാണുണ്ടായിരുന്നത്.

തൊട്ടതെല്ലാം പൊന്നാക്കി മാറ്റി ടോം ജെറിക്കു പിന്നാലെ ലോകം മുഴുവൻ പാഞ്ഞുനടന്നു,  പാഞ്ഞുകൊണ്ടേയിരിക്കുന്നു. ടോം ആൻഡ് ജെറിയെ ജനമനസുകളിലെത്തിച്ച ഹന്ന 2001 ലും ജോസഫ് ബാർബറ 2006ലും ഈ ലോകത്തു നിന്ന് വിടപറഞ്ഞു. ടോമും ജെറിയും എന്നും അടിപിടികൂടാറില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇടയ്ക്ക് ഇവർ തമ്മിൽ കാണിക്കുന്ന പരസ്പര സ്നേഹത്തിന് പോലും തമാശയുടെ ടച്ചുണ്ട്.

എത്രയൊക്കെ വഴക്കിട്ടാലും അടികൂടിയാലും ഇവർക്ക് പരസ്പരം ഇഷ്‌ടമുണ്ടെന്നതാണ് യാഥാർഥ്യം. ടോം വളരെ സുഖത്തിലാണ് അടിച്ചുപൊളിച്ചു കഴിയുന്നത്. പക്ഷെ ജെറിയെ കണ്ണിന് മുന്നിൽ കണ്ടാൽ ടോമിന് ഹാലിളകും. പിന്നെ അവനെ പിടികൂടാനുള്ള പരക്കം പാച്ചിൽ തുടങ്ങും. ജെറിയാകട്ടെ മനഃപൂർവം അവസരമുണ്ടാക്കി ടോമിനെ പ്രകോപിപ്പിക്കും. ടോമിന്‍റെ ശത്രുക്കളെല്ലാം ജെറിയുടെ ചങ്ങാതിമാരാണ്. ടോമിനെ വരച്ചവരയിൽ നിർത്താൻ ജെറി ഇടയ്ക്കിടെ ഇവരുടെ സഹായം തേടുന്നത് കാഴ്ചക്കാരെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്. സുന്ദരികളായ പൂച്ചകളെ കണ്ടാൽ അവർക്കു പിന്നാലെ പോകുന്ന നല്ല പഞ്ചാരക്കുട്ടനാണ് ടോം.

ഇതും ടോമിനെ അബദ്ധങ്ങളിൽ കൊണ്ടുചെന്നു ചാടിക്കാറുണ്ട്. ജെറിയെ അടിച്ചുകൊല്ലാൻ ടോം നടത്തുന്ന ശ്രമങ്ങളെല്ലാം ബൂമറാങ് പോലെ തിരിച്ചടിക്കുന്നതും പതിവ് കാഴ്ചകളാണ്. പുതിയ കാർട്ടൂൺ കഥാപാത്രങ്ങൾ പലതും ഇന്ന് ചാനലുകളിലും സോഷ്യൽ മീഡിയയിലുമൊക്കെ ഹിറ്റാകുമ്പോഴും ടോമിനും ജെറിക്കും ജനപ്രീതി കുറയുന്നില്ല. ഇത്രയേറെ ആരാധകരുള്ള ടോമും ജെറിയും ഓരോ ദിവസവും ലക്ഷക്കണക്കിനാളുകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. 80 -ാം വർഷത്തിലേക്ക് ടോമും ജെറിയും ചിരിപ്പിച്ചു ചിരിപ്പിച്ചു കുതിച്ചു പായുകയാണ്.


വാർത്തകൾ

Sign up for Newslettertop