13
July 2020 - 3:52 am IST

Download Our Mobile App

Religious

pongala1

ആറ്റുകാലമ്മയ്ക്ക് പൊങ്കാല... കിഴക്കോട്ട് തൂകിയാൽ ഇഷ്ടകാര്യം നടക്കും; അറിയാം ഇക്കാര്യങ്ങൾ

Published:08 March 2020

പൊങ്കാലയിട്ട് അത് തിളച്ചുമറിഞ്ഞു തൂവുമ്പോഴേ സമര്‍പ്പണം പൂര്‍ണമാവൂ. ഓരോ ദിക്കിലേക്ക് തിളച്ചു തൂവുന്നതിനും ഓരോ ഫലങ്ങള്‍ ലഭിക്കും.

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവീ ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് പൊങ്കാല മഹോത്സവം. പൗർണമിയും പൂരം നാളും ഒന്നിച്ചു വരുന്ന സവിശേഷ ദിനം. ഈ വർഷം മാർച്ച് 9 നാണ് ഭക്തർ ദേവിക്ക് പൊങ്കാല സമർപ്പിക്കുന്നത്. ദേവിക്ക് നേരിട്ട് നിവേദ്യം സമർപ്പിക്കുവാനുള്ള അവസരമാണിത്. തെളിഞ്ഞ മനസോടെ ഭക്തിപൂർവം ദേവിക്ക് പൊങ്കാല അർപ്പിച്ചാൽ സർവൈശ്വര്യങ്ങൾ ഉണ്ടാകമെന്നാണ് വിശ്വാസം. 

പൊങ്കാല ഐതിഹ്യം...

മഹിഷാസുര വധത്തിനുശേഷം ഭക്തരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ആറ്റുകാല്‍ ദേവിയെ സ്ത്രീകള്‍ പൊങ്കാല നൈവേദ്യം നല്‍കി സ്വീകരിച്ചുവെന്നാണ് ഐതിഹ്യം. മധുരാ നഗരത്തെ ചുട്ടെരിച്ച കണ്ണകിയെ സമാധാനിപ്പിക്കാനായി സ്ത്രീകള്‍ അര്‍പ്പിക്കുന്ന നൈവേദ്യമാണ് പൊങ്കാല എന്ന കഥയും പ്രശസ്തമാണ്. 

വ്രതം നോക്കുന്നത്...

സ്ത്രീകള്‍ കാപ്പുകെട്ടു മുതല്‍ ഒമ്പത് ദിവസം വ്രതമെടുത്തു വേണം പൊങ്കാല ഇടാന്‍. അരിഭക്ഷണം ഒരു നേരം മാത്രമേ പാടുള്ളൂ. മറ്റു നേരങ്ങളില്‍ വിശന്നാല്‍ പഴങ്ങള്‍ കഴിക്കാം. മത്സ്യം, മാംസം, ലഹരി പദാര്‍ഥങ്ങള്‍ എന്നിവ പാടില്ല. ബ്രഹ്മചര്യവും ഈ കാലത്ത് പ്രധാനമാണ്. ദേവി സ്‌തോത്രങ്ങള്‍ ജപിക്കുന്നതും കേള്‍ക്കുന്നതും ലളിതാ സഹസ്രനാമം ചൊല്ലുന്നതും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും ഉത്തമമാണ്.

വ്രതമെടുത്ത സ്ത്രീകള്‍ ശുദ്ധമായ ശരീരവും മനസുമായി വേണം പൊങ്കാലയിടാന്‍. വ്രതകാലത്ത് നല്ല വാക്കുകളും പ്രവൃത്തിയും അനുഷ്ഠിക്കണം. പുല, വാലായ്മ എന്നിവയുള്ളവര്‍ പൊങ്കാല ഇടാന്‍ പാടില്ല. പ്രസവിച്ച സ്ത്രീകള്‍ 90 ദിവസം കഴിഞ്ഞേ പൊങ്കാലയിടാവൂ. അല്ലെങ്കില്‍ ചോറൂണു കഴിഞ്ഞും പൊങ്കാലയിടാം. 

പൊങ്കാല...

പുതിയ മണ്‍കലവും പച്ചരിയും ശര്‍ക്കരയും നെയ്യും നാളികേരവും മറ്റുമാണ് പൊങ്കാല ഇടാനായി ഉപയോഗിക്കാറ്. ഇവ പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും അരിയും മറ്റു ശക്തികളായ വായു, ജലം, ആകാശം, അഗ്നി എന്നിവയോടു ചേരുന്നതാണ് പൊങ്കാല നൈവേദ്യം. പൊങ്കാല പായസത്തിനൊപ്പം വെള്ളനിവേദ്യം, തെരളി, മണ്ടപ്പുട്ട് എന്നിവയും തയാറാക്കുന്നു.

പല സിദ്ധിക്കുവേണ്ടിയാണ് വെള്ളനിവേദ്യം തയാറാക്കുന്നത്. സമ്പത്തിനും സമൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനും വേണ്ടിയാണ് വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളിയട. തലയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ മാറാനായി നടത്തുന്ന വഴിപാടാണ് പയറും അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്തു തയാറാക്കുന്ന മണ്ടപ്പുട്ട്. 

പൊങ്കാല തിളച്ചുമറിയുന്നത് ഇങ്ങനെ...

പൊങ്കാലയിട്ട് അത് തിളച്ചുമറിഞ്ഞു തൂവുമ്പോഴേ സമര്‍പ്പണം പൂര്‍ണമാവൂ. ഓരോ ദിക്കിലേക്ക് തിളച്ചു തൂവുന്നതിനും ഓരോ ഫലങ്ങള്‍ ലഭിക്കും. കിഴക്കോട്ടു തൂകിയാല്‍ ആഗ്രഹിച്ചകാര്യം നടക്കുമെന്നും വടക്കോട്ടാണെങ്കില്‍ കാര്യങ്ങള്‍ക്ക് അല്‍പം താമസം വരുമെന്നും പടിഞ്ഞാറേക്കാണെങ്കില്‍ ഉദ്ദിഷ്ട കാര്യം നടക്കാന്‍ വളരെ ബുദ്ധിമുട്ടേണ്ടി വരുമെന്നും തെക്കോട്ടായാല്‍ ദുരിതവും തടസങ്ങളും മാറിയിട്ടില്ലെന്നും അര്‍ഥമാക്കുന്നു.

പൊങ്കാല തിളച്ചുപൊന്തുന്നതുവരെ യാതൊന്നും ഭക്ഷിക്കരുത്. പണ്ടിത് നേദിച്ച ശേഷമാണ് കഴിച്ചിരുന്നത്. ഇന്ന് ഭക്തരുടെ ആരോഗ്യസ്ഥിതിയനുസരിച്ച് നിവേദ്യം തയാറായാല്‍ കരിക്കോ, പാലോ, പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കാം. പൊങ്കാല മറ്റുള്ളവര്‍ക്ക് പ്രസാദമായി നല്‍കണം. അവ എവിടെയും ഉപേക്ഷിക്കരുത്. എന്നാല്‍ ശുദ്ധജല മത്സ്യങ്ങള്‍ക്കോ പക്ഷിമൃഗാദികള്‍ക്കോ ആഹാരമായി നല്‍കാം.

ആറ്റുകാൽ പൊങ്കാല ഗിന്നസ് ബുക്കിൽ...

ലോകത്തിൽ ഏറ്റവുമധികം സ്ത്രീകൾ പങ്കെടുക്കുന്ന ചടങ്ങ് എന്ന പ്രത്യേകത ഉള്ളതിനാൽ ഇത് ഗിന്നസ് ബുക്കിലും ഇടം പിടിച്ചിട്ടുണ്ട്. 2009 മാർച്ച് മാസത്തിൽ നടന്ന പൊങ്കാലയാണ് ഗിന്നസ് ബുക്കിൽ ഇടം നേടിയത്. അന്ന് 25 ലക്ഷം ആളുകളാണ് പൊങ്കാല അർപ്പിക്കാനെത്തിയത്.


വാർത്തകൾ

Sign up for Newslettertop