Published:02 April 2020
കാലങ്ങളോളമായി ശത്രുക്കളായിരുന്ന രണ്ട് രാഷ്ട്രങ്ങള്‍... ദക്ഷിണ കൊറിയയും ഉത്തരകൊറിയയും... കായിക മത്സരങ്ങളില്‍ പോലും ശത്രുരാജ്യത്തെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടു കൊണ്ടാണ് ഇരു രാജ്യങ്ങളിലെയും താരങ്ങളുടെ കായികപരിശീലനം പോലും.
അങ്ങനെ ചിന്തകള്‍ കൊണ്ടു പോലും പോരടിച്ചു നിന്നിരുന്നവരെയെല്ലാം അദ്ഭുതപ്പെടുത്തിക്കൊണ്ട് ഇരുരാജ്യങ്ങളിലെയും ഭരണാധികാരികള്‍ ശത്രുത മറന്ന് ഒന്നാകുന്നു. ഇനി മുതല്‍ ഒപ്പമാണെന്ന സന്ദേശം എല്ലാവരിലേക്കെത്തുന്നതിനായി ഏഷ്യന്‍ ഗെയിംസില്‍ ഒരുമിച്ച് ഒരൊറ്റ ടീമായി മത്സരിക്കുകയെന്നതായിരുന്നു ഭരണാധികാരികള്‍ കണ്ടെത്തിയ എളുപ്പമാര്‍ഗം... ആ രാഷ്ട്രീയ തീരുമാനം ഇരു രാജ്യങ്ങളിലെയും കായികതാരങ്ങളെ കൊണ്ടെത്തിക്കുന്ന സംഘര്‍ഷാവസ്ഥയിലേക്കാണ് ആസ് വണ്‍ എന്ന കൊറിയന്‍ സിനിമ വെളിച്ചം വീശുന്നത്.
1987ലെ കൊറിയന്‍ ഉച്ചകോടിക്കു ശേഷം ലോകത്തെ മുഴുവന്‍ അദ്ഭുതപ്പെടുത്തിക്കൊണ്ട് അരങ്ങേറിയ യഥാര്‍ഥ സംഭവമാണ് സംവിധായകന് ആസ് വണ്‍ എന്ന സിനിമയാക്കി മാറ്റുന്നത്.
1991 ല്‍ നടന്ന WTTC ല്‍ ചരിത്രത്തില്‍ ആദ്യമായി നോര്‍ത്ത് കൊറിയയും സൗത്ത് കൊറിയയും കൂടി ഒരുമിച്ച് ഒരു ടൂം രൂപവത്കരിക്കുകയും ചാംപ്യന്‍ഷിപ്പില്‍ മത്സരിച്ച് ചൈനയെ പരാജയപ്പെടുത്തി സ്വര്‍ണം നേടി. mപരസ്പരം ശത്രുക്കളായി മാത്രം കണ്ടിട്ടുള്ള രണ്ട് ടീമുകള്‍ തമ്മില്‍ ഒരുമിക്കുന്നത് രസകരമായാണ് തിരശീലയിലെത്തുന്നത്.
അച്ചടക്കത്തിലും, സംസാരത്തിലുമടക്കം സകല കാര്യങ്ങളിലും വിപരീത ധ്രുവങ്ങളിലുള്ള ഇരു ടീമുകളും തമ്മിലുള്ള ശത്രുത പതിയെ ഉരുകുന്നു... പക്ഷേ, അവരുടെയൊന്നും മാനസികാവസ്ത കണക്കിലെടുക്കാതെ ഭരണാധികാരികള്‍ വീണ്ടും ശത്രുതയിലേക്കു കൂപ്പു കുത്തും... ഇരു കൊറിയകളും തമ്മിലുള്ള കാലങ്ങള്‍ പഴക്കമുള്ള ശത്രുതയും രമ്യതയ്ക്കുള്ള ശ്രമവുമെല്ലാം ആസ് വണ്ണില്‍ അത്രയേറെ സ്പഷ്ടമാണ്.
ഭാഷ -കൊറിയന്‍, സംവിധാനം- മൂണ്‍ സുങ് ഹ്യുന്‍
സമയദൈര്‍ഘ്യം-127 മിനിറ്റ്