02
June 2020 - 2:23 pm IST

Download Our Mobile App

Flash News
Archives

National

sc

അതിർത്തി പ്രശ്നത്തിൽ കർണാടകയ്ക്ക് തിരിച്ചടി; ഹൈക്കോടതി ഉത്തരവിന് സ്റ്റേ ഇല്ല

Published:03 April 2020

കർണാടക സർക്കാരിന്‍റെ ആവശ്യം അംഗീകരിക്കാതിരുന്ന കോടതി, ഇരുസംസ്ഥാനങ്ങളും രമ്യമായി പ്രശ്നം പരിഹരിക്കണമെന്ന് നിർദേശിച്ചു. ഇതിനായി ഇരുസംസ്ഥാനങ്ങളും പ്രത്യേക സമിതിക്ക് രൂപം നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.

ന്യൂഡൽഹി: കർണാടക അതിർത്തി റോഡുകൾ തുറന്നുകൊടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കർണാടകയുടെ ആവശ്യം സുപ്രീം കോടതി തളളി. കർണാടക സർക്കാരിന്‍റെ ആവശ്യം അംഗീകരിക്കാതിരുന്ന കോടതി, ഇരുസംസ്ഥാനങ്ങളും രമ്യമായി പ്രശ്നം പരിഹരിക്കണമെന്ന് നിർദേശിച്ചു. ഇതിനായി ഇരുസംസ്ഥാനങ്ങളും പ്രത്യേക സമിതിക്ക് രൂപം നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കർണാടക അതിർത്തി അടച്ചതിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപി നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഇരു സംസ്ഥാനങ്ങളും തമ്മിലുളള അതിർത്തി തർക്കം പരിഹരിക്കുന്നതിന് മാർഗരേഖ തയാറാക്കണം. കേന്ദ്ര ആരോഗ്യസെക്രട്ടറി അധ്യക്ഷനായുളള സമിതിക്കാണ് രൂപം നൽകേണ്ടത്. ഇതിൽ ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ അംഗങ്ങളായിരിക്കണം.

സമിതിയുടെ തീരുമാനം കേസ് വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ച അറിയിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്. അത്യാവശ്യ വാഹനങ്ങൾ കടത്തിവിടേണ്ടി വരുമെന്ന് സുപ്രീം കോടതി വാദത്തിനിടെ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് എൽ നാഗേശ്വരറാവുവിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിഡിയോ കോൺഫറൻസിലൂടെ ഹർജി പരിഗണിച്ചത്.

അതിർത്തി വഴി അവശ്യസർവീസുകളും ചരക്കു നീക്കവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്മോഹൻ ഉണ്ണിത്താൻ ഹർജി നൽകിയത്. ആംബുലൻസുകൾ ഉൾപ്പടെ അത്യാവശ്യ വാഹനങ്ങൾ പോലും അതിർത്തി കടന്നുപോകാൻ കർണാടക അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് രാജ്മോഹൻ ഉണ്ണിത്താൻ സുപ്രീം കോടതിയെ സമീപിച്ചത്.


വാർത്തകൾ

Sign up for Newsletter



top