03
June 2020 - 9:43 pm IST

Download Our Mobile App

Sex

covid-19-sex

കൊറോണക്കാലവും  ലൈംഗികതയും

Published:18 April 2020

സാധാരണ കാലത്ത് തന്നെ ലൈംഗികത പൊതുരംഗത്ത് പോയിട്ട് പങ്കാളിയോട് പോലും തുറന്നു സംസാരിക്കാന്‍ മടിയുള്ളവരാണ് മലയാളികള്‍. ഇതിപ്പോള്‍ കൊറോണപ്പേടിയില്‍ ഇരിക്കുന്ന മലയാളികളുടെ മുന്നിലേക്ക് ലൈംഗികതയുമായി ചെന്നാല്‍ അത് അനാവശ്യ വിവാദം ഉണ്ടാക്കിയേക്കാമെന്നും, ഉപയോഗപ്രദമായ മറ്റു ലേഖനങ്ങള്‍ എഴുതുന്നതിന്റെ മൂഡ് മാറ്റിയേക്കാമെന്നും തോന്നിയതിനാല്‍ എഴുതിയില്ല.

കൊറോണക്കാലം തുടങ്ങിയ ഉടനെതന്നെ എന്റെ ഒരു സുഹൃത്ത് എനിക്ക് ഒരു വാട്‌സ് ആപ്പ് ട്രോള്‍ ഫോര്‍വേഡ് ചെയ്തുതന്നു.  ഒരു വനിതാ പ്രസദ്ധീകരണത്തിന്റെ  ഓഫീസിലെ ചര്‍ച്ചയാണ് വിഷയം.

 സബ് എഡിറ്റര്‍ എഡിറ്ററോട് ചോദിക്കുന്നു, 'ബോസ്, വരുന്ന ലക്കത്തിലെ കവര്‍ സ്റ്റോറി എന്താണ് ? 'സംശയമെന്ത്, കൊറോണക്കാലത്തെ ലൈംഗികത !' 

സത്യം പറഞ്ഞാല്‍ ഈ ട്രോളില്‍ അല്പം സത്യമുണ്ട്. ഒരു മാസികയില്‍ ഞങ്ങള്‍ ലൈംഗികതയെക്കുറിച്ച് സീരീസ് എഴുതുന്നതിനാല്‍ കൊറോണയുടെ തുടക്ക കാലത്ത് തന്നെ ഈ വിഷയത്തില്‍ ഒരു ലേഖനം എഴുതുന്നത് ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. സാധാരണ കാലത്ത് തന്നെ ലൈംഗികത പൊതുരംഗത്ത് പോയിട്ട് പങ്കാളിയോട് പോലും തുറന്നു സംസാരിക്കാന്‍ മടിയുള്ളവരാണ് മലയാളികള്‍. ഇതിപ്പോള്‍ കൊറോണപ്പേടിയില്‍ ഇരിക്കുന്ന മലയാളികളുടെ മുന്നിലേക്ക് ലൈംഗികതയുമായി ചെന്നാല്‍ അത് അനാവശ്യ വിവാദം ഉണ്ടാക്കിയേക്കാമെന്നും, ഉപയോഗപ്രദമായ മറ്റു ലേഖനങ്ങള്‍ എഴുതുന്നതിന്റെ മൂഡ് മാറ്റിയേക്കാമെന്നും തോന്നിയതിനാല്‍ എഴുതിയില്ല.

ഇപ്പോള്‍ കേരളത്തിലെങ്കിലും കൊറോണപ്പേടി തല്‍ക്കാലം ഒന്ന് കുറഞ്ഞതിനാല്‍ ഇനി നമുക്ക് കൊറോണക്കാലത്തെ ലൈംഗികതയെ പറ്റി സംസാരിക്കാം.

    ആറടി ദൂരത്തില്‍ ചാടുന്ന വൈറസ്: വൈറസ് ബാധയുള്ളവരുടെ ആറടി അടുത്ത് എത്തുന്നവര്‍ക്കും, വൈറസ് ബാധിതര്‍ സ്പര്‍ശിച്ച പ്രതലം സ്പര്‍ശിച്ചവര്‍ക്കും, വൈറസ് പകരാന്‍ സാധ്യതയുണ്ടെന്നിരിക്കെ ആറടിയും ചേര്‍ന്ന് കിടക്കുന്ന ലൈംഗിക വേഴ്ചയിലൂടെ രോഗം പകരാനുള്ള സാധ്യത വ്യക്തമാണല്ലോ. കോണ്ടം ഉപയോഗിച്ച് എയ്ഡ്‌സ് സാധ്യത കുറക്കുന്നത് പോലെ മാസ്‌ക് ഉപയോഗിച്ച് പൂര്‍ണ്ണമായും വൈറസിനെ തടഞ്ഞു നിര്‍ത്താനാവില്ല. അതുകൊണ്ടുതന്നെ വൈറസ് പോസിറ്റീവ് ആണെന്ന് അറിയാവുന്നവരും, സംശയത്താല്‍ ക്വാറന്റൈനിലോ ഐസൊലേഷനിലോ ഉള്ളവരും പരസ്പരം ശരീരത്തില്‍ സ്പര്‍ശിച്ചുള്ള ലൈംഗിക ബന്ധങ്ങള്‍ക്ക് പോകാതിരിക്കുന്നതാണ് ബുദ്ധി.

   ചുമ്മാ ടെന്‍ഷന്‍ അടിപ്പിക്കാതെ !

- തൊഴിലോ ബിസിനസോ ചെയ്യുന്നവര്‍ക്ക് അതിന്റെ ഭാവി, ലോക്ക് ഡൌണില്‍ ആവശ്യത്തിന് ഭക്ഷ്യവസ്തുക്കള്‍ കിട്ടുമോ എന്ന ടെന്‍ഷന്‍, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി കൊറോണക്കാലം മാനസിക സമ്മര്‍ദ്ദങ്ങളുടെയും കാലമാണ്. രോഗം വരുമോ എന്ന ടെന്‍ഷന്‍ എല്ലാവര്‍ക്കും ഉണ്ടാകും. സാധാരണ നിലയില്‍ എല്ലാവര്‍ക്കും കുറച്ചു സമയമെങ്കിലും വീട്ടില്‍ നിന്നും മാറിനില്‍ക്കാനുള്ള അവസരമോ, മറ്റുള്ളവര്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കുന്ന അവസരമോ കിട്ടും. ആ അവസരം പക്ഷെ ലോക്ക് ഡൗണില്‍ കിട്ടുന്നില്ല. അതുണ്ടാക്കുന്ന ടെന്‍ഷനും കൂടി ചേരുന്‌പോള്‍ ലൈംഗികത ആയിരിക്കില്ല പലരുടേയും മുന്‍ഗണനയിലുള്ളത്. അത്തരം പങ്കാളികളെ ലൈംഗികതയും പറഞ്ഞു ചെന്ന് കൂടുതല്‍ വിഷമിപ്പിക്കരുത്.

3. ചുമ്മാ ടെന്‍ഷന്‍ അടിക്കേണ്ട ഒരു കാര്യവുമില്ല. ഏറ്റവും വലിയ സ്ട്രെസ് ബസ്റ്റര്‍ ആണ് സെക്‌സ് എന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇവിടെ അനവധി സാദ്ധ്യതകള്‍ ഉണ്ട്. സ്വയംഭോഗത്തില്‍ നിന്നു തുടങ്ങാം. സ്വയംഭോഗത്തിന്റെ ഏറ്റവും വലിയ ഗുണം അത് രോഗം പരത്തുന്നുമില്ല, മറ്റാരുടെയും മൂഡിനെ ആശ്രയിച്ചിരിക്കുന്നുമില്ല എന്നതാണ്. നമ്മുടെ സന്തോഷത്തിന്റെ താക്കോല്‍ നമ്മുടെ കൈയില്‍ തന്നെയുണ്ട്. കൈ സോപ്പിട്ട് ഇരുപത് സെക്കന്‍ഡ് കഴുകാന്‍ മറക്കേണ്ട. നമ്മുടെ കാര്യം നമ്മള്‍ തന്നെ നോക്കിയാലേ പറ്റൂ.

4. 'എന്തിന്നധീരത ഇപ്പോള്‍ തുടങ്ങുക എല്ലാം നമ്മള്‍ പഠിക്കേണം' - ക്വാറന്റൈണോ  ഐസൊലേഷനോ മൂലം പങ്കാളി തൊട്ടടുത്തുണ്ടെങ്കിലും നേരിട്ട് ബന്ധപ്പെടാന്‍ പറ്റാതിരിക്കുന്നവര്‍ക്കും, ലോക്ക് ഡൌണ്‍ മൂലം പങ്കാളികള്‍ അടുത്തില്ലാത്തവര്‍ക്കും ഫോണ്‍ സെക്‌സ് പ്രാക്ടീസ് ചെയ്യാന്‍ പറ്റിയ കാലമാണ്. നിങ്ങള്‍ ഇതിന് മുന്‍പ് ചെയ്തിട്ടുണ്ടെങ്കില്‍ അതൊന്ന് കൊഴുപ്പിച്ചെടുക്കാനും ചെയ്തിട്ടില്ലെങ്കില്‍ പഠിച്ചെടുക്കാനും പറ്റിയ സമയമാണ്. ഈ വിഷയം പരിചയമില്ലാത്തവര്‍ക്ക്  പരിചയസന്പന്നരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ പല ബ്രിട്ടീഷ് പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. നമ്മുടെ പത്രങ്ങള്‍ക്ക് ഇതൊക്കെ എഴുതാന്‍ നാണമാണ്, അതുകൊണ്ട് ഇന്റര്‍നെറ്റില്‍ പോയി പരതിയാല്‍ മതി.

5. വീഡിയോ ചാറ്റ് വേണ്ട:  ഫോണ്‍ സെക്‌സില്‍ ഹരം മൂത്തു വരുന്നവരും കൊഴുപ്പിക്കാന്‍ ശ്രമിക്കുന്നവരും ചെയ്യുന്ന അടുത്ത പടിയാണ് വീഡിയോയില്‍ പരസ്പരം കണ്ടുകൊണ്ടും കാണിച്ചു കൊണ്ടുമുള്ള സെക്‌സ്. ലോകം മുഴുവന്‍ നാളെ നിങ്ങളുടെ വീഡിയോ ചാറ്റ് കാണണം എന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലെങ്കില്‍ ആ വഴിക്കു പോകാതിരിക്കുന്നതാണ് നല്ലത്. നഗ്‌ന വീഡിയോകള്‍ പകര്‍ത്തി അയക്കുന്നതും എല്ലാക്കാലത്തും റിസ്‌കി പരിപാടിയാണ്. ഡോണ്ട് ഡു... ഡോണ്ട് ഡു.

6. സെക്‌സ് ടോയ്സ് - യൂറോപ്പില്‍ ഈ ലോക്ക് ഡൌണ്‍ കാലത്ത് സെക്‌സ് ടോയ്‌സിന്റെ വില്‍പ്പനയില്‍ നാല്പത് ശതമാനത്തിലേറെ വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്നാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്തത്.  ലോക്ക് ഡൌണില്‍ കൂടുതല്‍ സമയമുണ്ട്, കുറച്ച് മാനസിക സംഘര്‍ഷവും. അതുകൊണ്ട് അല്പം സന്തോഷത്തിലേക്ക് തിരിഞ്ഞേക്കാം എന്ന് ചിന്തിക്കുന്നതില്‍ ഒരു തെറ്റുമില്ല. ഇന്ത്യയില്‍ പക്ഷെ ഈ വസ്തുക്കളുടെ ലഭ്യത പ്രായോഗികമായും നിയമപരമായും പ്രശ്‌നമായതിനാല്‍ ഈ ഉപദേശം കേട്ട് വിഷമിക്കാം എന്നല്ലാതെ പ്രയോജനമില്ല. പക്ഷെ 'സാധനം കൈയിലുണ്ടെങ്കില്‍' എപ്പോഴും കഴുകി വൃത്തിയാക്കി (20 സെക്കന്‍ഡ് റൂള്‍ മറക്കേണ്ട)  വേണം ഉപയോഗിക്കാന്‍, കൊറോണക്കാലത്ത് പ്രത്യേകിച്ചും.

7. പരീക്ഷണത്തിന്റെ കാലം: 'ഹം തും ഏക് കമരെ മി ബന്ദ് ഹോ' എന്ന സാഹചര്യമാണ് ഇപ്പോള്‍ മിക്ക പങ്കാളികള്‍ക്കും. ടെന്‍ഷനടിച്ചതു കൊണ്ട് കൊറോണ പോവുകയോ സാധാരണ ജീവിതം തിരിച്ചു വരികയോ ഇല്ല. പിന്നെ ചെയ്യാവുന്നത് ഈ സമയം പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കുക എന്നതു മാത്രമാണ്. ആരോഗ്യകരമായ ലൈംഗിക ബന്ധം ഇതിന് ഉത്തമമാണ്. വളരെ പരിമിതമായ വിഭവങ്ങള്‍ കൊണ്ട് ഭക്ഷണം കഴിക്കുകയും മറ്റുള്ള എല്ലാ കാര്യങ്ങളിലും നിയന്ത്രണങ്ങള്‍ വരുകയും ചെയ്യുന്ന ഈ കാലം ലൈംഗികതയുടെ എല്ലാ സാധ്യതകളും പരീക്ഷിക്കാന്‍ പറ്റിയ കാലമാണ്. തന്ത്ര സെക്‌സ് മുതല്‍ കാമസൂത്ര വരെ ഉഭയ സമ്മതപ്രകാരം ചെയ്തു നോക്കാവുന്നതെന്തും ഇക്കാലത്ത് പരീക്ഷിക്കണം. 'ഓ, ആ കൊറോണക്കാലമായിരുന്നു ബെസ്റ്റ്!' എന്ന് നമുക്ക് പില്‍ക്കാലത്ത് പറയാന്‍ പറ്റണം.

8. 'സ്വപ്നങ്ങള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തു':  ഓണ്‍ലൈന്‍ ആയും ഓഫ് ലൈന്‍ ആയും ചുറ്റിക്കളികള്‍ (വിവാഹേതര ബന്ധങ്ങള്‍) കൂടുകയാണെന്ന് കേരളത്തിലെ എല്ലാവര്‍ക്കും അറിയാം. ലോക്ക് ഡൌണ്‍ കാലത്ത് ഓഫ് ലൈന്‍ ലൈനടികളും വിവാഹേതരബന്ധങ്ങളും ഒന്നും സാധിക്കില്ലല്ലോ (ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇളവനുവദിച്ചിട്ടില്ല). അതുകൊണ്ടു തന്നെ തല്‍ക്കാലം ഈ സ്വപ്നങ്ങള്‍ക്കൊക്കെ അവധി കൊടുത്ത് വീട്ടിലെ സ്വര്‍ഗ്ഗത്തില്‍ ഒരു മുറി എടുക്കുന്നതാണ് ബുദ്ധി. അതേസമയം മനുഷ്യന് സഹജമായ സ്വഭാവമായതിനാല്‍ ഓണ്‍ലൈനില്‍ മതിലുചാടിയുള്ള ഫ്‌ലര്‍ട്ടിംഗും ലൈംഗികച്ചുവയുള്ള ചാറ്റും കൂടുമെന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പങ്കാളിയുടെ ഫോണും മെസ്സഞ്ചര്‍ ചാറ്റ് ഹിസ്റ്ററിയും ഒന്നും എടുത്ത് പരിശോധിക്കാന്‍ പോകാതിരിക്കുന്നതാണ് ബുദ്ധി. കാരണം, എന്തെങ്കിലും കണ്ണില്‍ പെട്ടാല്‍ പ്രശ്‌നം വഷളാകും, കലഹമാകും, ചിലപ്പോള്‍ അടിപിടിയാകും. ഗാര്‍ഹിക അക്രമങ്ങളില്‍ അന്‍പത് ശതമാനം വര്‍ദ്ധനയാണ് മറ്റു രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതൊക്കെ ഇപ്പോള്‍ ഒഴിവാക്കുന്നതാണ് ബുദ്ധി (ഇനി ഇപ്പൊ ഈ ലോക്ക് ഡൌണ്‍ കഴിഞ്ഞാലും ചുറ്റിക്കളികളും പങ്കാളിയുടെ ഫോണ്‍ പരിശോധനയും ഒഴിവാക്കുന്നത് തന്നെയാണ് ശരിയായ കാര്യം എന്ന് കൂടി പറയട്ടെ).

9. ഓണ്‍ ലൈന്‍ ഷോ കൂടി വരുന്നു !: വീടിനു പുറത്തിറങ്ങിയാല്‍ ഏതെങ്കിലും തരത്തില്‍ ലൈംഗികമായ കടന്നുകയറ്റം സംഭവിക്കുന്നത് കേരളത്തിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദൈനംദിന യാഥാര്‍ഥ്യമാണ്. അടുത്ത് വന്ന് മറ്റാരും കേള്‍ക്കാതെ അശ്ലീലം പറഞ്ഞു പോവുക, പറ്റിയാല്‍ ശരീരത്തില്‍ സ്പര്‍ശിക്കുക, കൊച്ചു കുട്ടികളും സ്ത്രീകളും പോകുന്‌പോള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുക, ഇതൊക്കെ പതിവാണ്. ലോക് ഡൌണ്‍ ആയത് കൊണ്ട് ഇത്തരക്കാര്‍ക്ക് അധികം പണിയൊന്നും ഉണ്ടാവില്ല. അവരും വര്‍ക്ക് ഫ്രം ഹോം മോഡിലാണ്. ഫേസ്ബുക്കില്‍ വന്ന് അശ്ലീലം പറയുക, ലൈംഗിക ചിത്രങ്ങള്‍ അയക്കുക, മെസ്സഞ്ചര്‍ വീഡിയോ കോളില്‍ സ്വന്തം ലൈംഗികത പ്രദര്‍ശിപ്പിക്കുക തുടങ്ങിയ പരിപാടികള്‍ക്ക് അവര്‍ക്ക് കൂടുതല്‍ സമയം കിട്ടുന്നു. പോരാത്തതിന് കൊറോണക്കാലത്ത് ആളുകളെ സഹായിക്കാനായി സമൂഹത്തിലെ സ്ത്രീകള്‍ - ഡോക്ടര്‍മാര്‍ മുതല്‍ സന്നദ്ധ സേവകര്‍ വരെ - പങ്കുവെക്കുന്ന ടെലഫോണ്‍ നന്പറുകള്‍ എടുത്ത് 'ഷോമാന്‍ഷിപ്പ്' ശക്തിപ്പെടുത്തുന്നതും കൊറോണക്കാലത്തെ ഒരു ദുര്യോഗമാണ്. ശ്രദ്ധിക്കുക.

10. കുട്ടികളെ ശ്രദ്ധിക്കുക- കുട്ടികളുടെ (ആണ്‍ - പെണ്‍) നേര്‍ക്കുള്ള ലൈംഗിക കടന്നുകയറ്റം കേരളത്തില്‍ നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍, അറിയുന്നതിനേക്കാള്‍ വളരെ കൂടുതലാണ്. ഈ കൊറോണക്കാലത്ത് നമ്മുടെ കുട്ടികളുടെ സുരക്ഷ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുക. സ്വന്തം വീട്ടിലും, അടുത്ത വീട്ടിലും, ഫോണിലും, സൈബര്‍ ഇടങ്ങളിലും അവര്‍ക്ക് നേരെ കടന്നുകയറ്റം ഉണ്ടാകാം. ഇത് കൂടാതെ കുട്ടികളുമായി ബന്ധം സ്ഥാപിച്ചെടുത്ത് പില്‍ക്കാലത്ത് അവരെ ലൈംഗികമായി ഉപയോഗിക്കാന്‍ തയ്യാറാക്കുന്ന ഗ്രൂമിങ് എന്ന പരിപാടിയില്‍ അകപ്പെടാനും സാധ്യതയുണ്ട്. കാരണം കുട്ടികള്‍ മിക്ക സമയവും ഓണലൈന്‍ ആണ്, അല്പം വിഷാദത്തിലും ആയിരിക്കുന്ന അവരെ വലയിട്ടു പിടിക്കാന്‍ എളുപ്പമാണ്. ഇത് സ്വന്തം ബന്ധുക്കളോ അപരിചിതരോ ആകാം. എപ്പോഴും കുട്ടികളുടെ മേല്‍ ഒരു കണ്ണ് വേണം.

അപ്പോള്‍ എല്ലാം പറഞ്ഞതുപോലെ. ലോക്ക് ഡൌണ്‍ ആയത് കൊണ്ട്, വൈകിട്ടാവാന്‍ നോക്കി നില്‍ക്കേണ്ടതില്ല എന്ന് ഓര്‍മിപ്പിക്കുന്നു.

തയ്യാറാക്കിയത്

മുരളി തുമ്മാരുകുടി, നീരജ ജാനകി 


വാർത്തകൾ

Sign up for Newsletter



top