Published:22 April 2020
പൂതപ്പാറ, എന്റെ വ്യക്തിജീവിതത്തെയും കായികജീവിതത്തെയും പരുവപ്പെടുത്തിയ മണ്ണ്. കോഴിക്കോട് ജില്ലയിലെ തൊട്ടിൽപാലത്തിനടുത്ത് മണ്ണിനോടു മല്ലടിച്ചു ജീവിക്കുന്ന ഒരുപറ്റം കുടിയേറ്റക്കാർ ജീവിതം കരുപ്പിടിപ്പിച്ച ഇടം. ജോസഫിന്റെയും ഏലിക്കുട്ടിയുടെയും അഞ്ചു മക്കളിൽ ഏറ്റവും ഇളയവനായി ജനിച്ചു. ഒറ്റമുറി വീട്ടിൽ ഞങ്ങൾ ഒരുമയോടെ ജീവിച്ചു. പിതാവായ ജോസഫിന് നാട്ടിൽ തന്നെ ഒരു പലചരക്കു സാധനങ്ങളുടെ കച്ചവടമായിരുന്നു.
കോട്ടയം ജില്ലയിൽനിന്ന് ഇങ്ങോട്ടേക്കു കുടിയേറിയ ഞങ്ങളുടെ കുടുംബം കഷ്ടപ്പെട്ട് ജീവിതം പണിതുയർത്തി. അച്ഛനും അമ്മയ്ക്കുമൊപ്പം രണ്ടു ചേട്ടന്മാരുടെയും രണ്ടു ചേച്ചിമാരുടെയും സ്നേഹലാളനയിൽ ഞാൻ വളർന്നു . ഒരു സഹോദരി ചെറുപ്പത്തിൽ മരിച്ചത് ഞങ്ങൾക്ക് വവലിയ ദുഃഖമുണ്ടാക്കിയ സംഭവമായിരുന്നു. ഏറ്റവും ഇളയവനായ ഞാൻ വെറുമൊരു തൊട്ടാവാടി എന്നു പറയുന്നതാവും ശരി. കാരണം ചേട്ടന്മാരുടെയും ചേച്ചിയുടെയും ഒരുപാടു വികൃതികൾക്ക് ഇരയാകേണ്ടിവന്നു. ഒടുവിൽ അമ്മയുടെ തണൽതന്നെ ശരണം. പ്രാഥമിക വിദ്യാഭ്യാസം പൂതപ്പാറ സെന്റ് ജോസഫ് എൽ.പി സ്കൂളിലായിരുന്നു. വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള സ്കൂളിലേക്ക് ആദ്യമൊക്കെ പിതാവിന്റെ കൂടെ പോയി. പിന്നീട് സ്കൂളിലെ സഹപാഠികൾക്കൊപ്പമായി. അതോടെ അച്ഛനെ ബുദ്ധിമുട്ടിക്കാതെ യാത്ര ചെയ്യാനായി.
അന്നും ആറാം വയസാണ് ഒന്നാം ക്ലാസിൽ ചേരാനുള്ള പ്രായപരിധിയെങ്കിലും അഞ്ചാം വയസിൽ ത്തന്നെ എന്നെ ഒന്നാം ക്ലാസിൽ ചേർത്തു. ഇതു പൊല്ലാപ്പായി. അതുകൊണ്ട് ഒന്നാം ക്ലാസിൽ തോൽക്കാനായിരുന്നു വിധി. ഒരു വർഷം തോറ്റുപഠിച്ചതോടെ പ്രായം പ്രശ്നമല്ലാതായി. സഹോദരങ്ങൾക്കിടയിൽ കളിയാക്കലിനായിരുന്നു ഈ സംഭവം ഉപകരിച്ചത്. കുഞ്ഞനിയനെ എങ്ങനെ ഒക്കെ കളിയാക്കാൻ പറ്റുമോ അങ്ങനെയൊക്കെ അവർ എന്നെ കളിയാക്കി, പൊതുവെ സൗമ്യനായ ഞാൻ പതിവുപോലെ അമ്മയുടെ അരികിൽ പോയി കണ്ണീരൊലിപ്പിച്ചു നിൽക്കും. അന്ന് അമ്മയും അച്ഛനും എന്നെ സമാധാനിപ്പിക്കാൻ കണ്ടുപിടിച്ച മാർഗം തൊട്ടടുത്ത കടയിൽ നിന്നും പൊറോട്ടയും കറിയും വാങ്ങി തരികയെന്നതായിരുന്നു. കളിയാക്കുമെങ്കിലും എല്ലാവർക്കും എന്നോടു സ്നേഹം തന്നെ.
സ്കൂൾ വെക്കേഷൻ ദിനങ്ങൾ ആഘോഷങ്ങളുടേതായിരുന്നു സഹോദരങ്ങൾക്കും കൂട്ടുകാർക്കും ഒപ്പം അത് നന്നായി ആഘോഷിച്ചു.
കശുവണ്ടിയുടെ സീസൺ ആയതുകൊണ്ട് വീട്ടുകാർക്കൊപ്പം മലയിൽ പോയി കശുവണ്ടി പെറുക്കാനും ചേട്ടന്മാർ മരത്തിൽ കയറുന്നതു കണ്ടു ചിരിച്ചു രസിച്ച് ഓരോ വെക്കേഷനും ഗംഭീരമാക്കി. പിന്നെ സ്കൂൾ തുറന്നു നല്ല കുട്ടിയായി പഠന കാര്യങ്ങളുമായി മുന്നോട്ടു പോയി. അപ്പർ പ്രൈമറി സ്കൂൾ കാലഘട്ടമായതോടെ വീട്ടിലെ സാഹചര്യങ്ങൾ മാറി.
ചാത്തൻകോട്ടു നട കെ.ജെ. ജോൺ മെമ്മോറി യൽ ഹൈസ്കൂളിലായിരുന്നു അപ്പോൾ പഠിച്ചത്. കുടുംബം വലിയ പ്രാരാബ്ധങ്ങൾക്കു നടുവിലായി. ആ കാലത്ത് സ്കൂളിൽ പോയി വരാൻ ഒരു രൂപ ആയിരുന്നു വീട്ടിൽ നിന്ന് അച്ഛൻ തന്നിരുന്നത്. വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായിരുന്നു സ്കൂൾ. പലപ്പോഴും വീട്ടിലെ കഷ്ടപ്പാടുകൾ മൂലം സ്കൂളിലേക്കു നടന്നായിരുന്നു പോയിരുന്നത്. ഉച്ചയ്ക്ക് ഭക്ഷണം തന്നുവിടാനും പലപ്പോഴും അമ്മയ്ക്കായിരുന്നില്ല. എന്നാൽ കൂടെ പഠിക്കുന്ന നല്ലവരായ സുഹൃത്തുക്കളുടെ കാരുണ്യത്തിൽ വയറൊട്ടിയില്ല, അല്ലലറിഞ്ഞില്ല. വീട്ടിലുണ്ടായിരുന്ന ആടിനെയും പശുവിനെയും ചെറിയ കൃഷികളൊക്കെ നോക്കി നടത്തിയത് തനിച്ചായിരുന്നു. അതുകൊണ്ടുതന്നെ പഠനത്തിൽ വലിയ ശ്രദ്ധ ചെലുത്താനായില്ല.
സ്പോർട്സ് എന്നത് വലിയ ഇഷ്ടമുള്ളകാര്യമായിരുന്നു. കൃഷികാര്യങ്ങൾക്കിടെ ഒരു കളി അതിയായി ശ്രദ്ധിച്ചു. ഒരു ദിവസം സ്കൂൾ വിട്ടു വരുന്ന വഴി, കവുങ്ങിൻ കഷ്ണത്തിന് നടുക്കായി കെട്ടിയ ഒരു നെറ്റിന് രണ്ടു ഭാഗത്തു നിന്നുംതന്റെ മൂത്ത ജേഷ്ഠനായ ബെന്നി ജോസഫും റോയ് ജോസഫും കൂടെ കുറച്ചുപേരും ചേർന്ന് കളിക്കുന്നു. ആ കളിയും നോക്കി അവിടെ നിന്നു.സമയം പോയതറിഞ്ഞില്ല. കളിയുടെ പേരുമറിയില്ല. അറിയാതെ കളി അവസാനിച്ചു ചേട്ടന്മാർക്കൊപ്പം കളി ജയിച്ചതിന്റെ വകയിൽ മിട്ടായിയും കഴിച്ചു വീട്ടിലേക്കു വന്നപ്പോളല്ലേ കാര്യങ്ങൾ കൈവിട്ടുപോയത്. അമ്മ അതാ ദേഷ്യപ്പെട്ടു നിൽക്കുന്നു. കൈയിൽ വടിയുമുണ്ട്. അമ്മയുടെ വക തല്ലും ചേച്ചിയുടെ വക ചീത്തയും.
ആ അടിയിൽ പ്രതിഷേധിച്ച് ഭക്ഷണം കഴിക്കാതെയാണ് ഉറങ്ങിയത്. രാത്രിയേറെയായപ്പോൾ അച്ഛൻ വന്നു. ഫ്രീയായി ഒരുപദേശവും. "നീ ഓക്കേ ഇങ്ങനെ കളിച്ചു നടന്നോ രണ്ടു അക്ഷരം പഠിച്ചാൽ നിനക്കു നല്ലത്. ആ കളിയുടെ പേരു പോലും അറിയാത്ത എന്നെ സംബന്ധിച്ച് ഈ ഓർമ ഒരിക്കലും മറക്കനാവാത്തതാണ്. അതായിരുന്നു ആദ്യത്തെ കളിക്കാഴ്ച. എന്നാൽ, ആ കളിയോടുള്ള എന്റെ ആവേശത്തിന്റെ തുടക്കം അവിടെനിന്നാണ്.
ഈ കളി എങ്ങനെയെങ്കിലും പഠിക്കണമെന്നായി. . ഓല കൊണ്ട് ഉണ്ടാക്കിയ പന്ത് വീടിന്റെ ഓടിന്റെ മുകളിലേക്ക് എറിഞ്ഞു അത് താഴേക്ക് വരുമ്പോൾ ചാടി അടിക്കാനുള്ള ശ്രമമായി. അതായിരുന്നു തുടക്കം. വളരെ ആവേശത്തോടെയാണ് ഇതു ചെയ്തു പോന്നത്. സ്കൂൾ വിട്ടു പോരും വഴി കളി കാണാനായി ജ്യേഷ്ഠന്മാരുടെ അരികിലെത്തും. കളിക്കാർ അടിച്ചു പുറത്തേക്കു കളയുന്ന പന്തുകൾ ഓടിയെടുത്തു. വളരെ വേഗത്തിൽ പന്തെടുത്ത് കോർട്ടിലേക്ക് എറിഞ്ഞുകൊടുക്കുന്നത് വലിയ ആവേശത്തോടെ എടുത്തു കൊടുത്തു. എന്നാൽ, കളി കഴിഞ്ഞാലും ഇല്ലെങ്കിലും സന്ധ്യ ആവുമ്പോയേക്കും വീട്ടിൽ എത്തും. അല്ലെങ്കിൽ അടിയുറപ്പാണല്ലോ. എന്നാൽ, കളി കാണലും പന്തുപെറുക്കലും നിർത്തിയില്ല. ഇതിനിടെ, ഞാൻ
പഠനത്തിൽ അൽപ്പം പിന്നോക്കമായത് ക്ലാസ് അധ്യാപിക അച്ഛനുമായി പങ്കുവെച്ചു. കളിയോടുള്ള ഈ താത്പര്യമാണെന്ന് അച്ഛൻ മനസിലാക്കിയിരുന്നു. എന്നാൽ, കളിയോടുള്ള എന്റെ ഇഷ്ടത്തെ അംഗീകരിച്ച് കളി കാണാൻ പോകാനുള്ള അനുമതി നൽകി. ഒപ്പം പഠനത്തിൽ ശ്രദ്ധ വേണമെന്ന ഉപദേശവും നൽകി. പതിയെ പതിയെ ഞാൻ ബോൾ ബോയി എന്ന പദവിയിൽ നിന്നും ഒരു കളിക്കാരനിലേക്കുയർന്നു. ജ്യേഷ്ഠന്മാരുടെ ശിക്ഷണത്തിൽ വോളിബോളിന്റെ ആദ്യപാഠങ്ങൾ പഠിച്ചു. അവിടെ തുടങ്ങുകയാണ് എന്റെ വോളി ജീവിതം.
തയാറാക്കിയത് -സി.കെ. രാജേഷ്കുമാർ