03
June 2020 - 10:39 pm IST

Download Our Mobile App

Europe

Europe Tourism, Covid 19, European Union, GDP

ടൂറിസം മേഖല തുറക്കാന്‍ വഴി തേടി യൂറോപ്യന്‍ യൂണിയന്‍

Published:18 May 2020

# ജോസ് കുമ്പിളുവേലില്‍

267 മില്യന്‍ യൂറോപ്യന്‍ പൗരന്‍മാര്‍, അതായത്, യൂറോപ്യന്‍ യൂണിയനിലെ ആകെ ജനസംഖ്യയുടെ 62 ശതമാനം പേര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സ്വന്തം നിലയ്ക്ക് വിനോദയാത്രകള്‍ക്കു പോകുന്നവരാണ്. ഇവരില്‍ തന്നെ 78 ശതമാനം പേര്‍ യൂറോപ്പിനുള്ളില്‍ തന്നെയുള്ള ഏതെങ്കിലും സ്ഥലങ്ങളാണ് ഇത്തരം അവധിക്കാല ആഘോഷങ്ങള്‍ക്കു തെരഞ്ഞെടുക്കാറുള്ളത്.

ബര്‍ലിന്‍: യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയുടെ മൂലക്കല്ലുകളിലൊന്നാണ് ടൂറിസം. ഇതിന്റെ ഭാഗമായ യാത്ര, ഗതാഗതം, താമസസൗകര്യം, ഭക്ഷണം, വിനോദോപാധികള്‍, സംസ്‌കാരം എന്നിവ ചേര്‍ന്നാണ് യൂറോപ്യന്‍ യൂണിയന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) പത്തു ശതമാനവും സംഭാവന ചെയ്യുന്നത്. യൂറോപ്യന്‍ യൂണിയന്റെ പൊതു ശരാശരി ഇതാണെങ്കില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പോലുള്ള രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ യൂറോപ്യന്‍ ശരാശരിയെക്കാള്‍ വളരെ മുകളിലാണ് നില്‍ക്കുന്നത്.

267 മില്യന്‍ യൂറോപ്യന്‍ പൗരന്‍മാര്‍, അതായത്, യൂറോപ്യന്‍ യൂണിയനിലെ ആകെ ജനസംഖ്യയുടെ 62 ശതമാനം പേര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സ്വന്തം നിലയ്ക്ക് വിനോദയാത്രകള്‍ക്കു പോകുന്നവരാണ്. ഇവരില്‍ തന്നെ 78 ശതമാനം പേര്‍ യൂറോപ്പിനുള്ളില്‍ തന്നെയുള്ള ഏതെങ്കിലും സ്ഥലങ്ങളാണ് ഇത്തരം അവധിക്കാല ആഘോഷങ്ങള്‍ക്കു തെരഞ്ഞെടുക്കാറുള്ളത്.

ഈ സാഹചര്യത്തിലാണ് കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത യാത്രാ വിലക്കുകള്‍ ബ്ലോക്കിനാകെ പ്രതിസന്ധി വര്‍ധിപ്പിക്കുന്നത്. മേഖലയിലെ ടൂറിസം വ്യവസായത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന വേനലവധിക്കാലമാണ് വരാന്‍ പോകുന്നത്. ഈ സമയത്തിനുള്ളില്‍ ടൂറിസം പുനരാരംഭിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുകയാണ് യൂറോപ്യന്‍ യൂണിയനും വിവിധ യൂറോപ്യന്‍ രാജ്യങ്ങളും. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് യൂറോപ്പിലെ ടൂറിസം സീസണിന്റെ പീക്ക്. ഈ കാലയളവില്‍ ശരാശരി 385 മില്യന്‍ യാത്രകളാണ് ഇവിടത്തുകാര്‍ നടത്തുന്നത്. ശരാശരി 190 ബില്യന്‍ യൂറോയും ഇതിനായി ചെലവഴിക്കും.

അന്താരാഷ്ട്ര യാത്രകള്‍ക്ക് മിക്ക രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇക്കുറി ആഭ്യന്തര ടൂറിസത്തിലാണ് ശ്രദ്ധ. അന്താരാഷ്ട്ര യാത്രകളുടെ എണ്ണത്തില്‍ അറുപതു ശതമാനം മുതല്‍ എണ്‍പതു ശതമാനം വരെ ഇടിവാണ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ കണക്കാക്കുന്നത്.

യൂറോപ്യന്‍ രാജ്യങ്ങള്‍ മിക്കതും കൊറോണവൈറസ് വ്യാപനം നിയന്ത്രക്കുന്നതില്‍ വിജയം കണ്ടു കഴിഞ്ഞെങ്കിലും രാജ്യാന്തര യാത്രകള്‍ അനുവദിക്കാന്‍ മാത്രം ധൈര്യം സംഭരിച്ചിട്ടില്ല. അയല്‍ രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ തുറക്കാന്‍ ജര്‍മനിയെ പോലുള്ള ചില രാജ്യങ്ങള്‍ മാത്രമാണ് ഇതിനകം തീരുമാനമെടുത്തിട്ടുള്ളത്. ടൂറിസം സീസണ്‍ തുടങ്ങുന്ന സമയത്തോടെ ഇത്തരത്തിലുള്ള കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കുന്നു.

(ജര്‍മന്‍ മലയാളിയും മാധ്യമ പ്രവര്‍ത്തകനുമാണ് ലേഖകന്‍)


വാർത്തകൾ

Sign up for Newsletter



top