03
June 2020 - 10:29 pm IST

Download Our Mobile App

Cricket

cricket

പന്തിൽ തുപ്പൽ പുരട്ടുന്നതു നിരോധിക്കാൻ കുംബ്ലെ കമ്മിറ്റി നിർദേശം

Published:19 May 2020

പന്തിനു തിളക്കം കിട്ടാനായി ബൗളർമാർ പന്തിൽ തുപ്പൽ പുരട്ടുന്നത് അനുവദിക്കരുതെന്നത് കമ്മിറ്റിയുടെ പ്രധാന നിർദേശമാണെന്ന് കുംബ്ലെ പറഞ്ഞു. എന്നാൽ, വിയർപ്പ് പുരട്ടുന്നതു തടയേണ്ടതില്ല. വിയർപ്പിലൂടെ വൈറസ് പടരില്ലെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ.

ന്യൂഡൽഹി: ക്രിക്കറ്റ് മത്സരങ്ങളിൽ താരങ്ങൾ പന്തിൽ തുപ്പൽ പുരട്ടുന്നതു നിരോധിക്കണമെന്ന് മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെ അധ്യക്ഷനായ സമിതി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് (ഐസിസി) നിർദേശിച്ചു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യാൻ ഐസിസി നിയോഗിച്ചതാണ് കുംബ്ലെ ചെയർമാനായ സമിതിയെ.

പന്തിനു തിളക്കം കിട്ടാനായി ബൗളർമാർ പന്തിൽ തുപ്പൽ പുരട്ടുന്നത് അനുവദിക്കരുതെന്നത് കമ്മിറ്റിയുടെ പ്രധാന നിർദേശമാണെന്ന് കുംബ്ലെ പറഞ്ഞു. എന്നാൽ, വിയർപ്പ് പുരട്ടുന്നതു തടയേണ്ടതില്ല. വിയർപ്പിലൂടെ വൈറസ് പടരില്ലെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ.

അന്താരാഷ്ട്ര മത്സരങ്ങളിൽ ലോക്കൽ അംപയർമാരെയും മാച്ച് റഫറിമാരെയും നിയോഗിക്കാമെന്നും കമ്മിറ്റി ശുപാർശ ചെയ്തു. ഡിസിഷൻ റിവ്യൂ സിസ്റ്റം ഇപ്പോൾ ക്രിക്കറ്റിലുണ്ട്. തീരുമാനമെടുക്കുന്നതിലെ കൃത്യത അതുപയോഗിച്ച് ഉറപ്പുവരുത്താനാകും. അമ്പയർമാരുടെ യാത്ര കുറയ്ക്കാൻ ഇതുവഴി കഴിയും. ""അസാധാരണ കാലത്താണ് നാം ജീവിക്കുന്നത്.

പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യം സംരക്ഷിച്ചു കൊണ്ടുതന്നെ ക്രിക്കറ്റിന്‍റെ അന്തസത്ത നിലനിർത്താനുള്ള നടപടികളാണ് കമ്മിറ്റി ശുപാർശ ചെയ്യുന്നത്''- കുംബ്ലെ പ്രസ്താവനയിൽ പറഞ്ഞു. ഓരോ ഇന്നിങ്സിലും രണ്ട് ഡിആർഎസ് റിവ്യൂ അനുവദിച്ചിരിക്കുന്നത് മൂന്നായി വർധിപ്പിക്കണം. ഐസിസി മെഡിക്കൽ ഉപദേശക സമിതി അധ്യക്ഷൻ ഡോക്റ്റർ പീറ്റർ ഹാർകോർട്ടിൽ നിന്ന് നിർദേശങ്ങൾ സ്വീകരിച്ചാണ് കുംബ്ലെ സമിതി അന്തിമ നിഗമനങ്ങളിലെത്തിയത്.

ഉമിനീരിൽ വൈറസ് പടരാനുള്ള റിസ്ക് കൂടുതലാണെന്നാണ് ഹാർകോർട്ട് അഭിപ്രായപ്പെട്ടത്. അതുകൊണ്ടു തന്നെ തുപ്പൽ പുരട്ടുന്നത് തടയണമെന്ന് സമിതി ഏകകണ്ഠമായി നിർദേശിക്കുകയായിരുന്നു. വിയർപ്പിലൂടെ വൈറസ് പടരില്ല എന്ന് അഭിപ്രായപ്പെട്ടതും മെഡിക്കൽ ഉപദേശക സമിതി തന്നെയാണ്. എന്നാൽ, ഗ്രൗണ്ടിൽ  ഏറ്റവും നല്ല രീതിയിൽ ശുചിത്വം പാലിക്കണമെന്നു നിർദേശമുണ്ട്.

പന്തിൽ തുപ്പൽ പുരട്ടുന്നതു നിരോധിക്കാൻ ഐസിസി കഴിഞ്ഞമാസം ആലോചന തുടങ്ങിയപ്പോൾ തന്നെ ക്രിക്കറ്റ് ലോകത്ത് വലിയ തോതിലുള്ള തർക്കങ്ങളും ആരംഭിച്ചിരുന്നു. പല പ്രമുഖ താരങ്ങളും ഇതിനെതിരേ രംഗത്തുവരികയുമുണ്ടായി.

മത്സരം നിയന്ത്രിക്കുന്നത് രണ്ടു ന്യൂട്രൽ അംപയർമാരാവണം എന്ന തീരുമാനം നിലവിൽ വന്നത് 2002ലാണ്. 1994 മുതൽ 2001 വരെ ഒരു ന്യൂട്രൽ അമ്പയറും ഒരു ലോക്കൽ അമ്പയറും എന്നതായിരുന്നു വ്യവസ്ഥ. യാത്രകൾക്കു ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് രണ്ടു ലോക്കൽ അമ്പയർമാർ മതി എന്ന തീരുമാനം.


വാർത്തകൾ

Sign up for Newsletter



top