കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:27 February 2018
തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ആറ്റുകാല്‍ ദേവീക്ഷേത്രത്തിൽ, പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന കുത്തിയോട്ട ആചാരത്തിനെതിരേ ജയില്‍ ഡി.ജി.പി ആര്. ശ്രീലേഖ രംഗത്ത്. 5നും 12നും ഇടയിലുള്ള ആയിരത്തോളം കുട്ടികളെയാണ് അഞ്ച് ദിവസത്തോളം അനുഷ്ഠാനത്തിന്റെ പേരില്‍ നരകയാതന അനുഭവിപ്പിക്കുന്നത്. ക്ഷേത്രം ആൺകുട്ടികളുടെ തടവറയായി മാറുകയാണ്. വിശ്വാസത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം അനാചാരങ്ങള്‍ അവസാനിപ്പിക്കേണ്ട സമയമായെന്നും അവര്‍ ബ്ലോഗിലൂടെ വ്യക്തമാക്കി.
കൗപീനമുടുപ്പിച്ച് ദിവസം മൂന്നുനേരം തണുത്ത വെള്ളത്തില്‍ കുളിപ്പിച്ച്, പരിമിതമായ ഭക്ഷണം മാത്രം നല്കി, അമ്പലത്തറയിൽ കിടത്തിയാണ് ഉറക്കുന്നത്. ഈ അഞ്ചു ദിവസവും കുട്ടികൾക്ക് മാതാപിതാക്കളെ കാണാന്‍ അനുവാദമില്ല. തുടർന്ന് പൊങ്കാല ഉത്സവത്തിന്റെ അവസാന ദിവസം ഇവരെ വരിവരിയായി നിറുത്തി ശരീരത്തില്‍ കൂടി കമ്പി കുത്തിക്കയറ്റുന്നതാണ് ചടങ്ങെന്നും ശ്രീലേഖ പറയുന്നു.
ഈ ആചാരത്തിനു വിധേയരാകുന്ന കുട്ടികള്‍ അനുസരണയോടെ വളരുമെന്നും മികച്ച പഠനം കാഴ്ച വെയ്ക്കുമെന്നാണ് മാതാപിതാക്കളുടെ വിശ്വാസം. ഇത്തരത്തിലുള്ള ക്രൂരതയ്ക്ക് ഇരയാകുന്ന കാര്യം മിക്ക കുട്ടികളോടും മാതാപിതാക്കള്‍ നേരത്തെ പറയാറില്ലെന്നതാണ് വാസ്തവം. ഇതിനെതിരേ കുട്ടികൾക്ക് പരാതിപ്പെടാൻ കഴിയാറില്ല.
അതേസമയം, കുട്ടികള്‍ക്കെതിരെയുള്ള ഇത്തരം ക്രൂരതകള്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരമാണ്. പക്ഷേ ആരും ഇക്കാര്യത്തില്‍ പരാതിപ്പെടാൻ തയാറല്ല. ഇതെല്ലാം ദേവിയുടെ ഇഷ്ടപ്രകാരം ചെയ്യുന്നതാണ് എന്നാണ് വിശ്വാസം. എന്നാല്‍ കുട്ടികൾക്കോ ആറ്റുകാൽ ദേവിക്കോ ഇതേ അഭിപ്രായമായിരിക്കുമോ എന്നും ശ്രീലേഖ ചോദിക്കുന്നു. ഈ അനാചാരം അവസാനിപ്പിച്ചു കാണാനായാണ് താൻ പ്രാർഥിക്കുന്നതെന്നും ഒരു ദൈവിക ഇടപടെൽ ഉണ്ടായില്ലെങ്കിൽ ഇത്തവണ താൻ പൊങ്കാല അർപ്പിക്കുകയില്ലെന്നും അവർ ബ്ലോഗിലൂടെ വ്യക്തമാക്കുന്നു.