03
June 2020 - 9:36 pm IST

Download Our Mobile App

Donald Trump, Nayib Bukele, Covid 19

ട്രംപ് കണ്ടുപഠിക്കണം, നയീബ് ബുകെലിയെ

Published:22 May 2020

# സി.പി. രാജശേഖരന്‍

പതിനായിരങ്ങളെ കൊവിഡ് 19  ബാധിച്ചിട്ടും അടച്ചിടാതിരുന്ന യുഎസും ഒരാള്‍ക്കു പോലും രോഗം വരുന്നതിനു മുന്‍പ് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ച ഇഐ സാല്‍വഡോറുമാണ് ലോകാരോഗ്യ വേദികളിലെ ഇപ്പോഴത്തെ ചര്‍ച്ച.

ഇഐ സാല്‍വഡോര്‍ തീരെച്ചെറിയൊരു രാജ്യമാണ്. വടക്കേ അമെരിക്കയുടെയും തെക്കേ അമെരിക്കയുടെയും നടുവിലുള്ള മധ്യഅമെരിക്കയിലെ സപ്തരാജ്യങ്ങളിലൊന്ന്. പനാമ, കോസ്റ്ററിക്ക, നിക്കരാഗ്വ, ഹോണ്ടുറസ്, ഗ്വാട്ടിമാല, ബാലിസ് എന്നിവയാണു മറ്റു രാജ്യങ്ങള്‍. യുഎസ് എന്ന ലോകപൊലീസുമായി താരതമ്യം ചെയ്താല്‍ മധ്യ അമെരിക്കയിലെ എല്ലാ രാജ്യങ്ങളും ചേര്‍ന്നാലും ഒന്നുമാവില്ല. പക്ഷേ, ലോകത്തെ വിറപ്പിച്ച കൊവിഡ് 19നെ കൈകാര്യം ചെയ്ത രീതിയുടെ പേരില്‍ കൈയടി നേടുകയാണ്  ഈ രാജ്യങ്ങളെല്ലാം, പ്രത്യേകിച്ചും ഇഐ സാല്‍വഡോര്‍. പതിനായിരങ്ങളെ കൊവിഡ് 19  ബാധിച്ചിട്ടും അടച്ചിടാതിരുന്ന യുഎസും ഒരാള്‍ക്കു പോലും രോഗം വരുന്നതിനു മുന്‍പ് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ച ഇഐ സാല്‍വഡോറുമാണ് ലോകാരോഗ്യ വേദികളിലെ ഇപ്പോഴത്തെ ചര്‍ച്ച. 33 കോടി അമെരിക്കക്കാരുടെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെക്കാള്‍ കേമനാണ് 64 ലക്ഷം മാത്രം ജനസംഖ്യയുള്ള സാല്‍വഡോറിന്‍റെ പ്രസിഡന്‍റ്  നയീബ് ബുകെലെ എന്നു കാലം തിരിച്ചറിയുന്നു. 

കൊവിഡിനെതിരേ തുടക്കത്തിലേ മുഖംതിരിച്ച ട്രംപ് ഇപ്പോഴും അതേ നിലപാടില്‍ത്തന്നെ. പ്രമുഖ കാര്‍നിര്‍മാതാക്കളായ ഫോര്‍ഡ് കമ്പനിയുടെ മിഷിഗണ്‍ പ്ലാന്‍റില്‍ ഇന്നലെ മാസ്ക് ധരിക്കാതെ  യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സന്ദര്‍ശിച്ചതു വലിയ വിവാദം സൃഷ്ടിക്കുകയാണ്. ട്രംപിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മിഷിഗണ്‍ അറ്റോണി ജനറല്‍ ഡാനാ നെസ്സില്‍ വ്യക്തമാക്കുന്നു. മാസ്ക് ധരിക്കാതെ പ്ലാന്‍റിനുള്ളില്‍ പ്രവേശനം അനുവദിച്ചതിനെതിരേ ഫോര്‍ഡ് കമ്പനിക്കെതിരേയും നിയമനടപടി സ്വീകരിക്കാനിരിക്കയാണു നാസില്‍. യുഎസ് നിയമം ശക്തമായതിനാല്‍ നടപടി കടുപ്പിച്ചാല്‍ ഫോര്‍ഡിനും പണികിട്ടും. പ്രസിഡന്‍റ് നിയമം തെറ്റിച്ചതിനു കമ്പനി പിഴ ഒടുക്കേണ്ടിവരുമെന്നതാണ് അവസ്ഥ. 

മാര്‍ച്ച് ആദ്യവാരമാണ് യുഎസില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ നൂറ്റാണ്ട് ആദ്യത്തില്‍ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഫ്ളൂ കെട്ടടിങ്ങിയതുപോലെ കോവിഡും സ്വയം കെട്ടടങ്ങുമെന്നും വൈറസ് വ്യാപിക്കുന്നതു ജനങ്ങളുടെ പ്രതിരോധശേഷി കൂട്ടുമെന്നുമായിരുന്നു ട്രംപിന്‍റെ പ്രതീക്ഷ. അതുകൊണ്ടു തന്നെ മാര്‍ച്ച് അവസാനം വരെയും യുഎസില്‍ ഒരു നിയന്ത്രണവും കൊണ്ടുവന്നില്ല. രോഗതീവ്രത കൂടിയ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ നടപടി സ്വീകരിക്കാമെന്നു പറഞ്ഞു ട്രംപ് കൈകഴുകി. അതാണ് യുഎസിനെ കൊവിഡ് മരണസംഖ്യയില്‍ ലോകത്ത് ഒന്നാമതെത്തിച്ചത്. ഇതുവരെ 15.57 ലക്ഷം പേര്‍ക്കു രോഗം ബാധിച്ചു. 95,000 പേര്‍ മരിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ യുഎസ് വട്ടപ്പൂജ്യമാണെന്നു ലോകം തിരിച്ചറിയുകയും ചെയ്തു. 

ഇനിയാണു സാല്‍വഡോറിലേക്കു വരേണ്ടത്. മാര്‍ച്ച് മധ്യത്തോടെ യുഎസില്‍ കൊവിഡ് വ്യാപകമായപ്പോള്‍ സാല്‍വഡോറില്‍ ഒരു കേസു പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. പക്ഷേ, കൊവിഡിന്‍റെ അപകടം പ്രസിഡന്‍റ് നയീബ് ബുകെലി വളരെവേഗം തിരിച്ചറിഞ്ഞു. കൊവിഡിനു ചികിത്സയില്ലെന്നും വാക്സിന്‍ ലോകത്തൊരിടത്തും കിട്ടാനില്ലെന്നും മനസിലാക്കിയ അദ്ദേഹം, സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിന്‍റെയും വ്യക്തിശുചിത്വത്തിന്‍റെയും ശക്തി മനസിലാക്കി. അതു ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തി. അതുകൊണ്ടു തന്നെ സ്വന്തം രാജ്യത്ത് രോഗമെത്തുന്നതിനു മുന്‍പ് അതിര്‍ത്തികള്‍ അടച്ചിട്ടു. പുറത്തു നിന്ന് ആരെങ്കിലും കടന്നുവന്നാല്‍ കര്‍ശന നിരീക്ഷണത്തിലൂടെ ക്വാറന്‍റൈന്‍ നടപ്പാക്കി. മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലെ ജനക്കൂട്ടം കര്‍ശനമായി നിയന്ത്രിച്ചു. ഫലം യുഎസിനെക്കാള്‍ മാരകമാകേണ്ടിയിരുന്ന കോവിഡ് ഈ ചെറുരാജ്യത്ത് സാധ്യമായ രീതിയില്‍ തടഞ്ഞു നിര്‍ത്താനായി. 
യുഎസിനെക്കാള്‍ ജനസാന്ദ്രത ഏകദേശം പത്തിരട്ടിയോളം കൂടുതലാണ് സാല്‍വഡോറില്‍. യുഎസില്‍ 33 കോടി ആളുകളുണ്ട്.

സാല്‍വഡോറില്‍ 64 ലക്ഷവും. പക്ഷേ, യുഎസില്‍ ഒരു ചതുരശ്രമൈല്‍ പ്രദേശത്ത് 94 പേരാണു താമസിക്കുന്നതെങ്കില്‍ സാല്‍വഡോറില്‍ അത് 788. കേരളത്തിലെ ഇടുക്കിക്കും വയാനാടിനും തുല്യം. യുഎസിനെപ്പോലെ രോഗവ്യാപനം നടന്നിരുന്നെങ്കില്‍ സാല്‍വഡോറില്‍ ഇതിനകം രോഗികളുടെ എണ്ണം ലക്ഷങ്ങള്‍ കടക്കുമായിരുന്നു. മരണസംഖ്യ പതിനായിരവും. എന്നാല്‍ മേയ് 20 വരെയുള്ള കണക്കനുസരിച്ച് രോഗം സ്ഥിരീകരിച്ചത് 1,640 പേര്‍ക്ക്. മരണസംഖ്യ വെറും 32. ചികിത്സയില്‍ കഴിഞ്ഞ 540 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിവലില്‍ ആശുപത്രിയിലുള്ളത് 1100 പേര്‍ മാത്രം. ഈ കണക്കുകളും ഏതാണ്ട് കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന് അടുത്തുനില്‍ക്കും. 

സാല്‍വഡോറിലെ പ്രധാന രാഷ്ട്രീയകക്ഷികളെ പരാജയപ്പെടുത്തിയാണു നയീബ് ബുകെലി ഒരു വര്‍ഷം മുന്‍പ് പ്രസിഡന്‍റായത്. സാമ്പ്രദായിക രീതിയിലുള്ള ഭരണക്രമമല്ല അദ്ദേഹം സ്വീകരിക്കുന്നത്. തലമുറമാറ്റത്തിന്‍റെ ഈ വ്യത്യാസം യുഎസില്‍ ഒരിക്കലും അനുഭവപ്പെടുന്നില്ല. 73 വയസുള്ള ഡോണള്‍ഡ് ട്രംപിനെക്കാള്‍ പ്രായോഗിക ബുദ്ധി കൂടുതലാണ്  മുപ്പത്തെട്ടുകാരനായ നയീബ് ബുകെലിക്കെന്നും നീരീക്ഷകര്‍.


വാർത്തകൾ

Sign up for Newslettertop