03
June 2020 - 9:32 pm IST

Download Our Mobile App

Special

Elephant Fossil, Tuebingen University, Elephant Skeleton

ആഫ്രിക്കൻ ആനയേക്കൾ വലുപ്പം; മൂന്നു ലക്ഷം വർഷം മുൻപു ജീവിച്ചിരുന്ന ആനയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി

Published:22 May 2020

തടാകതീരത്തായതിനാൽ പ്രായമായതോ രോഗം വന്നതോ ആയ ആനയായിരിക്കണം ഇത്. സ്വാഭാവികമായി ചരിഞ്ഞ ആനയുടെ മാംസം മൃഗങ്ങളും മനുഷ്യരും ഭക്ഷണമാക്കിയിരിക്കാം. മുൻപും ഇവിടെ നിന്നു പത്തോളം ആനകളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും  ചരിത്രാതീത കാലത്തുണ്ടായിരുന്ന ആനയുടെ ശരീരാവശിഷ്ടങ്ങൾ ഏതാണ്ടു പൂർണമായി ലഭിക്കുന്നതും ഇതാദ്യം.

ഫ്രാങ്ക്ഫർട്ട്: പുരാവസ്തു ഗവേഷകർ നടത്തിയ ഖനനത്തിൽ വടക്കൻ ജർമനിയിലെ ഷോനിഞ്ജൻ നഗരത്തിനു സമീപമുള്ള തടാകതീരത്തു കണ്ടെത്തിയത് മൂന്നു ലക്ഷം വർഷം മുൻപു ജീവിച്ചിരുന്ന ആനയുടെ അവശിഷ്ടങ്ങൾ. പാലിയോക്സോഡോൺ ആന്‍റിക്വസ് അഥവാ യുറേഷ്യൻ നേർക്കൊമ്പനാന എന്ന ആ ഗജവംശം ഇന്നു ഭൂമിയിലുള്ളവയുടെ മുൻഗാമികളെന്നു കരുതുന്നു. ഇന്നത്തെ ആഫ്രിക്കൻ ആനയെക്കാൾ വലുപ്പമുള്ളവയായിരുന്നു ഇവയെന്ന് ഗവേഷണം നടത്തിയ ടുബിൻജൻ സർവകലാശാലാ പാലിയന്‍റോളജി- ആർക്കിയോസുവോളജി അധികൃതർ.

ഇന്നു കാണുന്ന ആഫ്രിക്കയിലേതിനു സമാനമായ വന്യജീവി സമ്പത്തുള്ള വനങ്ങൾ യൂറോപ്പിലുമുണ്ടായിരുന്നു എന്ന നിഗമനത്തിന് പിൻബലമാകുന്ന കണ്ടെത്തലുകളാണ് ഷോനിഞ്ജനിൽ നിന്നു ലഭിക്കുന്നത്.എല്ലുകളിൽ ഏതൊക്കെയോ മൃഗങ്ങളുടെ കടിയേറ്റ പാടുകളുണ്ടെന്നും അവശിഷ്ടങ്ങൾക്കടുത്തു നിന്നു ശിലാ നിർമിത ആയുധങ്ങൾ കിട്ടിയെന്നും ഗവേഷണ പദ്ധതിയുടെ മേധാവി ജോർഡി സെറംഗേലി. 

തടാകതീരത്തായതിനാൽ പ്രായമായതോ രോഗം വന്നതോ ആയ ആനയായിരിക്കണം ഇത്. സ്വാഭാവികമായി ചരിഞ്ഞ ആനയുടെ മാംസം മൃഗങ്ങളും മനുഷ്യരും ഭക്ഷണമാക്കിയിരിക്കാം- ഗവേഷക സംഘാംഗം ഇവോ വെർഹെയ്ജൻ പറഞ്ഞു. അവശിഷ്ടങ്ങളുടെ പരിശോധനയിൽ ഇതു കൊമ്പുകളുള്ള പിടിയാനയാണെന്നു തെളിഞ്ഞതായും അദ്ദേഹം. മുൻപും ഇവിടെ നിന്നു പത്തോളം ആനകളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും  ചരിത്രാതീത കാലത്തുണ്ടായിരുന്ന ആനയുടെ ശരീരാവശിഷ്ടങ്ങൾ ഏതാണ്ടു പൂർണമായി ലഭിക്കുന്നതും ഇതാദ്യം.

വളവുകളില്ലാത്ത രണ്ടു കൊമ്പുകൾക്കും ഏഴരയടി നീളമുണ്ട്. ഇന്നത്തെ ആഫ്രിക്കൻ ആനകളുടെ കൊമ്പിനു പരമാവധി ആറടിയാണ് നീളം. കീഴ്ത്താടി, വാരിയെല്ലുകൾ, മൂന്നു കാലുകളുടെ എല്ലുകൾ, കഴുത്തിലടക്കം കാണുന്ന തരുണാസ്ഥികൾ എന്നിവയും അവശിഷ്ടങ്ങളിൽ ഉൾപ്പെടുന്നു. ആനയ്ക്കു 320 സെന്‍റി മീറ്റർ ഉയരവും 7.5 ടൺ ഭാരവുമുണ്ടായിരുന്നെന്നുമാണ് കരുതുന്നതെന്നും വെർഹെയ്ജൻ.

3D ഇമേജ്

ഇന്നത്തെ മനുഷ്യവർഗം ഹോമോസാപ്പിയൻസിന് യൂറോപ്പിൽ 45,000 വർഷത്തെ ചരിത്രം മാത്രമാണുളളത്. ബൾഗേറിയയിൽ നിന്നാണ് ഇതിനു തെളിവു ലഭിച്ചത്. അതുകൊണ്ടു തന്നെ കണ്ടെത്തിയ ആനയുടെ കാലത്ത് ഉണ്ടായിരുന്നത് ഹോമോ ഹെയ്ഡൽബെർജൻസിസ് എന്ന മനുഷ്യവർഗമായിരിക്കുമെന്നും ഗവേഷകർ. രണ്ടു ലക്ഷം മുതൽ ഏഴു ലക്ഷം വരെ വർഷം മുൻപ് ജീവിച്ചിരുന്നതാണത്രെ ഈ വിഭാഗം.

അവശിഷ്ടം കണ്ടെത്തിയ തടാകതീരത്ത് ആനകളുടെ കാൽപ്പാദത്തിന്‍റെ പാടുങ്ങളും കണ്ടെത്തിയിട്ടുണ്ട്. മുതിർന്നവരും കുട്ടികളുമുൾപ്പെട്ട ആനക്കൂട്ടം ഇവിടെയുണ്ടായിരുന്നെന്നാണ് ഇതു തെളിയിക്കുന്നതെന്ന് റോമിലെ സാപിയെൻസ യൂണിവേഴ്സിറ്റ് ആന്‍റിക്വിറ്റീസ് ഡിപ്പാർട്ട്മെന്‍റിലെ ഗവേഷക ഫ്ലാവിയോ അൽത്താമുര. സിംഹങ്ങളും പുലികളും കാട്ടുപോത്തുകളുമടക്കം ഇരുപതിലേറെ കൂറ്റൻ വന്യമൃഗങ്ങളുണ്ടായിരുന്ന കാടായിരുന്നു അക്കാലത്തെ യൂറോപ്പെന്നും സംഘം പറയുന്നു.


വാർത്തകൾ

Sign up for Newsletter



top