Published:24 May 2020
ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ഈദുൽ ഫിത്വർ സമാഗതമായി. പ്രപഞ്ചനാഥൻ മാനവസമൂഹത്തിനു നൽകിയ അനുഗ്രഹങ്ങൾക്കു കൃതജ്ഞത രേഖപ്പെടുത്തി, പരസ്പരസ്നേഹം കാത്തുസൂക്ഷിച്ച്, ഭിന്നതകൾ മറന്ന്, ശാന്തിയുടെ മാർഗത്തിലൂടെ ഒന്നിച്ചു മുന്നേറാൻ ഈ സുദിനം പ്രചോദനമാകട്ടെ.
മനുഷ്യരെ ഒന്നായിക്കാണാനും, അസഹിഷ്ണുതയുടെയും വർഗീയതയുടെയും മതിൽക്കെട്ടുകളെ ഇല്ലാതാക്കാനും സമാധാനത്തിന്റെ മന്ത്രധ്വനികളുയർത്തുകയാണ് പെരുന്നാൾ ദിനത്തിൽ വിശ്വാസികൾ ചെയ്യുന്നത്. എല്ലാവരെയും ഒന്നായിക്കണ്ട് അവരുടെ സ്രഷ്ടാവിനെ വാഴ്ത്തിയും അവന്റെ മഹത്വങ്ങൾ എണ്ണിപ്പറഞ്ഞും അല്ലാഹുവിനെ സ്തുതിച്ചും പെരുന്നാൾ ദിവസം മുഴങ്ങിക്കൊണ്ടിരിക്കുന്ന തക്ബീർ ധ്വനികൾ മാനവലോകത്തിന് സ്നേഹവും വറ്റാത്ത കരുണയുമാണ് സമ്മാനിക്കുന്നത്.
ഒരു മാസക്കാലം വ്രതമനുഷ്ഠിച്ച് റമദാനിന്റെ ദിനരാത്രങ്ങളിൽ സമർപ്പിച്ച സത്കർമങ്ങളിലൂടെ ആത്മവിശുദ്ധി കൈവരിച്ചുകൊണ്ടാണ് നാം ഈദുൽ ഫിത്വറിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽനിന്നും വിഭിന്നമായി, പൂർണമായ ലോക്ഡൗൺ കാലഘട്ടത്തിലാണു റമദാൻ വന്നണഞ്ഞത്. മഹാമാരിയിൽ നിന്നും സുരക്ഷ നേടാൻ സാമൂഹിക അകലം പാലിച്ചുകൊണ്ടു ജീവിക്കാൻ നാം നിർബന്ധിതരായപ്പോൾ മസ്ജിദുകളിൽ പോയി ജമാഅത്ത് നമസ്കാരത്തിൽ പങ്കെടുക്കാനോ, ജുമുഅ നിർവഹിക്കാനോ തറാവീഹ് നമസ്കരിക്കാനോ ഇഅ്തികാഫ് ഇരിക്കാനോ സാധ്യമായില്ല.
വിശ്വാസികൾക്ക് ചിന്തിക്കാനാവാത്തതും മനോവിഷമം ഉണ്ടാക്കുന്നതുമായ കാര്യമാണിത്. എന്നിട്ടും ആരാധനകൾ മുഴുവനും വീട്ടിലിരുന്നു നിർവഹിച്ചത്, നാം കാരണം ഒരാൾക്കുപോലും ഒരു ദുരിതവും ഉണ്ടാവാൻ പാടില്ലെന്ന ഇസ്ലാമിന്റെ വിശാലമായ ദർശനം പ്രാവർത്തികമാക്കാനായിരുന്നു. "ഒരു മനുഷ്യനെ വധിക്കുന്നത് മനുഷ്യരാശിയെ മുഴുവൻ വധിക്കുന്നതിന് തുല്യമാണെന്ന' ഖുർആനിക വചനം, നാം കാരണം ഒരാളും ദുരിതത്തിലാവുകയോ മരിക്കാൻ ഇടവരികയോ ചെയ്യാൻ പാടില്ലെന്ന മാനവസംസ്കൃതിയുടെ ഉന്നതമായ പാഠമാണ് വിളംബരം ചെയ്യുന്നത്. ആരാധനാലയങ്ങൾ വേഗം തുറക്കപ്പെടുകയും അവിടങ്ങളിൽ ആരാധനകൾ നിർവഹിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാകാനായി സർവശക്തനോട് പ്രാർഥിക്കാം.
ലോക്ഡൗൺ കാലത്തെ റമദാൻ മാസം ഒരുപാട് അനുഭവപാഠങ്ങൾ സമ്മാനിച്ചിരിക്കുന്നു. "നിങ്ങൾ വെറുക്കുന്ന കാര്യം ഒരുപക്ഷെ നിങ്ങൾക്ക് ഗുണകരമായേക്കാം' എന്ന വിശുദ്ധ ഖുർആനിന്റെ ആശയം ഇവിടെ പുലർന്നിരിക്കുകയാണ്. വീടുകളിൽ കൃത്യമായ നമസ്കാരങ്ങൾ ഒരുങ്ങിയപ്പോൾ അതിൽ കുടുംബാംഗങ്ങളെല്ലാം പങ്കുകൊണ്ടു. വീടുകൾ ഖുർആൻ പാരായണങ്ങളാൽ ഭക്തിസാന്ദ്രമായി. രാത്രികാലങ്ങളിൽ വീടുകൾ നമസ്കാരം കൊണ്ടും പ്രാർഥനകൾ കൊണ്ടും മുഖരിതമായി. ഒരിടത്ത് വസിക്കുന്ന കുടുംബാംഗങ്ങൾ സദാ ഒരുമിച്ചിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന സന്തോഷപൂർണമായ സ്ഥിതിവിശേഷമുണ്ടായി. അവർക്കിടയിൽ കൂടുതൽ സ്നേഹവും കരുതലും അടുപ്പവും സംജാതമായി. അസ്വസ്ഥതകൾ നിറഞ്ഞ കുടുംബാന്തരീക്ഷങ്ങളിൽ സന്തോഷം കളിയാടി.
വിവിധ ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും നഗര, ഗ്രാമങ്ങളിലും പ്രവർത്തിക്കുന്ന കേരളത്തിന്റെ അഭിമാനമായ ആരോഗ്യ പ്രവർത്തകരുടെയും, രാപ്പകലില്ലാതെ അത്യധ്വാനം ചെയ്തുകൊണ്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും, സാമൂഹിക സേവകരുടെയും പ്രവർത്തനങ്ങളെയും അങ്ങേയറ്റം വിലമതിക്കേണ്ടതും ആദരിക്കേണ്ടതുമുണ്ട്.
കൊവിഡ് കാലത്തെ റമദാൻ അവസാനിച്ച് വീണ്ടും നാം സാധാരണ ജീവിതത്തിലേക്കു പ്രവേശിക്കുമ്പോൾ മനസുണർത്തേണ്ട മറ്റു ചില വസ്തുതകൾ കൂടിയുണ്ട്. ലോകം വലിയ സങ്കീർണതയിലേക്ക് നീങ്ങുകയാണ്. മഹാരോഗത്തെ ശമിപ്പിക്കുവാനുള്ള വിദ്യകൾ എവിടെയുമെത്തിയിട്ടില്ല. അതോടൊപ്പം, വീണ്ടും വരാനിരിക്കുന്ന വിവിധങ്ങളായ മഹാമാരികളെ കുറിച്ചുള്ള വാർത്തകൾ നമ്മെ തേടിയെത്തുന്നു.
നമ്മുടെ രാജ്യത്ത് മാത്രമല്ല, ലോകത്തുടനീളം വാണിജ്യ, വ്യാപാര, വ്യവസായ മേഖല സ്തംഭനാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. രോഗം പടരുന്നതോടൊപ്പം ലോകം സാമ്പത്തികത്തകർച്ചയിലേക്ക് കൂപ്പുകുത്തുന്നതിന്റെ സൂചനകൾ വരുന്നു. സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്. ജീവിതം ലളിതവത്കരിക്കുക. ആർഭാടങ്ങൾ ഒഴിവാക്കുക. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാൻ ശീലിക്കുക. ധൂർത്തും അമിതത്വവും തീർത്തും വർജ്ജിക്കുക. യാത്രകൾ അനിവാര്യമാണെകിൽ മാത്രം. പണം ദുർവ്യയംചെയ്യാതെ കരുതിവയ്ക്കുകയും ഇല്ലാത്തവരെ സഹായിക്കാനായി നീക്കിവയ്ക്കുകയും ചെയ്യുക. സേവനമുദ്രകൾ കൊണ്ട് നാം നമ്മെ അലങ്കരിക്കാൻ ശ്രമിക്കുക. മുസ്ലിം സംഘടനകളും കൂട്ടായ്മകളും ഇക്കാര്യങ്ങളിൽ മാതൃകായാവണം.
ഉത്തരവാദിത്തങ്ങൾ ഇനിയും ബാക്കിയാണ്. ലോക്ഡൗൺ കാരണം ധാരാളം പേർ വിവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയാണ്. ധനിക-ദരിദ്ര വ്യത്യാസങ്ങൾക്കതീതമായി എല്ലാ വിഭാഗം ജനങ്ങളും വിഷമങ്ങൾ അനുഭവിക്കുന്നു. മറ്റുള്ളവരുടെ വിഷമങ്ങൾ അറിഞ്ഞുകൊണ്ട് അതിന്റെ പരിഹാരത്തിനായി പ്രവർത്തിക്കുക എന്നതാണ് ഒരു മാസ വ്രതാനുഷ്ഠാനത്തിലൂടെയും സത്കർമങ്ങളിലൂടെയും നാം നേടിയെടുത്ത തിരിച്ചറിവ്. റമദാൻ പകർന്നുനൽകിയ ആത്മസംസ്കരണത്തിന്റെ ഊർജ്ജം സമൂഹത്തിന്റെ സർവതോമുഖമായ പുരോഗതിക്കായി പ്രയോജനപ്പെടുത്തണം. "ഒരാൾ തന്റെ സഹോദരനെ സഹായിച്ചു കൊണ്ടിരിക്കുമ്പോഴൊക്കെയും അയാൾ അല്ലാഹുവിന്റെ സഹായത്തിലായിരിക്കും' എന്ന പ്രവാചകവചനം നമുക്ക് പ്രചോദനമാവണം.
പെരുന്നാൾ സമ്മാനിക്കുന്ന ആഹ്ലാദവേളകളിലും അല്ലാഹുവിന്റെ നിയമ-നിർദേശങ്ങൾ പാലിച്ച് അവനെ വാഴ്ത്തിയും സത്കർമങ്ങൾ അനുഷ്ഠിച്ചും വീടുകളിൽ തന്നെ കഴിയുക. ലോക്ഡൗൺ ചട്ടങ്ങൾ കണിശമായും പാലിക്കുക. ആഘോഷവേളകളിൽ സമ്പർക്കങ്ങൾ പലപ്പോഴും രോഗത്തിന്റെ സാമൂഹിക പ്രസരണത്തിനു കാരണമാവാം. വളരെയധികം സൂക്ഷിക്കുക. "നിങ്ങൾ നാശത്തിലേക്ക് എടുത്തുചാടരുത് ' എന്ന ഖുർആനിക നിർദേശം അനുസരിക്കുക. മനസിൽ നന്മയും സ്നേഹവും ഐക്യബോധവും വളരാനും അതിന്റെ പ്രതിഫലനമായി മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതമാവാനും ഈദുൽഫിത്വർ ദിനം നമുക്ക് പ്രചോദനമാവട്ടെ. എല്ലാവർക്കും പ്രാർഥനകൾ നിറഞ്ഞ ഈദ് ആശംസകൾ.