09
July 2020 - 1:24 pm IST

Download Our Mobile App

Flash News
Archives

Crime

crime

ഇസ്മായിൽ വധക്കേസ്: കുറ്റപത്രം സമർപ്പിച്ചില്ല, പ്രതികൾക്ക് ജാമ്യം

Published:28 May 2020

# ദീപു മറ്റപ്പള്ളി

കഴുത്തിന്‍റെ പിന്‍ഭാഗത്ത് തടിച്ച പാട് കണ്ടതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് ആയിഷയെയും മുഹമ്മദ് ഹനീഫയെയും ചോദ്യം ചെയ്തതോടെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഇസ്മായിലിനെ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു.

കാസര്‍ഗോഡ്: ഭാര്യയും കാമുകനും ചേര്‍ന്ന് മധ്യവയസ്‌ക്കനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം. തലപ്പാടി കെ.സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയില്‍ താമസക്കാരനുമായ ഇസ്മായിലിനെ (50) കൊലപ്പെടുത്തിയ കേസിലാണ് കാലാവധി കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്ന് റിമാൻഡിലായിരുന്ന ഭാര്യയും കാമുകനും ളള്‍പ്പടെയുള്ള മൂന്നുപ്രതികള്‍ക്ക് ജാമ്യം ലഭിച്ചു.

ഇസ്മായിലിന്‍റെ ഭാര്യ കിദമ്പാടി സ്വദേശിനി ആയിഷ (30), കാമുകനും ബന്ധുവുമായ മുഹമ്മദ് ഹനീഫ(42), മഞ്ഞനാടിയിലെ അറഫാത്ത്(29) എന്നിവരാണ് ജാമ്യത്തിലിറങ്ങിയത്. ഇസ്മായില്‍ വധക്കേസില്‍ ഒന്നാംപ്രതിയായ ആയിഷക്ക് ഹൈക്കോടതിയും ഹനീഫക്കും അറഫാത്തിനും ജില്ലാ കോടതിയുമാണ് ജാമ്യം അനുവദിച്ചത്. കൊലപാതകക്കേസില്‍ അറസ്റ്റ് നടന്നാല്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് സ്വാഭാവികമായും ജാമ്യം ലഭിക്കും.

ഇസ്മായില്‍ വധക്കേസില്‍ ഈ പഴുതാണ് പ്രതികള്‍ക്ക് സഹായകമായത്. മരവ്യാപാരിയായ ഇസ്മായിലിനെ ജനുവരി 20ന് രാവിലെയാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇസ്മായില്‍ തൂങ്ങിമരിച്ചതാണെന്നും പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാനായി മൃതദേഹം താനും മുഹമ്മദ് ഹനീഫയും ചേര്‍ന്ന് ഇറക്കിക്കിടത്തിയതാണെന്നുമാണ് ആയിഷ ആദ്യം പൊലീസിന് മൊഴി നല്‍കിയത്.

എന്നാല്‍ മരണത്തില്‍ ഇസ്മായിലിന്‍റെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളെജില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതോടെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. കഴുത്തിന്‍റെ പിന്‍ഭാഗത്ത് തടിച്ച പാട് കണ്ടതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് ആയിഷയെയും മുഹമ്മദ് ഹനീഫയെയും ചോദ്യം ചെയ്തതോടെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഇസ്മായിലിനെ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു.

ഹനീഫയുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ആയിഷയുമായി ഇസ്മായില്‍ വഴക്കുകൂടുന്നത് പതിവായിരുന്നു. തങ്ങളുടെ ബന്ധത്തിന് തടസമായ ഇസ്മായിലിനെ കൊലപ്പെടുത്താന്‍ ആയിഷയും ഹനീഫയും പദ്ധതി ആസൂത്രണം ചെയ്യുകയും ഹനീഫയുടെ സുഹൃത്തുക്കളായ അറഫാത്തിനെയും സിദ്ദീഖിനെയും പണം നല്‍കി ഇതിന് ചുമതലപ്പെടുത്തുകയുമായിരുന്നു.

കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന ഇസ്മായിലിനെ അറഫാത്തും സിദ്ദീഖും ചേര്‍ന്ന് കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തുകയും ആയിഷയും ഹനീഫയും വീടിന് പുറത്ത് കാവല്‍ നില്‍ക്കുകയും ചെയ്തുവെന്നാണ് പൊലീസിന്‍റെ അന്വേഷണറിപ്പോര്‍ട്ട്. മൂന്നുപ്രതികളെയും മഞ്ചേശ്വരം സി.ഐ എ.വി ദിനേശന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. സിദ്ദീഖ് ഇപ്പോഴും ഒളിവിലാണ്.

 


വാർത്തകൾ

Sign up for Newsletter



top