11
July 2020 - 10:41 pm IST

Download Our Mobile App

Crime

murder

മദ്യലഹരി: മണിക്കൂറുകൾക്കിടെ സംസ്ഥാനത്ത് മൂന്ന് കൊലപാതകങ്ങൾ

Published:31 May 2020

മൂന്നു കേസുകളിലും മദ്യലഹരിയാണ് കൊലപാതകങ്ങളിൽ കലാശിച്ചത്.

തിരുവനന്തപുരം: മദ്യലഹരിയിൽ മണിക്കൂറുകൾക്കിടെ സംസ്ഥാനത്ത് മൂന്ന് വ്യത്യസ്ത കൊലപാതകങ്ങൾ. ചങ്ങനാശേരി തൃക്കൊടിത്താനം അമരയിൽ മകന്‍റെ വെട്ടേറ്റ് അമ്മ കൊല്ലപ്പെട്ടപ്പോൾ മലപ്പുറത്ത് മകൻ തളളിവീഴ്ത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം ബാലരാമപുരത്ത് ഓട്ടോ ഡ്രൈവറായ യുവാവിനെ സുഹൃത്ത് തലയ്ക്ക് അടിച്ച് കൊന്നു. മൂന്നു കേസുകളിലും മദ്യലഹരിയാണ് കൊലപാതകങ്ങളിൽ കലാശിച്ചത്.

ഇന്നലെ രാത്രിയാണ് മലപ്പുറം തിരൂരിൽ മകന്‍റെ മർദനത്തിൽ പിതാവ് കൊല്ലപ്പെട്ടത്. മദ്യ ലഹരിയിൽ വീട്ടിൽ കയറി വന്ന മകൻ വീട്ടിലുളളവരുമായി വഴക്കിട്ടു. ഇത് ചോദ്യം ചെയ്ത പിതാവ് തിരൂർ സ്വദേശി പുളിക്കൽ മുഹമ്മദ് ഹാജിയെ മകൻ അബൂബക്കർ സിദിഖ് തളളിവീഴ്ത്തി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിതാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതിനിടയിലും പ്രകോപനം തുടർന്ന മകൻ അബൂബക്കർ സിദ്ദിഖിയെ നാട്ടുകാർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇതിന് തയ്യാറായില്ല. തുടർന്ന് നാട്ടുകാർ മരത്തിൽ കെട്ടിയിട്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മുഹമ്മദ് ഹാജി കുഴഞ്ഞുവീണാണ് മരിച്ചതെങ്കിലും അബൂബക്കർ സിദ്ദിഖിക്കെതിരെ കൊലപാതക കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം ബാലരാമപുരത്ത് ഇന്നലെ രാത്രിയാണ് യുവാവ് തലയ്ക്കടിയേറ്റ് മരിച്ചത്.

ഓട്ടോ ഡ്രൈവറായ ശ്യാമാണ് മരിച്ചത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്ത് ശ്യാമിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. അന്വേഷണം തുടരുന്നു. മാസങ്ങളായി ശ്യാം വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വച്ചാണ് സംഭവം.

ഇതര സംസ്ഥാന തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കോട്ടയം ചങ്ങനാശേരിയിൽ മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. ചങ്ങനാശ്ശേരി തൃക്കൊടിത്താനത്താണ് സംഭവം. തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ (55)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

അമ്മയെ കൊലപ്പെടുത്തിയ മകൻ ജിതിൻ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു ജിതിൻ. രാത്രി ഭക്ഷണത്തെക്കുറിച്ച് തർക്കമുണ്ടാകുകയും, കൈയിലുണ്ടായിരുന്ന കറിക്കത്തി കൊണ്ട് പ്രതി കുഞ്ഞന്നാമ്മയുടെ കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

 


വാർത്തകൾ

Sign up for Newsletter



top