12
July 2020 - 12:03 am IST

Download Our Mobile App

Football

brazil

ഫുട്ബോൾ തിരിച്ചുവരണമെന്ന് ബ്രസീലിയൻ പ്രസിഡന്‍റ്

Published:31 May 2020

കൊവിഡ് രാജ്യത്തെ വലിയ തോതിൽ ബാധിക്കുമ്പോഴും ഫുട്ബോൾ സീസൺ പുനരാരംഭിക്കണമെന്നാണ് ബൊൽസനാരോ പറയുന്നത്. ബ്രസീലെന്നാൽ ഫുട്ബോളാണ്.

റയോ ഡി ജനീറോ: ബ്രസീലിനെന്നപോലെ പ്രസിഡന്‍റ് ബൊൽസനാരോയ്ക്കും ഹരമാണു ഫുട്ബോൾ. കൊവിഡ് രാജ്യത്തെ വലിയ തോതിൽ ബാധിക്കുമ്പോഴും ഫുട്ബോൾ സീസൺ പുനരാരംഭിക്കണമെന്നാണ് ബൊൽസനാരോ പറയുന്നത്. ബ്രസീലെന്നാൽ ഫുട്ബോളാണ്. പെലെ മുതൽ നെയ്മർ വരെ ഇതിഹാസങ്ങൾ പിറന്ന മണ്ണ്. അഞ്ചു തവണത്തെ ലോകകപ്പ് ജേതാക്കൾ. ഫുട്ബോൾ സീസൺ റദ്ദാക്കി അടങ്ങിയിരിക്കാനാവില്ലെന്ന് പ്രസിഡന്‍റ് പറയുന്നു.

അതേസമയം തന്നെ ലാറ്റിൻ അമെരിക്കയിലെ കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമാണ് ബ്രസീൽ. അവിടെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 28,000 കടന്നിട്ടുണ്ട്. രോഗം ഏറ്റവും മോശമായി ബാധിച്ച സ്പെയ്നെയും മറികടന്നുള്ള മരണമാണ് ബ്രസീലിൽ ഉണ്ടായിരിക്കുന്നത്. മരണ നിരക്ക് വളരെ കൂടുതൽ. രോഗബാധിതരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തീരെ കുറഞ്ഞതാണ് ഇതിനു കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 

അമെരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യം ബ്രസീലാണ്. രോഗം ബാധിച്ചവർ അഞ്ചു ലക്ഷത്തിലേക്ക് എത്തുകയാണ് രാജ്യത്ത്. അവസാന കണക്കു പ്രകാരം 4,99,966 പേർക്കാ‍ണു രോഗബാധ. മരണത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്താണു ബ്രസീൽ. 

മാർച്ച് പകുതി മുതൽ ബ്രസീലിൽ ഫുട്ബോൾ നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ, ഫുട്ബോൾ താരങ്ങൾക്ക് അത്രയെളുപ്പം കൊവിഡ് ബാധിക്കില്ലെന്നാണ് പ്രസിഡന്‍റ് അവകാശപ്പെടുന്നത്. ഫുട്ബോൾ കളിക്കുന്നവർ യുവ അത് ലറ്റുകളാണ്. അഥവാ അവർക്കു രോഗം ബാധിച്ചാലും മരണസാധ്യതയില്ല-ബൊൽസനാരോ പറയുന്നു. തന്‍റെ സ്പോർട്സ് പശ്ചാത്തലം വച്ച് തനിക്കു കൊറോണ വന്നാലും ചെറിയ ജലദോഷമേ ഉണ്ടാകൂ എന്ന് അദ്ദേഹം മാർച്ചിൽ അവകാശപ്പെട്ടിരുന്നു. 

ഫുട്ബോൾ ഇല്ലാതാവുന്നതോടെ ജനങ്ങളുടെ തൊഴിലില്ലായ്മയും ദുരിതവും കൂടും. ഇത് ഒഴിവാക്കാൻ ഫുട്ബോൾ പുനരാരംഭിക്ക‍ണം. പ്രശസ്തരായ താരങ്ങൾക്ക് ഇപ്പോൾ ഫുട്ബോൾ ഇല്ലെങ്കിലും ജീവിക്കാം. എന്നാൽ, ചെറിയ താരങ്ങൾക്ക് കുടുംബം പുലർത്താൻ ഫുട്ബോൾ സജീവമാകണമെന്നും അദ്ദേഹം.

രാജ്യത്തെ ദേശീയ ചാംപ്യൻഷിപ്പ് മേയ് മാസത്തിൽ ആരംഭിക്കേണ്ടിയിരുന്നതാണ്. എന്നാൽ, ഇപ്പോഴും വ്യക്തമായ പദ്ധതികളൊന്നുമായിട്ടില്ല. റിയോ സൂപ്പർ ക്ലബുകളായ വാസ്കോ ഡ ഗാമ, ഫ്ലമങ്കോ എന്നിവയുടെ പ്രസിഡന്‍റുമാരുമായി മേയ് 19ന് ബൊൽസനാരോയും മകനും ചർച്ച നടത്തിയിരുന്നു. രണ്ടു ക്ലബുകളുടെയും ഷർട്ടുകൾ ധരിച്ച് പ്രസിഡന്‍റും മകനും നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചു. വിമർശനങ്ങൾ ഏറെയുണ്ടായി. 

പല ബ്രസീലിയൻ ക്ലബുകളും വലിയ കണക്കെണിയിലാണെന്നാണു റിപ്പോർട്ടുകൾ. പക്ഷേ, രോഗവ്യാപന കർവ് മുകളിലേക്കു തന്നെയാകുമ്പോൾ എങ്ങനെ ഫുട്ബോൾ എന്നതാണു ചോദ്യം.


വാർത്തകൾ

Sign up for Newsletter



top