03
July 2020 - 6:06 pm IST

Download Our Mobile App

Kerala

Kottayam, Covid 19, Red Zone

കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ഇൻ്റർവ്യൂവിന് ജനക്കൂട്ടം; അഭിമുഖം നിർത്തിച്ച് ആളുകളെ പിരിച്ചുവിട്ടു

Published:31 May 2020

# ബിനീഷ് മള്ളൂശേരി

ജനക്കൂട്ടം കണ്ട്  ആശുപത്രിയിൽ കഴിയുന്ന രോഗികൾ പോലും ഞെട്ടി. അഭിമുഖത്തിനെത്തിയവരുടെ സാമൂഹിക അകലം പാലിക്കാതെയുള്ള ക്യൂ ആശുപത്രി വളപ്പിൽ നിന്നും പെരുവഴിയിലേക്ക് നീണ്ടതോടെ ജില്ലാ മെഡിക്കൽ ഓഫീസറടക്കം പൊലീസും രംഗത്തെത്തി അഭിമുഖം നിർത്തിച്ച് ആളുകളെ പിരിച്ചുവിട്ടു

കോട്ടയം: നിലവിൽ റെഡ് സോണായ ജില്ലയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാതെ വിവിധ തസ്തികകളില്‍ ദിവസ വേതാനാടിസ്ഥാനത്തില്‍ ഒരുമാസത്തേക്കുള്ള നിയമനത്തിനായി ജനറൽ ആശുപത്രിയിൽ നടത്തിയ ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ നൂറുകണക്കിന് ഉദ്യോഗാർത്ഥികളെത്തിയത് ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കി. ജനക്കൂട്ടം കണ്ട്  ആശുപത്രിയിൽ കഴിയുന്ന രോഗികൾ പോലും ഞെട്ടി. അഭിമുഖത്തിനെത്തിയവരുടെ സാമൂഹിക അകലം പാലിക്കാതെയുള്ള ക്യൂ ആശുപത്രി വളപ്പിൽ നിന്നും പെരുവഴിയിലേക്ക് നീണ്ടതോടെ ജില്ലാ മെഡിക്കൽ ഓഫീസറടക്കം പൊലീസും രംഗത്തെത്തി അഭിമുഖം നിർത്തിച്ച് ആളുകളെ പിരിച്ചുവിട്ടു. കൊവിഡ് പരിശോധനയ്ക്കും മറ്റും ദിവസവും നിരവധിയാളുകൾ എത്തുന്ന സ്ഥലമാണ് ജനറൽ ആശുപത്രി. കൊവിഡ് രോഗികളും ഇവിടെ നേരത്തെ ചികിത്സയിലുണ്ടായിരുന്നു.

തുടർന്ന് വാക്-ഇന്‍-ഇന്റര്‍വ്യൂ ജില്ലാ കലക്റ്ററുടെ നിര്‍ദേശപ്രകാരം മാറ്റിവച്ചെന്നും കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് പിന്നീട് നടപടി സ്വീകരിക്കുമെന്നും അറിയിപ്പ് വന്നു. രാവിലെ മുതൽ ക്യൂവിൽ നിന്ന നൂറുകണക്കിന് ഉദ്യോഗാർത്ഥികളിൽ ഇത് പ്രതിഷേധത്തിനും ഇടയാക്കി. സ്റ്റാഫ് നഴ്സ്,  ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ തസ്തികകളിലേക്കുള്ള നിയമനത്തിനായിരുന്നു അഭിമുഖം.

എന്നാൽ ഇത്രയും ആളുകൾ എത്തുമെന്ന് ഇത് നടത്തിയവർ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഓൺലൈൻ രീതിയിലുള്ള നടപടികളിലെ സാങ്കേതിക പരിജ്ഞാനം കുറവായതിനാലാണ് നേരത്തെ നടത്തിക്കൊണ്ടിരുന്ന രീതിയിൽ ഇത്തരമൊരു ഇന്റർവ്യൂ ഉണ്ടായതെന്നും ഡി.എം.ഒ പറഞ്ഞു.  സമൂഹ മാധ്യമങ്ങളിൽ വന്ന തെറ്റായ അറിയിപ്പുകൾ മൂലം ഒരുമാസത്തെ നിയമനത്തിന് മൂന്ന് വർഷത്തേക്കുള്ള നിയമനമാണെന്നതടക്കം തെറ്റിദ്ധരിച്ച് അന്യജില്ലകളിൽ നിന്നുപോലും അഭിമുഖത്തിനായി ആളുകൾ എത്തിയിരുന്നുവെന്നും, സംഭവം ശ്രദ്ധയിൽപെട്ട ഉടൻതന്നെ അഭിമുഖം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയെന്നും ആശുപത്രി അധികൃതർക്കെതിരെ തൽക്കാലം നടപടിയ്ക്കില്ലെന്നും ഡി.എം.ഒ മെട്രോവാർത്തയോട് പറഞ്ഞു. ഓൺലൈൻ വഴി ആളുകളെ റെജിസ്റ്റർ ചെയ്ത് അടുത്തയാഴ്ച പരീക്ഷ നടത്തി സ്‌ക്രീനിങ്ങ് വഴി ഉദ്യോഗാർഥികളെ തെരഞ്ഞെടുത്ത ശേഷം ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള അഭിമുഖം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് ജില്ലാ ജനറൽ ആശുപത്രി സൂപ്രണ്ട്, സർക്കാരിന്റെയും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെയും തീരുമാനപ്രകാരം ദിവസ വേതനാടിസ്ഥാനത്തിൽ ഈ വർഷം ജൂൺ 30 വരെ അതായത് ഒരു മാസത്തേക്ക് മാത്രം തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിനായി  ഓൺലൈൻ പരീക്ഷയുടെ അപേക്ഷ ക്ഷണിച്ചു. ഇന്ന്(01-06-2020) രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ഓൺലൈനിൽ ഗൂഗിൾ ഫോം വഴി അപേക്ഷകൾ സ്വീകരിക്കുന്നത്. നിയമനത്തിനായുള്ള പരീക്ഷയുടെ ലിങ്കും, തീയതിയും സമയവും അപേക്ഷിക്കുന്നവരുടെ ഇ മെയിൽ അഡ്രസിലേക്ക് അയച്ചു നൽകുമെന്നും, കോട്ടയം ജില്ലയിൽ സ്ഥിരതാമസമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയെന്നും ആശുപത്രിയുടെ സമീപവാസികൾക്ക് മുൻഗണനയുണ്ടെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
അപേക്ഷിക്കേണ്ട വിലാസം: https://forms.gle/QWWKdoc5uDYG6bRB6

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ വിപുലീകരണം ലക്ഷ്യമിട്ട് വിവിധ തസ്തികകളിലേക്ക് 21 നിയമനങ്ങൾ നടത്താനായിരുന്നു ഇൻറർവ്യൂ. രാവിലെ പത്തു മുതൽ രണ്ടു വരെ അഭിമുഖം നടത്തും എന്നാണ് അറിയിച്ചിരുന്നത്. ഇതിനെ തുടർന്നാണ് നൂറു കണക്കിന് ഉദ്യോഗാർഥികൾ കോട്ടയം ജനറൽ ആശുപത്രിയിലേക്കെത്തിയത്. ആലപ്പുഴയിൽ നിന്നും കൊല്ലത്തുനിന്നുമൊക്കെ ആളുകൾ അഭിമുഖത്തിനെത്തിയിരുന്നു. ഓൺലൈൻ ബുക്കിങ്ങോ നേരത്തെ സമയം നൽകുന്നതിനോ ഉള്ള ക്രമീകരണം ജനറൽ ആശുപത്രി അധികൃതർ ഒരുക്കിയിരുന്നില്ല. കൂടുതൽ ആളുകൾ എത്തിയതോടെ ആശുപത്രി വളപ്പിൽ നിന്ന് റോഡിലേക്കും ക്യൂ നീണ്ടു. സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെ സാധിക്കാതെ നൂറുകണക്കിനാളുകൾ പ്രദേശത്ത് തടിച്ചു കൂടിയതോടെ അഭിമുഖം നിർത്തിവയ്ക്കാൻ കലക്റ്റർ നിർദ്ദേശം നൽകുകയായിരുന്നു.

എന്നാൽ കൊവിഡ് പരിശോധനയ്ക്കും മറ്റും ദിവസവും നിരവധിയാളുകളും അല്ലാത്ത അനേകം രോഗികളും കൂട്ടിരിപ്പുകാരും എത്തുന്ന സ്ഥലമാണ് ജനറൽ ആശുപത്രി. കൊവിഡ് രോഗികളും ഇവിടെ നേരത്തെ ചികിത്സയിലുണ്ടായിരുന്നു. ഇവിടുത്തെ സ്റ്റാഫ് ആയ ആരോഗ്യപ്രവർത്തകന് നേരത്തെ കൊവിഡ് ബാധിച്ചതുമാണ്. എന്നിട്ടും ഇവിടെവച്ച് അഭിമുഖം നടത്തിയതും,  സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊവിഡ് പ്രതിരോധ വിഷയങ്ങളിൽ ജനങ്ങളെ ബോധവൽക്കരണം നടത്തുന്ന ആരോഗ്യ വിഭാഗത്തിൽ നിന്നു തന്നെ ഇത്തരമൊരു വീഴ്ചയുണ്ടായതിനെതിരെ സമൂഹത്തിലെ പല ഭാഗത്തുനിന്നും പ്രതിഷേധം ഉണ്ടായിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top