05
July 2020 - 10:59 pm IST

Download Our Mobile App

Flash News
Archives

Decor

glass-door

ഗ്ലാസ് ഡോറുകൾ സുരക്ഷിതമോ ? മുൻകരുതലുകൾ അറിയാം...

Published:16 June 2020

സ്ഥാപനത്തിനുള്ളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിൽപ്പനസാധനങ്ങൾക്ക് പുറമേ നിന്ന് നല്ല ദർശനം കിട്ടും എന്നത് മാത്രമല്ല അകത്തേക്ക് നല്ല വെളിച്ചം കിട്ടുമെന്നതും ഗ്ലാസ് ഡോറുകളുടെ ഗുണമാണ്.

ഇന്ന് നമ്മൾ കാണുന്ന പല സ്ഥാപനങ്ങളുടെയും ഭംഗി ഇരട്ടിയാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരിക്കുന്നത് അവിടുത്തെ ഗ്ലാസ് ഡോറുകളാണ്. സ്ഥാപനത്തിനുള്ളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിൽപ്പനസാധനങ്ങൾക്ക് പുറമേ നിന്ന് നല്ല ദർശനം കിട്ടും എന്നത് മാത്രമല്ല അകത്തേക്ക് നല്ല വെളിച്ചം കിട്ടുമെന്നതും ഗ്ലാസ് ഡോറുകളുടെ ഗുണമാണ്. എന്നാൽ ശരിയായ രീതിയിൽ ഗ്ലാസ് ഡോറുകൾ സ്ഥാപിച്ചില്ലായെങ്കിൽ വളരെ വലിയ അപകടങ്ങൾക്കും ഇത് കാരണമാകാം.

പെരുമ്പാവൂരിൽ ബാങ്കിന് മുന്നിലെ ഗ്ലാസ് ഡോറിൽ ഇടിച്ച് ചില്ല് പൊട്ടി ദേഹത്ത് തുളച്ചു കയറി വീട്ടമ്മ മരിച്ചത് ഇത്തരമൊരു ദൗർഭാഗ്യകരമായ കാര്യമാണ്. ഗ്ലാസ് ഡോർ സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. സ്ഥാപനത്തിന്‍റെ ഉദ്ദേശ്യം എന്ത് എന്നതിനെ അടിസ്ഥാനമാക്കി വിവിധ തരത്തിലുള്ള ഗ്ലാസ് ഡോറുകൾ തെരഞ്ഞെടുക്കാവുന്നതാണ്. 

ഗ്ലാസ് ഡോറുകൾ പലതരത്തിലുണ്ട്....

ഹിഞ്ച്ഡ് ഡോർ...

വിജാഗിരിയിൻമേൽ തിരിയുന്ന തരത്തിലുള്ള ഡിസൈനാണ് ഇത്തരം ഡോറുകൾക്ക്. അകത്തേക്കും പുറത്തേക്കും കടന്നു പോകാനുള്ളവർ കൈ കൊണ്ട് തള്ളുകയോ വലിക്കുകയോ(പുഷ്/ പുൾ) ചെയ്താൽ മാത്രമേ ഈ ഡോറുകൾ തുറക്കൂ. നടന്നു വരുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ ഇടിക്കാനുള്ള സാധ്യതയുണ്ട്. 

സ്ലൈഡിങ് ഡോർ...

മുകളിലും താഴെയും ഘടിപ്പിക്കുന്ന ചാനലുകളിലൂടെ റോളറുകൾ വെച്ചാണ് ഈ ഡോർ അടക്കുകയും തുറക്കുകയും ചെയ്യുന്നത്. ഇതും  അകത്തേക്കും പുറത്തേക്കും കടന്നു പോകാനുള്ളവർ തള്ളി നീക്കിയാൽ മാത്രമേ തുറക്കൂ. ആളുകൾ ശ്രദ്ധിച്ചില്ലായെങ്കിൽ ഇതിലും ചെന്നിടിക്കാനുള്ള സാധ്യത ഉണ്ട്.

ഓട്ടൊമാറ്റിക് സ്ലൈഡിങ് ഡോർ....

സ്ലൈഡിങ് ഡോറിന്‍റെ ഓട്ടൊമാറ്റിക് വേർഷനാണിത്. ഡോറിനു നേരെ നടന്നു വരുന്ന ആളുകളെ ലേസർ സെൻസർ വഴി സ്വയം തിരിച്ചറിഞ്ഞ് അവർക്കു വേണ്ടി ഡോർ സ്ലൈഡ് ആയി തുറന്നു നൽകുന്ന സംവിധാനമാണിത്. ഇതാണ് സുരക്ഷാ മുൻകരുതലുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്.

എന്നാൽ സാധാരണ ഗ്ലാസ് ഡോറുകളേക്കാൾ ഇരട്ടി ചെലവു വരുമെന്നതാണ് പലരെയും ഈ ഡോർ സ്ഥാപിക്കുന്നതിൽ നിന്ന് പിന്നിലേക്ക് വലിക്കുന്നത്. ദിവസവും നിരവധി ആളുകൾ വരികയും പോവുകയും ചെയ്യുന്ന ബാങ്ക്, സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലൊക്കെ ഓട്ടൊമാറ്റിക് സ്ലൈഡിങ് ഡോറാണ് ഉചിതം.  

ഗ്ലാസിന്‍റെ ഗുണനിലവാരം...

പ്ലെയ്ൻ ഗ്ലാസ്...

ഇത്തരം ഗ്ലാസുകളാണ് ഉപയോഗിക്കുന്നതെങ്കിൽ അത്യാവശ്യം ശ്രദ്ധ ആവശ്യമാണ്. പൊട്ടിയാൽ ചില്ല് കുത്തിക്കയറാനുള്ള സാധ്യത ഏറെയാണ്. 

ടഫൻഡ് ഗ്ലാസ്...

ഈ ഗ്ലാസുകൾ തണുപ്പും ചൂടും കൂടുതലുള്ള അന്തരീക്ഷങ്ങൾക്ക് ചേർന്നതാണ്. ഇവ പൊട്ടിയാൽ തന്നെ ഇടിക്കുന്നവരുടെ ദേഹത്ത് കുത്തിക്കയറില്ല. ചെറിയ കഷ്ണങ്ങളായി ചിന്നിച്ചിതറുമെന്നതാണ് ഇവയുടെ പ്രത്യേകത. 

ലാമിനേറ്റഡ് ഗ്ലാസ്...

രണ്ട് ഗ്ലാസ് പാളികൾക്കിടയിൽ ഒരു പോളി വിനൈൽ ഷീറ്റ് ഒട്ടിച്ചിട്ടുള്ള ഡിസൈനാണ് ഈ ഗ്ലാസിന്. ഇത്തരം ഗ്ലാസിൽ പൊട്ടൽ ഏൽക്കുമ്പോൾ ഈ പോളിത്തീൻ ലെയർ ഗ്ലാസ് കഷ്ണങ്ങൾ ചേർത്തു പിടിച്ച് ഒരു സ്പൈഡർ വെബ് ആകൃതിയിൽ പൊട്ടലിനെ അപകടകരമല്ലാത്ത വിധത്തിൽ നിയന്ത്രിച്ചു നിർത്തും.


വാർത്തകൾ

Sign up for Newsletter



top