Published:16 June 2020
മാസ്ക് വയ്ക്കാതെ പുറത്തിറങ്ങാൻ കഴിയാതായതോടെ വിവിധ പരീക്ഷണങ്ങളാണ് മാസ്കു വിപണിയിലുള്ളത്. മാസ്ക് ഒരു ഫാഷൻ ആയി മാറിയതോടെ, ഉപഭോക്താവിന്റെ താത്പര്യം അനുസരിച്ചുളള മാസ്ക്കുകളും വിപണിയിൽ സുലഭമാണ്. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമുളള മാസ്ക്കുകൾ ട്രെൻഡിംഗ് ആയിരിക്കുകയാണ്. ഭോപ്പാലിലാണ് മോദി മാസ്ക്കുകൾക്ക് ഡിമാൻഡ് കൂടിയിരിക്കുന്നത്.
ഇതിനോടകം ആയിരത്തോളം മോദി മാസ്ക്കുകൾ വിറ്റുപോയതായി കടയുടമ കുനാൽ പരിയാണി പറയുന്നു. ഏറ്റവുമധികം ആവശ്യക്കാർ മോദി മാസ്ക്കിനാണെന്നും കുനാൽ പരിയാണി പറയുന്നു. നിരവധിപ്പേരാണ് മോദി മാസ്ക്ക് ചോദിച്ച് കടയിൽ വരുന്നത്.
മോദിക്ക് പുറമേ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് എന്നിവരുടെ മുഖമുളള മാസ്ക്കുകളും വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. ഇതിനും ആവശ്യക്കാരുണ്ടെന്നും കുനാൽ പരിയാണി പറയുന്നു.