Published:24 June 2020
ദുബായ്: സൗദി അറേബ്യയുടെ ചരിത്രത്തിൽ ഏറ്റവും നീണ്ട കാലം തടവിൽ കഴിഞ്ഞ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ 28 വർഷമായി തടവിൽ കഴിയുന്ന ഹാദി ബിൻ കദാമയെയാണ് ഇന്നലെ വധിച്ചത്. ഇയാൾക്കു മാപ്പു നൽകണമെന്ന സൗദി രാജാവിന്റെയുൾപ്പെടെ അഭ്യർഥനകൾ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ തള്ളിയതോടെയായിരുന്നു ശിക്ഷ നടപ്പാക്കിയത്.
ശിക്ഷ നടപ്പാക്കുന്നതിനു മണിക്കൂറുകൾ മുൻപും ഇയാൾ മാപ്പപേക്ഷിച്ച് ഇരയുടെ കുടുംബത്തിനു കത്തു നൽകിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നടപ്പാക്കാനിരുന്നതാണ് ശിക്ഷ. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഗോത്രനേതാക്കളും നേരിട്ട് മധ്യസ്ഥതയ്ക്കു ശ്രമിച്ചതോടെ അന്നു ശിക്ഷ മാറ്റിവച്ചിരുന്നു.
അസീർ മേഖലയിൽ 1992ലാണ് കദാമയുടെ ജീവിതം അഴിക്കുള്ളിലാക്കിയ സംഭവങ്ങളുണ്ടായത്. ബന്ധു സുൽത്താനുമായുണ്ടായ തർക്കത്തിനിടയിൽ പെട്ടെന്നുണ്ടായ പ്രകോപനത്താൽ കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നു. നിലത്തുവീണ സുൽത്താനെ കദാമ തന്നെയാണ് ഏറ്റവുമടുത്ത ആശുപത്രിയിലെത്തിച്ചത്. എന്നാൽ, രക്ഷിക്കാനായില്ല. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ചെയ്തുപോയതാണെന്നും തന്നോടു ക്ഷമിക്കണമെന്നും കദാമ പലതവണ അപേക്ഷിച്ചെങ്കിലും സുൽത്താന്റെ കുടുംബാംഗങ്ങൾ ഇതിനു തയാറായില്ല.
സൗദി നിയമപ്രകാരം വധശിക്ഷ ഇളവു ചെയ്യാൻ കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങൾ രക്തപ്പണം സ്വീകരിച്ച് മാപ്പു നൽകണം. 28 വർഷം തടവിൽ കഴിഞ്ഞ കദാമയോട് ഇനി കനിവു കാണിക്കാമെന്ന് രാജാവുൾപ്പെടെ അഭ്യർഥിച്ചെങ്കിലും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ നിരസിക്കുകയായിരുന്നു.