Published:24 June 2020
തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതിന് ഉപാധികൾ നിശ്വയിച്ച് സംസ്ഥാന സർക്കാർ. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട ഉപാധികൾ നാളെ മുതൽ തന്നെ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഓരോ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് പ്രത്യേകം മാനദണ്ഡമാണ് നിശ്വയിച്ചിരിക്കുന്നത്.സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നവർക്ക് പിപിഇ കിറ്റ് നിർബന്ധമാണ്. ഒമാനിൽ നിന്നും ബഹ്റിനിൽ നിന്നും മടങ്ങുന്നവർക്ക് എൻ 95 മാസ്ക്, മുഖം മറയ്ക്കുന്നതിനുള്ള ഫേസ് ഷീൽഡ്, ഗ്ലൗസ് എന്നിവ നിർബന്ധമാക്കി. ഖത്തറിൽ നിന്ന് തിരികെ വരുന്നവർക്ക്, അവിടെയുള്ള ഏഹ്ത്രാസ് ആപ്പിലെ അനുമതി മതിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. രോഗലക്ഷണം ഉള്ളവരെ തിരിച്ചറിയുന്നതിന് ഇതിലൂടെ സാധിക്കും. അതേസമയം യുഎഇയിൽ നിന്ന് മടങ്ങുന്നവർക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാണ്. ഇതിന്റെ ഉപാധികൾ നൽകേണ്ട ബാധ്യത വിമാനക്കമ്പനികൾക്കാണെന്നും ഉത്തരവിൽ പറയുന്നു.