Published:25 June 2020
ലണ്ടൻ: കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാന് ആര് എന്ന ചോദ്യത്തിന് ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപ്പെടുന്ന വിസ്ഡൺ കണ്ടെത്തിയത് രാഹുൽ ദ്രാവിഡിനെയാണ്. സുനില്‍ ഗവാസ്കര്‍, സച്ചിന് ടെൻഡുല്‍ക്കര്‍,വിവിഎസ് ലക്ഷ്മണ് തുടങ്ങിവരൊക്കെ ഏവരുടെയും മനസിലുണ്ടെങ്കിലും വിസ്ഡൺ തെരഞ്ഞെടുത്തത് ദ്രാവിഡാണ്. സച്ചിനെ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയാണ് 'ഇന്ത്യന്‍ വന്മതില്' 50 വര്‍ഷത്തിനിടെ ഇന്ത്യ കണ്ട ബെസ്റ്റ് ബാറ്റ്സ്മാനായി മാറിയത്.
സച്ചിനുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ദ്രാവിഡ് ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത്. ടെസ്റ്റിലെ റണ്‍ മെഷീനും നിരവധി ബാറ്റിങ് റെക്കോഡുകള്‍ക്ക് അവകാശിയുമായ സച്ചിനേക്കാള്‍ ആരാധകര്‍ എക്കാലവും ഓര്‍മിക്കുന്ന ഒരുപിടി മാച്ച് വിന്നിങ് ഇന്നിങ്സുകള്‍ ദ്രാവിഡ് കളിച്ചിട്ടുണ്ട്. ഇതു തന്നെയാവാം വിസ്ഡണ്‍ ഇന്ത്യയുടെ പോളില്‍ അദ്ദേഹത്തെ മുന്നിലെത്തിച്ചത്. ദ്രാവിഡിന് 52 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ 48 ശതമാനം പേര് സച്ചിനാണ് 50 വര്‍ഷത്തിനിടയിലെ മികച്ച ടെസ്റ്റ് ബാറ്റ്സ്മാനെന്ന് അഭിപ്രായപ്പെട്ടു. 11,400 ആരാധരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.
ഗാവസ്കറും കോഹ്ലിയും ദ്രാവിഡും സച്ചിനും ആദ്യ രണ്ടു സ്ഥാനങ്ങിലെത്തിയപ്പോള് മൂന്നാംസ്ഥാനത്തിനു വേണ്ടി പോരാട്ടം നടന്നത് മുന്‍ ഇതിഹാസം ഗാവസ്കറും കോഹ്ലിയും തമ്മിലായിരുന്നു. ഒടുവില്‍ കോഹ്ലിയെ മറികടന്ന് ഗവാസ്കര്‍ മികച്ച മൂന്നാമത്തെ ടെസ്റ്റ് ബാറ്റ്സ്മാനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കോലി നാലാംസ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. ആരാധകര്‍ വെരി വെരി സ്പെഷലെന്നു വിശേഷിപ്പിക്കുന്ന മുന്‍ ടെസ്റ്റ് സ്പെഷലിസ്റ്റ് ലക്ഷ്മണ് ആദ്യ നാലു സ്ഥാനങ്ങളിലെത്തിയില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം.
വിസ്ഡണ്‍ ഇന്ത്യയുടെ പോളില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളിലെത്തിയ ദ്രാവിഡ്, സച്ചിന്, ഗാവസ്കര്‍, കോഹ്ലി എന്നിവരെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുള്ള ബാറ്റ്സ്മാന്മാര് തന്നെയാണ്. അവരുടെ നമ്പറുകള്‍ ഇത് അടിവരയിടുകയും ചെയ്യുന്നു. നാലു ബാറ്റ്സ്മാന്മാര്ക്കും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുണ്ട്. ശരാശരി, കളിച്ച മത്സരങ്ങള്‍, റണ്‍സ് എന്നിവയിലെല്ലാം മുന്നില്‍ നില്‍ക്കുന്നത് സച്ചിനാണ്. 164 മല്‍സരങ്ങളില്‍ നിന്നും 52.31 ശരാശരിയില്‍ 13,288 റണ്‍സാണ് ടെസ്റ്റില്‍ ദ്രാവിഡിന്റെ സമ്പാദ്യം. സച്ചിന് 200 ടെസ്റ്റുകളില്‍ നിന്നും 53.78 ശരാശരിയില്‍ 15,921 റണ്‍സെടുത്തിട്ടുണ്ട്. ഗാവസ്കര്‍ 125 ടെസ്റ്റുകളില്‍ നിന്നും 51.12 ശരാശരിയില്‍ 10,122ഉം കോഹ്ലി 86 ടെസ്റ്റുകളില്‍ നിന്നും 53.62 ശരാശരിയില്‍ 7240 റണ്‍സും നേടി.