Published:25 June 2020
മഞ്ഞും മഴയും പെയ്യുന്ന കാട്ടിലൂടെ കാപ്പിത്തോട്ടങ്ങള്‍ കടന്നെത്തുന്ന ഒരിടം.... ബ്രഹ്മഗിരി മലനിരകള്‍ക്ക് ചുവട്ടിലായി മുകളില്‍ നിന്നും ആര്ത്തൊലിച്ച് എത്തുന്ന ഐതിഹ്യങ്ങളാലും ചരിത്രങ്ങളാലും സമ്പന്നമായ ഒരു വെള്ളച്ചാട്ടം... രാമേശ്വരം ക്ഷേത്രത്തിനോടു ചേർന്നു നിൽക്കുന്ന ജലധാര, എല്ലാത്തിലുമുപരി ക്ഷേത്രത്തിലൂടെ മാത്രം പ്രവേശനം സാധ്യമാകുന്ന വെള്ളച്ചാട്ടം. കാവേരി നദിയുടെ ഉദ്ഭവസ്ഥാനമായ "ഇരുപ്പ് വെള്ളച്ചാട്ടം.'
നിത്യഹരിത വനത്തിനകത്തുകൂടെയുള്ള യാത്ര, ദൂരെയുള്ള മലമുകളിലെ പാറക്കൂട്ടങ്ങളിൽ നിന്നും തട്ടുതട്ടുകളായി പതിക്കുന്ന ഈ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ഒന്നു വേറെ തന്നെയാണ്. മഞ്ഞനിറത്തിലുള്ള കുഞ്ഞുപൂക്കൾ വിരിഞ്ഞുനിൽക്കുന്ന പാതയിലൂടെയാണ് യാത്ര. ഒരു വശത്ത് പാറക്കൂട്ടങ്ങളിൽ തട്ടി ചിതറി ഹർഷാരവത്തോടെ കുത്തിയൊലിച്ചൊഴുകുന്ന വെള്ളച്ചാട്ടം. മറുവശത്ത് വലിയ മരങ്ങളും കുറ്റിച്ചെടികളും മുളങ്കാടുകളും.
കടന്നു പോകുന്ന വഴികളിൽ കാടിന്റെ സംഗീതം കാതോർത്ത്, നിശബ്ദരായി നടക്കാൻ ഓർമിപ്പിക്കുന്ന ബോർഡുകൾ. എല്ലാത്തിനുമൊടുവിൽ സഞ്ചാരികളെ വരവേൽക്കാൻ കാത്ത് തൂക്കുപാലം. ഉരുളൻ പാറക്കൂട്ടങ്ങളെ തഴുകി തെളിഞ്ഞൊഴുകുന്ന നദിയുടെ ദൃശ്യം തൂക്കുപാലത്തിൽ നിന്നാൽ കാണാം. ഇരുകരകളിലും പന്തലിച്ചു നിൽക്കുന്ന കുറ്റിക്കാടുകൾ. ഓരത്തേക്ക് ചാഞ്ഞു നിൽക്കുന്ന വലിയ വൃക്ഷങ്ങൾ. തൂക്കുപാലത്തിനപ്പുറം പടവുകൾ കയറിചെന്നാൽ കാഴ്ചയുടെ നവ്യാനുഭവം പകർന്ന് ഇരുപ്പ് വെള്ളച്ചാട്ടം അഥവാ ലക്ഷ്മണ തീര്‍ഥ വെള്ളച്ചാട്ടം.
കേരളത്തിലെ വയനാട്ടിലും കര്‍ണാടകയിലെ കൂര്‍ഗിലുമായി വ്യാപിച്ചു കിടക്കുന്ന ബ്രഹ്മഗിരി മലനിരകളിലാണ് ഈ വെള്ളച്ചാട്ടം. ജൈവവൈവിധ്യത്തിന്റെ അമൂല്യ കലവറയാണിവിടം. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കൂടുതൽ അപകട സാധ്യതാ മേഖല ആയതിനാൽ വെള്ളച്ചാട്ടത്തിൽ ഇറങ്ങാൻ അനുവാദമില്ല. ഇക്കോ ടൂറിസം കേന്ദ്രമായ ഇവിടെ പ്ലാസ്റ്റിക് ബാഗുകളും ബോട്ടിലുകളും അനുവദിക്കില്ല.
പേര് വന്ന വഴി...
സഞ്ചാരികള്‍ക്കിടയില്‍ ഇരുപ്പു വെള്ളച്ചാട്ടം എന്നാണ് ഇത് അറിയപ്പെടുന്നതെങ്കിലും തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കുമിടയില്‍ ഇത് ലക്ഷ്മണ തീര്‍ഥയാണ്. തേത്രാ യുഗത്തില്‍ രാവണന് സീതയെ തട്ടിക്കൊണ്ടു പോയപ്പോള്‍ രാമനും ലക്ഷ്ണനും സീതയെ അന്വേഷിച്ച് ഈ വഴി വന്നുവത്രെ. നടന്നു തളര്‍ന്ന രാമന് സഹോദരനോട് തനിക്ക് അൽപ്പം ദാഹജലം കൊണ്ടുവന്നു തരാന്‍ ആവശ്യപ്പെട്ടു.
അവിടെയെല്ലാം ജലം അന്വേഷിച്ച് നടന്നെങ്കിലും കിട്ടിയില്ല. പിന്നീട് ലക്ഷ്മണന് അവിടുത്തെ ബ്രഹ്മഗിരി മലനിരകളിലേക്ക് അമ്പു തൊടുക്കുകയും അമ്പ് ചെന്നു നിന്നിടത്ത് നിന്നും ഒരു അരുവി ഉണ്ടാകുകയും ചെയ്തു. അങ്ങനെയാണ് ലക്ഷ്മണ തീർഥ എന്ന പേര് വന്നത്. തീര്‍ഥാടകരുടെ ഇടയില്‍ ഏറെ പ്രശസ്തമായ ഈ ക്ഷേത്രത്തില്‍ മഹാശിവരാത്രി നാളിലെത്തി പ്രാര്‍ഥിച്ചാല്‍ എല്ലാ പാപങ്ങളില്‍ നിന്നും മോചനവും മോക്ഷഭാഗ്യവും കിട്ടുമെന്നാണ് വിശ്വാസം.
എത്തിച്ചേരാന്‍...
വിരാജ്പേട്ടയില്‍ നിന്നും 40 കിലോമീറ്ററും മടിക്കേരിയില്‍ നിന്നും 80 കിലോമീറ്ററും അകലെയാണ് ഇരുപ്പു വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ബംഗളുരുവില്‍ നിന്നും 225 കിലോമീറ്റര്‍ ദൂരമുണ്ട്. തിരുനെല്ലിയില്‍ നിന്നും 31 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഇവിടെ എത്താന്‍ സാധിക്കും.