05
July 2020 - 10:55 pm IST

Download Our Mobile App

Flash News
Archives

Football

Liverpool, Premier League, Football

സിറ്റി തോറ്റു, ലിവർപൂളിനു പട്ടാഭിഷേകം

Published:26 June 2020

പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരും കഴിഞ്ഞ സീസണിലെ ജേതാക്കളുമായ മാഞ്ചസ്റ്റര്‍ സിറ്റി, ഇന്നലെ നടന്ന മത്സരത്തിൽ ചെൽസി യോടു പരാജയപ്പെട്ടതാണ് ലിവറിനെ കിരീടധാരണത്തിലെത്തിച്ചത്.

ലണ്ടന്‍: ഇംഗ്ലണ്ടിൽ ലീഗ് കിരീടത്തിനു വേണ്ടിയുള്ള ലിവര്‍പൂളിന്റെ 30 വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമം. പ്രീമിയര്‍ ലീഗ് യുഗത്തില്‍ ഇതാദ്യമായി ലിവര്‍പൂള്‍ കിരീടത്തിൽ മുത്തമിട്ടു. പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരും കഴിഞ്ഞ സീസണിലെ ജേതാക്കളുമായ മാഞ്ചസ്റ്റര്‍ സിറ്റി, ഇന്നലെ നടന്ന മത്സരത്തിൽ ചെൽസി യോടു പരാജയപ്പെട്ടതാണ് ലിവറിനെ കിരീടധാരണത്തിലെത്തിച്ചത്. ചെല്‍സിയോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു സിറ്റി പരാജയപ്പെടുകയായിരുന്നു. ഇതോടെ ഏഴു റൗണ്ടുകള്‍ ബാക്കി നില്‍ക്കെ ലിവര്‍പൂള്‍ ചാംപ്യന്‍പട്ടം ഉറപ്പിച്ചു.

സിറ്റിയേക്കാള്‍ 23 പോയിന്റ് മുന്നിലുള്ള ലിവര്‍പൂളിന്റെ കിരീടധാരണം നേരത്തേ തന്നെ ഉറപ്പായിരുന്നു. സിറ്റിക്കു നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ ചെല്‍സിക്കെതിരേ ജയം അനിവാര്യമായിരുന്നു. എന്നാല്‍ ചെല്‍സിയോട് അവരുടെ മൈതാനത്ത് സിറ്റി തലകുനിച്ചതോടെ ലിവര്‍പൂള്‍ അര്‍ഹിച്ച കിരീടം സ്വന്തമാക്കുകയും ചെയ്തു.

ക്രിസ്റ്റ്യന്‍ പുലിസിച്ച് (36ാം മിനിറ്റ്), വില്ല്യന്‍ (78) എന്നിവരുടെ ഗോളുകളാണ് സിറ്റിക്കെതിരേ ചെല്‍സിക്കു ജയം സമ്മാനിച്ചത്. സിറ്റിയുടെ ഗോള്‍ 55ാം മിനിറ്റില്‍ കെവിന്‍ ഡിബ്രുയ്‌നെയുടെ വകയായിരുന്നു. 77ാം മിനിറ്റില്‍ ഫെര്‍ണാണ്‍ഡീഞ്ഞോ നേരിട്ട് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായത്  സിറ്റിക്കു നാണക്കേടായി. 

തൊണ്ണൂറിൽ കിരീടം

1990ലാണ് ലിവര്‍പൂള്‍ അവസാനമായി ഇംഗ്ലീഷ് ഫുട്‌ബോളിലെ ജേതാക്കളായത്. ഇത്തവണ കിരീടം നേടിയതോടെ പുതിയൊരു റെക്കോഡും ലിവര്‍പൂള്‍ തങ്ങളുടെ പേരില്‍ കുറിച്ചു. ഏറ്റവും വേഗത്തില്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ടീമെന്ന നേട്ടത്തിനാണ് യുര്‍ഗന്‍ ക്ലോപ്പിന്റെ കുട്ടികള്‍ അവകാശികളായത്. സീസണില്‍ ഇനിയും ഏഴു കളികള്‍ നടക്കാനിരിക്കെയാണ് ലിവര്‍പൂള്‍ ഒന്നംസ്ഥാനമുറപ്പിച്ചത്. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ മറ്റൊരു ടീമും ഏഴു റൗണ്ടുകള്‍ ബാക്കിനില്‍ക്കെ ചാംപ്യന്‍മാരായിട്ടില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും പങ്കിട്ട റെക്കോര്‍ഡാണ് ലിവര്‍പൂള്‍ പഴങ്കഥയാക്കിയത്. 2000-01ല്‍ യുണൈറ്റഡും 2017-18ല്‍ സിറ്റിയും അഞ്ചു റൗണ്ടുകള്‍ ബാക്കി നില്‍ക്കെ ചാംപ്യന്‍മാരായിട്ടുണ്ട്. 

 ബുധനാഴ്ച നടന്ന ലീഗ് മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ 4-0ന് തകര്‍ത്തുവിട്ടപ്പോള്‍ തന്നെ ലിവര്‍പൂള്‍ കിരീടത്തിനു ത്തെത്തിയിരുന്നു. ഒടുവില്‍ മുഖ്യ എതിരാളികളായ സിറ്റി ചെല്‍സിക്കു മുന്നില്‍ കീഴടങ്ങിയതോടെ കൂടുതല്‍ കാത്തുനില്‍ക്കാതെ ലിവര്‍പൂള്‍ കിരീടം തലയിലേറ്റി.  പ്രീമിയര്‍ ലീഗില്‍ ജേതാക്കളാവുന്ന ടീമിന്റെ ഏറ്റവും മികച്ച ലീഡ് കൂടിയാണ് ഇത്തവണ ലിവര്‍പൂളിന്റെ (23 പോയിന്റ്) പേരിലുള്ളത്. ഇനി ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും 15 പോയിന്റ് കൂടി നേടിയാല്‍ ലീഗിന്റെ ഒരു സീസണില്‍ ഏറ്റവുമധികം പോയിന്റ് നേടിയ ടീമെന്നറെക്കോര്‍ഡ് ലിവര്‍പൂളിനു സ്വന്തമാവും. മാത്രമല്ല ഹോംഗ്രൗണ്ടില്‍ ഒരു സീസണില്‍ കളിച്ച എല്ലാ മല്‍സരങ്ങളും ജയിച്ച ടീമെന്ന റെക്കോര്‍ഡും ക്ലോപ്പിൻ്റെ റെഡ്‌സിനെ കാത്തിരിക്കുന്നുണ്ട്.

സീസണിന്റെ തുടക്കം മുതല്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ലിവര്‍പൂള്‍ കാഴ്ചവച്ചത്. ആദ്യത്തെ എട്ടു മത്സരങ്ങളിലും ജയിച്ച അവര്‍ ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ലെന്നു എതിരാളികള്‍ക്കു മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ഒക്ടോബറില്‍ സിറ്റിയാണ് ലിവര്‍പൂളിന്റെ വിജയക്കുതിപ്പ് അവസാനിപ്പിച്ചത്. അന്ന് മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. എന്നാല്‍ പിന്നീട് നടന്ന 18 മത്സരങ്ങളിലും ലിവര്‍പൂള്‍ വിജയിച്ചു. നവംബറില്‍ സിറ്റിക്കെതിരായ 3-1ന്റെ ജയവും ഇതില്‍പ്പെടുന്നു. ജനുവരി 29ന് വെസ്റ്റ്ഹാമിനെ 2-0നു തോല്‍പ്പിച്ചതോടെ ലീഗില്‍ ഒരു സീസണില്‍ എല്ലാ ടീമുകളെയും പരാജയപ്പെടുത്തിയ ആദ്യ ക്ലബ്ബായി ലിവര്‍പൂള്‍ മാറിയിരുന്നു.

ഒരു ഘട്ടത്തില്‍ 2003-04 സീസണില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ മുന്നേറിയ ആഴ്‌സണലിന്റെ റെക്കോര്‍ഡിനൊപ്പം ലിവര്‍പൂള്‍ എത്തുമെന്ന് ഏവരും കരുതിയിരുന്നു. എന്നാല്‍ വാറ്റ്ഫഡിനോടേറ്റ 0-3ന്റെ ഞെട്ടിക്കുന്ന തോല്‍വിയോടെ ഈ പ്രതീക്ഷ അവസാനിച്ചു. ഈ സീസണില്‍ റെഡ്‌സിനു നേരിട്ട ഏക പരാജയവും ഇതു തന്നെയാണ്. പരിശീലകനായ യർഗൻ ക്ലോപ്പിൻ്റെ കൂടി വിജയമാണിത്.


വാർത്തകൾ

Sign up for Newsletter



top