Published:26 June 2020
കണ്ണൂർ: ഉണക്ക മീനിന് പൊള്ളുന്ന വില. ദിവസങ്ങള്‍ക്ക് മുമ്പ് 480 രൂപ വിലയുണ്ടായിരുന്ന ഉണക്ക ചെമ്മീനിന് കിലോയ്ക്ക് ഇപ്പോള്‍ 600 രൂപയിലെത്തി. 300 രൂപയുണ്ടായിരുന്ന നെത്തലിന് 500 രൂപയും 480 രൂപയുണ്ടായിരുന്ന സ്രാവിന് 600 രൂപയും 200 രൂപയുണ്ടായിരുന്ന നങ്കിന് 360 രൂപയും മുള്ളന്‍ 200ല്‍ നിന്ന് 300 രൂപയായും ഉയര്‍ന്നു. ട്രോളിംഗ് ഏര്‍പ്പെടുത്തിയതോടെ പുറമെ നിന്നെത്തുന്ന പച്ച മീനിന് നേരത്തെ തന്നെ വില ഉയര്‍ന്നിരുന്നു. അതിനിടെയാണ് ഉണക്ക മീനിനും വില കുത്തനെ ഉയര്‍ന്നത്.
ആന്ധ്രയില്‍ നിന്നാണ് വടക്കൻ ജില്ലകളിലേയ്ക്ക് അടക്കമുള്ള സ്ഥലങ്ങളിലേക്ക് ഉണക്ക മീന്‍ എത്തുന്നത്. മീനിന്റെ ലഭ്യത കുറഞ്ഞതാണ് വില കുതിക്കാന്‍ കാരണം. മഴക്കാലങ്ങളില്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത് ഉണക്ക മീനാണ്. വില കുത്തനെ ഉയര്‍ന്നത് ആവശ്യക്കാരെ ദുരിതത്തിലാക്കും.