05
July 2020 - 9:50 pm IST

Download Our Mobile App

Flash News
Archives

Travel

palaruvi-waterfalls.jpg

പതഞ്ഞൊഴുകുകയാണ് പാലരുവി....

Published:27 June 2020

# ബിനിത ദേവസി

പാലരുവി വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന് സമീപവാസികൾക്കിടയിൽ ഒരു വിശ്വാസമുണ്ട്. ഈ വിശ്വാസത്തിനു ശാസ്ത്രീയ അടിത്തറയുണ്ടെന്ന് ചില വിദഗ്ധരും കരുതുന്നു. ഉൾ‌വനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിനു ഔഷധഗുണമുണ്ടാകും എന്നാണ് അവരുടെ വാദം.

നിത്യഹരിത വനത്തിനാൽ മൂടപ്പെട്ട വെള്ളച്ചാട്ടം...... സഹ്യപർ‌വതനിരകളിൽപ്പെട്ട രാജക്കൂപ്പ് മലനിരകളിൽ നിന്നും ഉത്ഭവിച്ച്, 300 അടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നു. ‌"പാലരുവി വെള്ളച്ചാട്ടം', പാലിന്‍റെ അരുവി. പാലരുവി എന്ന് പേര് വരാനുള്ള കാരണവും ഇതു തന്നെ.
ടൂറിസം വകുപ്പിന്‍റെ ടിക്കറ്റ് കൗണ്ടർ ഓഫിസിൽ നിന്നും ടിക്കറ്റെടുത്ത് ടൂറിസം വകുപ്പിന്‍റെ വാഹനത്തിൽ നേരെ പാലരുവിയിലേക്ക്.

ടൂറിസം വകുപ്പിന്‍റെ വണ്ടിയെ ആശ്രയിച്ചില്ലെങ്കിൽ നാല് കിലോമീറ്ററോളം വനത്തിനുള്ളിലൂടെ നടന്നും വെള്ളച്ചാട്ടത്തിനടുത്തെത്താം. ചുറ്റും പച്ചവിരിച്ച മരങ്ങൾക്കിടയിലൂടെയുള്ള യാത്ര. ടാറിട്ട റോഡ് ചെന്ന് അവസാനിക്കുന്നത് വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലാണ്. ഇവിടുന്നങ്ങോട്ട് 100 മീറ്ററോളം മുകളിലേക്ക് നടന്നു കയറണം.

പോകുന്ന വഴികളിൽ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ സഞ്ചാരികൾക്ക് സ്വാഗതമേകും. പാറക്കൂട്ടങ്ങൾക്കിടയിലൂടെ യാത്രയായതിനാൽ സുരക്ഷയ്ക്കായി കൈവിരികൾ പിടിപ്പിച്ചിട്ടുണ്ട്. മുകളിലേക്ക് കട്ട വിരിച്ച നടകൾ. 50 മീറ്ററോളം നടകൾ കയറിയാൽ പാലരുവിയുടെ ഏറ്റവും മുകളിലെത്താം.

ഉയരത്തിലുള്ള പാറക്കൂട്ടങ്ങളെ ചിന്നിചിതറിച്ച് അതിമനോഹരിയായാണ് പാലരുവിയുടെ ഒഴുക്ക്. മഞ്ഞുപുതച്ച നീലമലകളും ഹരിതാഭമായ താഴ്‌വരകളുമാണ് വെള്ളച്ചാട്ടത്തിന് പശ്ചാത്തലമൊരുക്കുന്നത്. അചുംബിത വനത്തിന്‍റെ പ്രശാന്തതയെ ഭജ്ജിച്ചുകൊണ്ട് വെള്ളച്ചാട്ടത്തിന്‍റെ ഹുങ്കാരം എപ്പോഴും മുഴങ്ങികൊണ്ടിരിക്കും.

നീരൊഴുക്ക് കുറവാണെങ്കിൽ ഗൈഡുകളുടെ സഹായത്തോടെ അരുവിയിൽ ഇറങ്ങി കുളിക്കാനും സാധിക്കും. ഇവിടുത്തെ പ്രദേശിക ജനവിഭാഗത്തിന്‍റെ സഹായത്തോടെയുള്ള ഇക്കോ ട്രിപ്പുകള്‍ വെള്ളച്ചാട്ടത്തിനടുത്തേക്കെത്താന്‍ സഹായിക്കും. ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ വരുന്നതാണ് ഏറ്റവും നല്ലത്.

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലാണ് പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് അരുവികൾ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപ്പപ്പെടുന്നത്. രാജവാഴ്ചക്കാലം മുതൽ തന്നെ ഒരു സുഖവാസകേന്ദ്രമായാണ് പാലരുവി അറിയപ്പെടുന്നത്. രാജവാഴ്ചയുടെ അവശേഷിപ്പുകളായ കുതിരലായവും ഒരു കൽമണ്ഡപവും ഇവിടെ ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്.

പാലരുവി വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന് സമീപവാസികൾക്കിടയിൽ ഒരു വിശ്വാസമുണ്ട്. ഈ വിശ്വാസത്തിനു ശാസ്ത്രീയ അടിത്തറയുണ്ടെന്ന് ചില വിദഗ്ധരും കരുതുന്നു. ഉൾ‌വനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിനു ഔഷധഗുണമുണ്ടാകും എന്നാണ് അവരുടെ വാദം.

എത്തിച്ചേരാൻ...

ഏറ്റവും അടുത്തുള്ള റെയ്ല്‍വെ സ്റ്റേഷന്‍ കൊല്ലം ആണ്. അവിടെ നിന്ന് ഏകദേശം 75 കിലോമീറ്റര്‍. തിരുവനന്തപുരം ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് സമീപത്തുള്ള എയർപോർട്ട്.


വാർത്തകൾ

Sign up for Newsletter



top