05
July 2020 - 9:39 pm IST

Download Our Mobile App

Flash News
Archives

china

ചൈനയെ തളർത്തും, ഡിജിറ്റൽ പ്രഹരം

Published:30 June 2020

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇന്‍റർനെറ്റ് മാർക്കറ്റാണ് ഇന്ത്യ.2019ൽ വാട്സ് ആപ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡൗൺ ലോഡ് ചെയ്തത് ടിക് ടോക്കാണ്. ടോപ് ട്വന്‍റി പട്ടികയിൽ രണ്ടാം സ്ഥാനത്ത്.

മുംബൈ: സാങ്കേതിക വിദ്യാ വിപണിയിൽ, പ്രത്യേകിച്ച് മൊബൈൽ- ഇന്‍റർനെറ്റ് മേഖലയിൽ കുതിച്ചുചാട്ടത്തിന്‍റെ ചരിത്രങ്ങൾ സൃഷ്ടിക്കുന്ന ചൈനയ്ക്ക് കനത്ത തിരിച്ചടിയാണ് ഇന്ത്യ തിങ്കളാഴ്ച പ്രഖ്യാപിച്ച 59 ചൈനീസ് ആപ്പുകളുടെ നിരോധനം. ഇന്ത്യയുടെ ഡിജിറ്റൽ സ്ട്രൈക്ക് മറ്റു പ്രമുഖ രാജ്യങ്ങളും ശ്രദ്ധിക്കുമെന്നുറപ്പാണ്. അവരും ചൈനീസ് ആപ്പുകളെ ഭയപ്പെടാൻ തുടങ്ങിയാൽ അതു കൂടുതൽ തിരിച്ചടികളുണ്ടാക്കുകയും ചെയ്യും.

ഡാറ്റാ ചോർച്ച, ദേശസുരക്ഷയെ ബാധിക്കുന്ന വിഷയം എന്നതെല്ലാം നിസാരമായി കാണാനാവില്ലല്ലോ മറ്റു രാജ്യങ്ങൾക്കും. സ്വകാര്യത നഷ്ടപ്പെടുത്തുകയും ഡാറ്റകൾ വിദേശത്തേക്കു ചോരുകയും ചെയ്യുന്നു എന്നു നിരവധി പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇവ നിരോധിച്ചതെന്നു വ്യക്തമാക്കുന്നുണ്ട് ഇന്ത്യയുടെ ഐടി മന്ത്രാലയം.

കൊവിഡ് ലോകം മുഴുവൻ പടർത്തിയതിന്‍റെ പഴി കേൾക്കുന്ന ചൈനയുടെ വിശ്വാസ്യത കൂടുതൽ ഇടിക്കുകയാണ് ഇന്ത്യൻ നീക്കം. ഇന്ത്യയുടെ ബഹിഷ്കരണ ആഹ്വാനത്തിൽ നേരത്തേ തന്നെ ആശങ്കയിലായ ചൈനീസ് വ്യവസായ മേഖലയുടെ ചങ്കിടിപ്പ് പതിന്മടങ്ങു വർധിപ്പിക്കും ഈ തീരുമാനം. ഇന്ത്യയുമായുള്ള സൗഹൃദം ഉപേക്ഷിക്കാൻ വയ്യാത്ത അവസ്ഥയിലാണ് ചൈനയുടെ സാങ്കേതിക വിദ്യാ വിപണിയും. തൊട്ടടുത്തുള്ള 130 കോടി ജനങ്ങളുടെ മാർക്കറ്റാണ് ഇന്ത്യ അവർക്ക്.

ഗാൽവൻ താഴ്വരയിൽ ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിനു കാരണമായ ചൈനീസ് ആക്രമണത്തിനു കിട്ടുന്ന ഏറ്റവും ശക്തമായ തിരിച്ചടിയാണ് ആപ്പുകളുടെ നിരോധനം. ചൈനയെ ബഹിഷ്കരിക്കുകയെന്ന ആഹ്വാനം ഒന്നിനൊന്നു കരുത്തേറി വരികയാണ്.

അതിൽ ഏറ്റവും നിർണായകമായി മാറിയിരിക്കുന്നു ആപ്പുകൾ ബ്ലോക്ക് ചെയ്യുന്നത്.  രാജ്യത്തെ മൂന്നിലൊന്ന് സ്മാർട്ട് ഫോൺ ഉപയോക്താക്കളെ ബാധിക്കുന്ന തീരുമാനമാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്രയേറെ വിദേശ ആപ്പുകൾ ഇന്ത്യ ഒരുമിച്ചു നിരോധിക്കുന്നത് ഇതാദ്യം.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇന്‍റർനെറ്റ് മാർക്കറ്റാണ് ഇന്ത്യ. ഒന്നാം സ്ഥാനത്ത് ചൈന തന്നെ. 85 കോടിയിലേറെ ഇന്‍റർനെറ്റ് ഉപയോക്താക്കളാണ് അവിടെയുള്ളത്. ഇന്ത്യയിൽ 56 കോടിയിലേറെ ഉപയോക്താക്കൾ. മൂന്നാം സ്ഥാനത്തുള്ള അമെരിക്കയിൽ 31 കോടിയിലേറെയാണ്. ടിക് ടോക്കിന്‍റെ കാര്യത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡുകളുള്ളത് ഇന്ത്യയിലാണ്.

ചൈന രണ്ടാം സ്ഥാനത്തേ വരൂ. ഇന്ത്യയിലെ പ്രമുഖ സ്മാർട്ട് ഫോൺ വിൽപ്പനക്കാരായ സിയോമിയുടെ കമ്യൂണിറ്റി, വിഡിയോ കോൾ ആപ്പുകൾ, ആലിബാബ ഗ്രൂപ്പിന്‍റെ യുസി ബ്രൗസർ, യുസി ന്യൂസ് എന്നിവ ഏറെ പ്രചാരമുള്ളവയാണ്. ഷെയർഇറ്റ്, സിഎം ബ്രൗസർ, ക്ലബ് ഫാക്റ്ററി, ഇഎസ് ഫയൽ എക്സ്പ്ലോറർ തുടങ്ങിയവയ്ക്കും പ്രചാരമേറെ.

ലോകത്തു തന്നെ സ്മാർട്ട് ഫോൺ ആപ്പ് ഉപയോഗത്തിൽ ചൈനയുടെ സ്വാധീനം വളരെയേറെയാണ്. ലോകത്തെ ആപ് ഡൗൺലോഡുകളിൽ പകുതിയോളം ചൈനയിൽ നിന്നുള്ളവയാണെന്ന്  ബീജിങ്ങിലും സാൻഫ്രാൻസിസ്കോയിലും ആസ്ഥാനങ്ങളുള്ള ആപ് ആനിയുടെ 2018ലെ പഠനം കണ്ടെത്തിയിരുന്നു.

ആപ്പുകളുടെ വികസനത്തിനു ലോകത്തു ചെലവഴിക്കുന്നതിന്‍റെ 40 ശതമാനവും ചൈനയിലാണെന്നും അവർ കണ്ടെത്തിയതാണ്. യുഎസിനെയും യൂറോപ്പിനെയുമെല്ലാം കടത്തിവെട്ടുന്നതാണ് ചൈനയുടെ ടെക് ഇക്കോണമി. ചൈനയിൽ കണ്ണുവച്ചാണു പാശ്ചാത്യ ആപ് ഡെവലപ്പർമാരും പ്രവർത്തിക്കുന്നത്.

2019ൽ വാട്സ് ആപ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡൗൺ ലോഡ് ചെയ്തത് ടിക് ടോക്കാണ്. ടോപ് ട്വന്‍റി പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ആറാം സ്ഥാനത്തുണ്ട് ഇന്ത്യ നിരോധിച്ച ലൈക്കി. അതിനു തൊട്ടടുത്ത് ഷെയർഇറ്റുമുണ്ട്. പതിനൊന്നാം സ്ഥാനത്താണ് ഇപ്പോൾ നിരോധനമായ യുസി ബ്രൗസർ. പതിനെട്ടാം സ്ഥാനത്ത് ഹെലോയുമുണ്ട്.


വാർത്തകൾ

Sign up for Newslettertop