05
July 2020 - 9:19 pm IST

Download Our Mobile App

Flash News
Archives

Kerala

kochi, Chinese Containers, Kochi Port

കൊച്ചിയിലും ചൈനീസ് കണ്ടെയ്‌നറുകള്‍ തടഞ്ഞു; വ്യാപാരികള്‍ പ്രതിസന്ധിയില്‍

Published:30 June 2020

ചൈനയിൽനിന്ന് എത്തിയ നൂറുകണക്കിന് കണ്ടെയ്‌നറുകള്‍ തുറമുഖത്ത് പിടിച്ചിട്ടിരിക്കുകയാണ്. ഈമാസം 23ന് ഉച്ചയ്ക്കുശേഷമാണ് കൊച്ചി തുറമുഖത്ത് കണ്ടെയ്‌നറുകൾ പിടിച്ചിടാൻ തുടങ്ങിയതെന്ന് ചൈനീസ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന വ്യാപാരികൾ പറയുന്നു.

കൊച്ചി: ചൈനയുമായുള്ള അതിർത്തിസംഘർഷത്തെ തുടർന്നുണ്ടായ അപ്രഖ്യാപിത വ്യാപാരയുദ്ധം കൊച്ചി തുറമുഖത്തും പ്രതിസന്ധി സൃഷ്ടിക്കുന്നു. ചൈനയിൽനിന്ന് എത്തിയ നൂറുകണക്കിന് കണ്ടെയ്‌നറുകള്‍ തുറമുഖത്ത് പിടിച്ചിട്ടിരിക്കുകയാണ്. ഈമാസം 23ന് ഉച്ചയ്ക്കുശേഷമാണ് കൊച്ചി തുറമുഖത്ത് കണ്ടെയ്‌നറുകൾ പിടിച്ചിടാൻ തുടങ്ങിയതെന്ന് ചൈനീസ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന വ്യാപാരികൾ പറയുന്നു.

ചൈനീസ്  കണ്ടെയ്‌നറുകൾ തടയാൻ ഔദ്യോഗിക ഉത്തരവില്ലെങ്കിലും  ഉൽപ്പന്നങ്ങൾ പൂർണമായി പരിശോധിച്ചശേഷമേ പുറത്തേക്ക് വിടൂ എന്നതാണ് കസ്റ്റംസ് നിലപാട്. എന്നാൽ, കൊച്ചി തുറമുഖത്ത് പരിശോധനയൊന്നും നടത്താതെ കണ്ടെയ്നറുകൾ പിടിച്ചിടുകയാണ് ചെയ്യുന്നതെന്ന് വ്യാപാരികൾ പറയുന്നു. 4,40,000 രൂപ ഇറക്കുമതിത്തീരുവ അടച്ച് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയശേഷം പുറത്തേക്ക് കൊണ്ടുവരാൻ ലോറിയിൽ കയറ്റിയ കണ്ടെയ്‌നര്‍പോലും തടഞ്ഞുവച്ചിരിക്കുകയാണെന്ന് കൊച്ചിയിലെ ഇന്ത്യൻ ഹാർഡ്‌വെയർ സ്റ്റോഴ്‌സ് ഉടമ നിയാസ് ഇബ്രാഹിം പറഞ്ഞു. സാധാരണ തുറമുഖത്ത് ഇറക്കുമതി ഡ്യൂട്ടി അടച്ചുകഴിഞ്ഞാൽ അന്നുതന്നെ കണ്ടെയ്‌നർ പുറത്തേക്ക് വിടുകയാണ് പതിവ്.

കണ്ടെയ്‌നർ തടഞ്ഞുവയ്ക്കുമ്പോൾ വൻ സാമ്പത്തികബാധ്യതയാണ് വ്യാപാരികൾക്ക് വരുന്നത്. ലോറിയിൽ കയറ്റിയ കണ്ടെയ്നറുകൾക്ക് കയറ്റുക്കൂലിയും ലോറിവാടകയും കണ്ടെയ്നർ സ്റ്റേഷൻ വാടകയും 14 ദിവസത്തിലേറെ വൈകിയാൽ കണ്ടെയ്നർ വാടകയും നൽകേണ്ടിവരും. ബാങ്കിൽനിന്ന് ഓവർഡ്രാഫ്റ്റ് എടുത്തും മറ്റുതരത്തിൽ വായ്പ വാങ്ങിയും മറ്റുമാണ് പലരും ചരക്ക് കൊണ്ടുവരുന്നത്‌. അതിന്റെ പലിശ വേറെയും വരും. ലോക്ക്ഡൗൺമൂലം കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് ഈ ദ്രോഹംകൂടി ചെയ്യുന്നത് തൃപ്പൂണിത്തുറയിലെ റോയൽ ഗ്ലോബേലിയ മാരിടൈം സൊലൂഷൻസിന്റെ ഡയറക്ടർ ഹരികുമാർനായർ പറഞ്ഞു. ലോക്ക്ഡൗണിനുശേഷം വിപണി ഉണർന്നുവരുമ്പോൾ അവശ്യസാധനങ്ങൾ കിട്ടാത്തതിനാൽ വ്യവസായ, നിർമാണ മേഖലകളടക്കം വിവിധ മേഖലകൾ പ്രതിസന്ധിയിലായിരിക്കുകയാണ്.

നിർമാണമേഖലയ്ക്ക് ആവശ്യമായ ബാത്ത് റൂം, സാനിറ്ററി ഉൽപ്പന്നങ്ങളുടെ നിരവധി കണ്ടെയ്‌നറുകളാണ് കൊച്ചി തുറമുഖത്ത് തടഞ്ഞിട്ടിരിക്കുന്നതെന്ന്  കൊച്ചിയിലെ ക്രിസിൽ ബാത്ത് ആൻഡ് വെൽനസ്സിന്റെ എംഡി  എം കെ അൻസാരി പറഞ്ഞു. അതിർത്തിയിൽ സംഘർഷം ഉണ്ടാകുന്നതിനുമുമ്പ് ചൈനയിൽനിന്ന്‌ കപ്പൽ കയറിയ ചരക്കുകളാണ് തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്നതെന്നും ഇതിലൂടെ വ്യാപാരികൾക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തണമെന്നും പലിശയിളവ് അനുവദിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.


വാർത്തകൾ

Sign up for Newsletter



top