07
August 2020 - 1:00 am IST

Download Our Mobile App

Bollywood

83-sooryavanshi

സൂര്യവൻശി ദീപാവലിക്ക്, "83' ക്രിസ്മസിന്

Published:30 June 2020

സൂപ്പർ സ്റ്റാർ അക്ഷയ് കുമാറിന്‍റെ "സൂര്യവൻശി' ദീപാവലിക്ക് തീയെറ്ററുകളിൽ എത്തുമെന്ന് റിലയൻസ് എന്‍റർടെയ്ൻമെന്‍റ് പ്രഖ്യാപിച്ചു. രൺവീർ സിങ് നായകനായി എത്തുന്ന ഏറെ ചർച്ച ചെയ്യപ്പെട്ട "83' ക്രിസ്മസിനാവും റിലീസ് ചെയ്യുകയെന്നും കമ്പനി.

മുംബൈ: സിനിമാ പ്രേമികൾ കാത്തിരിക്കുന്ന, സൂപ്പർ സ്റ്റാർ അക്ഷയ് കുമാറിന്‍റെ "സൂര്യവൻശി' ദീപാവലിക്ക് തീയെറ്ററുകളിൽ എത്തുമെന്ന് റിലയൻസ് എന്‍റർടെയ്ൻമെന്‍റ് പ്രഖ്യാപിച്ചു. രൺവീർ സിങ് നായകനായി എത്തുന്ന ഏറെ ചർച്ച ചെയ്യപ്പെട്ട "83' ക്രിസ്മസിനാവും റിലീസ് ചെയ്യുകയെന്നും കമ്പനി. 1983ലെ ലോകകപ്പ് ക്രിക്കറ്റ് കിരീടനേട്ടത്തിന്‍റെ പശ്ചാത്തലത്തിൽ കപിൽദേവിന്‍റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയാണിത്. കപിലായി എത്തുന്നത് രൺവീർ സിങ്ങാണ്. 

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സൂര്യവൻശി മാർച്ച് 24ന് റിലീസ് ചെയ്യാനിരുന്നതാണ്. കബീർ ഖാൻ സംവിധാനം ചെയ്യുന്ന 83 ഏപ്രിൽ പത്തിന് തീയെറ്ററുകളിലെത്തിക്കാനായിരുന്നു പദ്ധതി. കൊവിഡ് സാഹചര്യങ്ങൾ മൂലമാണ് രണ്ടിന്‍റെയും റിലീസ് മാറ്റിവച്ചത്.

ഈ രണ്ടു സിനിമകൾ ആദ്യം തീയെറ്ററുകളിൽ എത്തിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് റിലയൻസ് എന്‍റർടെയ്ൻമെന്‍റ് വ്യക്തമാക്കി. തീയെറ്ററുകൾ തുറക്കാൻ സർക്കാർ തീരുമാനിക്കുകയും സുരക്ഷിതമായ സാഹചര്യത്തിൽ സിനിമാ ഹാളുകൾ തുറക്കുകയും ചെയ്താൽ ഈ സിനിമകൾ ആദ്യം ഇറങ്ങും- ഗ്രൂപ്പ് സിഇഒ ഷെയ്ബാഷിഷ് സർക്കാർ പറഞ്ഞു. ദീപാവലിയാകുമ്പോഴേക്കും കാര്യങ്ങൾ നേരേയാകുമെന്ന ശുഭപ്രതീക്ഷയാണ് തങ്ങൾക്കുള്ളതെന്നും അദ്ദേഹം. 

കൊവിഡിനു ശേഷം തീയെറ്ററുകളിൽ എത്തിക്കാൻ സമയം പ്രഖ്യാപിക്കുന്ന ആദ്യ രണ്ടു വലിയ സിനിമകളാണ് സൂര്യവൻശിയും 83യും. പ്രമുഖ താരങ്ങളുടെ പല സിനിമകളും തീയെറ്ററുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഡിജിറ്റൽ റിലീസിന് തയാറായി. മെഗാസ്റ്റാർ അമിതാഭ് ബച്ചനും ആയുഷ്മാൻ ഖുറാനയും ഒരുമിച്ച ഗുലാബോ സിതാബോയാണ് ഡിജിറ്റൽ റിലീസ് ചെയ്ത ആദ്യ ബിഗ് ഹിന്ദി ചിത്രം.

വിദ്യാ ബാലൻ അഭിനയിച്ച ശകുന്തള ദേവി, ജാൻവി കപൂറിന്‍റെ ഗുഞ്ചൻ സക്സേന- ദി കാർഗിൽ ഗേൾ, സുശാന്ത് സിങ് രാജ്പുട്ടിന്‍റെ അവസാന ചിത്രം ദിൽ ബെചാര എന്നിവയും നേരിട്ട് ഡിജിറ്റൽ റിലീസിന് തയാറായി. മറ്റു നിരവധി ചിത്രങ്ങളും ഡിജിറ്റൽ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top