07
August 2020 - 12:26 am IST

Download Our Mobile App

Wellness

Muralee-Thummarukudy.jpg

പച്ചിലകൾ മുതൽ പ്ലാസ്റ്ററിങ്ങ് വരെ, വൈദ്യശാഖയുടെ യാത്ര തുടരുന്നു; മുരളി തുമ്മാരുകുടി പറയുന്നു

Published:01 July 2020

അമ്മ തന്നെയായിരുന്നിരിക്കും എല്ലാവരുടെയും ആദ്യത്തെ ഡോക്ടർ. പിന്നെ മന്ത്രവാദികളായി, ലാടന്മാരായി, മെഡിസിൻ മാൻ ആയി, ബോമോ ആയി, പാരമ്പര്യ വൈദ്യമായി ലോകത്തെവിടെയും അവരുടെ കുലം വളർന്നു.  

ജൂലൈ ഒന്ന് ഡോക്ടർമാരുടെ ദേശീയ ദിനമാണെന്ന് ഫെയ്സ്ബുക്ക് ഓർമ്മിപ്പിക്കുന്നു.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള തൊഴിലുകളിൽ ഒന്നാണ് വൈദ്യന്മാരുടേത്. സ്വന്തം കുഞ്ഞിന് എന്തെങ്കിലും വിഷമമുണ്ടായാൽ അതിന് തനിക്കാവുന്നത് പോലുള്ള മനോധർമ്മ ചികിത്സ നടത്തിയ അമ്മ തന്നെയായിരുന്നിരിക്കും എല്ലാവരുടെയും ആദ്യത്തെ ഡോക്ടർ. പിന്നെ മന്ത്രവാദികളായി, ലാടന്മാരായി, മെഡിസിൻ മാൻ ആയി, ബോമോ ആയി, പാരമ്പര്യ വൈദ്യമായി ലോകത്തെവിടെയും അവരുടെ കുലം വളർന്നു.  

മന്ത്രം, തന്ത്രം, പച്ചിലകൾ, മെർക്കുറി, ഓപ്പറേഷൻ, പ്ലാസ്റ്ററിങ്ങ് തുടങ്ങി ശാസ്ത്രീയവും അശാസ്ത്രീയവുമായ പലതും വൈദ്യശാഖയിൽ എത്തി. പുതിയ അറിവുകളുണ്ടായി, പഴയത് ഇല്ലാതായി. അങ്ങനെ ഒരിക്കലും അവസാനിക്കാതെ വൈദ്യശാഖയുടെ യാത്ര തുടരുന്നു...

കഴിഞ്ഞ നൂറ്റാണ്ടിൽ വൈദ്യശാസ്ത്രരംഗത്ത് വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. നിസ്സാര രോഗങ്ങൾ പോലും ആളുകളുടെ ജീവനെടുത്തിരുന്ന കാലം കഴിഞ്ഞു. ഞാൻ മുൻപൊരിക്കൽ പറഞ്ഞത് പോലെ എല്ലാ സമ്പത്തും അധികാരവും ഉണ്ടായിരുന്നിട്ടു പോലും രാജാക്കന്മാരും രാജ്ഞിമാരും അക്കാലത്ത് അന്പത് വയസ് കടക്കാൻ കഷ്ടപ്പെട്ടു.

1964 ൽ ജനിച്ച ഞാൻ തികച്ചും സ്വാഭാവികമെന്ന പോലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തിയത് വൈദ്യശാസ്ത്രത്തിന്‍റെ പുരോഗതിയുടെ പിൻബലത്തിലാണ്. 1864 ലാണ് ഞാൻ ജനിച്ചിരുന്നതെങ്കിൽ, ഞാൻ ഇതുവരെ നേരിട്ട നിസ്സാര അസുഖങ്ങൾ തരണം ചെയ്ത് അൻപത്തി ആറാം വയസ്സിൽ ഈ കഥകൾ ഓർക്കാനും പറയാനും ഉണ്ടാകുമായിരുന്നില്ല എന്നത് നൂറു ശതമാനം ഉറപ്പാണ്. ഇതെന്‍റെ മാത്രം കഥയല്ല, ഒരു കാലഘട്ടത്തിന്‍റെ കാര്യമാണ്. 

ആരോഗ്യരംഗത്തെ പുരോഗതി ഡോക്ടർമാർ മാത്രമായി ഉണ്ടാക്കിയെടുത്തതല്ലെങ്കിലും ആരോഗ്യരംഗത്തെ വിപ്ലവങ്ങൾക്ക് നേതൃത്വം നൽകുന്നതും അതിന്‍റെ വലിയ സംഘം പടയാളികളും ഡോക്ടർമാർ തന്നെയാണ്.

ഈ കൊറോണക്കാലം സാധാരണക്കാർ ഡോക്ടർമാരെയും ഡോക്ടർമാർ അവരുടെ തിരഞ്ഞെടുത്ത പ്രൊഫഷനേയും ആദരവോടെയും അതിശയത്തോടേയും നോക്കിക്കാണുന്ന കാലമാണ്. ചൈനയിൽ, ഇറ്റലിയിൽ, ന്യൂ യോർക്കിൽ എല്ലാം കൊറോണയുദ്ധം അവർ മുന്നിൽ നിന്ന് നയിച്ചു എന്ന് മാത്രമല്ല മറ്റുളളവരുടെ ജീവൻ രക്ഷപ്പെടുത്താൻ വേണ്ടി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുക കൂടി ചെയ്തു.

ഇന്നും, കേരളത്തിൽ ഉൾപ്പെടെ ആയിരക്കണക്കിന് ഡോക്ടർമാർ അവർക്ക് ലഭ്യമായ വിഭവങ്ങളും അവരുടെ അറിവിന്റെ പരമാവധിയും ഉപയോഗിച്ചുള്ള കൊറോണ യുദ്ധത്തിലാണ്. അവർ ഓരോരുത്തർക്കും വ്യക്തിപരമായ ആശങ്കകളുണ്ട്. കൊച്ചു കുട്ടികൾ, പ്രായമായ മാതാപിതാക്കൾ, കുടുബത്തിന്റെ ഭാവി, ഭദ്രത തുടങ്ങി ഒന്നും അവരെ ഈ ഉത്തരവാദിത്തത്തിൽ നിന്നും പിന്നോട്ട് വലിച്ചിട്ടില്ല. കൊറോണ ഡ്യൂട്ടി വേണ്ട എന്നുപറഞ്ഞ് മാറിപ്പോകുന്ന ഡോക്ടർമാരുടെ കഥകൾ നമ്മൾ കേൾക്കുന്നില്ല. നമുക്ക് അഭിമാനിക്കാൻ വകയുണ്ട്.

ഈ അവസരത്തിൽ ഡോക്ടർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരേയും പ്രകീർത്തിച്ചാൽ മാത്രം പോരാ. അവർ യുദ്ധം ചെയ്യുന്നത് മൊത്തം സമൂഹത്തിന് വേണ്ടിയാണ് എന്നോർക്കണം. ഈ യുദ്ധം നമ്മുടേത് കൂടിയാണ്. അവരെ പിന്തുണക്കേണ്ടത്, അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യേണ്ടത്, വിവേകത്തോടെ പെരുമാറി അവരുടെ ജോലി എളുപ്പമാക്കേണ്ടത് എല്ലാം നമ്മുടെ ഉത്തരവാദിത്തമാണ്.

സമൂഹത്തിൽ എല്ലാക്കാലത്തും ആദരം ലഭിച്ചിട്ടുള്ള പ്രൊഫഷനാണ് ഡോക്ടർമാരുടേത്. ലോകത്തെവിടെയും ഈ കൊറോണക്കാലത്തിന് മുൻപും ഏറ്റവും ആദരിക്കപ്പെടുന്ന അഞ്ചു തൊഴിലുകളിൽ ഒന്ന് ഡോക്ടർമാരുടേത് തന്നെയായിരുന്നു. ഇന്നത്തെ കാര്യം പറയാനുമില്ലല്ലോ.

ഡോക്ടർമാരായ എന്റെ സുഹൃത്തുക്കൾക്കും, മറ്റെല്ലാ ഡോക്ടർ സുഹൃത്തുക്കൾക്കും ആശംസകൾ. 2020 ആരോഗ്യ പ്രവർത്തകരുടെ വർഷമാണ്. ഈ വർഷത്തെ നോബൽ പ്രൈസ് കിട്ടേണ്ടത് ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കാണ്. ഞങ്ങളുടെ മനസ്സിൽ അതിലും വലിയ ആദരം നിങ്ങൾക്ക് എന്നേ നൽകിക്കഴിഞ്ഞു..!


വാർത്തകൾ

Sign up for Newsletter



top