07
August 2020 - 1:21 am IST

Download Our Mobile App

Gulf

philip-chamathil

പ്രവാസികൾ ഇത്രത്തോളം വെറുക്കപ്പെട്ടവരോ ?

Published:02 July 2020

# ഫിലിപ്പ് ചാമത്തിൽ (ഫോമാ പ്രസിഡന്‍റ്)

ഇത്തരം കടുത്ത അവഗണന ഒരു രോഗത്തിന്‍റെ പേരിൽ ആണെങ്കിൽ കൂടി ഇത് അവഗണനയല്ല, സ്വന്തം രക്തത്തോടു കാട്ടുന്ന അനീതിയാണന്ന് പറയേണ്ടി വരും. പല പ്രവാസികളും സ്വന്തം കാര്യം നോക്കാൻ പ്രവാസികളായവരല്ല. സ്വന്തം കുടുംബത്തിനു വേണ്ടി പ്രവാസിയാവുകയാണ് പലരും.

വളരെ വേദനയോടെ എഴുതേണ്ടി വരുന്ന ഒരു കുറിപ്പാണിത്. കൊറോണ വൈറസ് ലോകത്തെ പിടിമുറുക്കി നിൽക്കുമ്പോഴും സുഹൃത്തുക്കൾ വരെ രോഗം വന്ന് മരിച്ചുവീഴുമ്പോഴുമുള്ള വേദനയെക്കാൾ ഹൃദയഭേദകമായ വേദന സമ്മാനമായി ലഭിക്കുന്നത് നമ്മുടെ ജന്മനാടായ കേരളമാണ്.

പണ്ടൊക്കെ ഗൾഫിൽ നിന്നും വീട്ടിലേക്ക് ഓടിയെത്തുന്ന പ്രവാസിയെ സ്വീകരിക്കുവാൻ കാത്തിരിക്കുന്ന സ്വന്തം കുടുംബം, എന്തിന് ഒരു നാടു തന്നെ ഉണ്ടായിരുന്നു. അവന്‍റെ രണ്ടു വർഷത്തെ അധ്വാനത്തിന്‍റെ വിഹിതം പങ്കിട്ടെടുക്കുവാൻ ഓടിയെത്തുന്ന ബന്ധുക്കളുടേയും, സുഹൃത്തുക്കളുടേയും മുന്നിൽ നീരസത്തിന്‍റെ മുഖം കാട്ടാതെ എന്തെങ്കിലുമൊരു പങ്ക് വരുന്നവരുടെയെല്ലാം കൈയിൽ വച്ചു കൊടുക്കുമായിരുന്ന പ്രവാസിയെ നമുക്കെല്ലാം ഓർമയുണ്ട്.

പക്ഷെ ഇന്ന് ലോകത്തുള്ള ഏതെങ്കിലും ഒരു പ്രവാസിയെ വിളിച്ച് നാട്ടിലേക്ക് ഫ്ലൈറ്റ് ഒക്കെ ആയല്ലോ പോകുന്നില്ലേ എന്ന് ചോദിച്ചാൽ "എന്തിനാ നാട്ടിലേക്ക് പോകുന്നത്. നാട്ടുകാർ തല്ലിക്കൊല്ലാനോ, അതോ  വീട്ടുകാരും ബന്ധുക്കളും അടിച്ചോടിക്കാനോ? ഇവിടെങ്ങാനും നിൽക്കുന്നതല്ലേ നല്ലത് " എന്നാണ് മറുപടി. ഒരു പക്ഷെ ഇത്രത്തോളം വേദനയുള്ള വാക്കുകൾ അടുത്ത സമയത്തൊന്നും കേട്ടിട്ടില്ല.

എടപ്പാളിൽ സ്വന്തം സഹോദരനെ വീട്ടിൽ കയറ്റാതെ ഓടിച്ചു വിട്ട സഹോദരങ്ങളുടെയും, കേരളത്തിന്‍റെ പല ഭാഗത്തും ഇത്തരം വിഷമങ്ങൾ ഉണ്ടാക്കുന്ന സഹോദരങ്ങളുടെയും കഥകൾ പേടിപ്പിക്കുന്നതാണ്. പതിനഞ്ച് ദിവസം സ്വസ്ഥമായി തന്‍റെ വീട്ടിലെ ഒരു മുറിയിൽ സർക്കാർ നിർദ്ദേശം പാലിച്ച് കഴിയാൻ വരുന്ന പ്രവാസിയോട് സ്വന്തക്കാരും നാട്ടുകാരും ക്രൂരത കാട്ടുമ്പോൾ ഭരണകൂടവും നിസഹായരാവുകയാണ്. ഗൾഫിൽ നിന്ന് നാടെത്തിയ പൂർണ ഗർഭിണിയോടു പോലും നാട്ടുകാർ നീതി കിട്ടുന്നില്ല എന്നാണ് വാർത്തയിൽ കണ്ടത്.

ഇത്തരം കടുത്ത അവഗണന ഒരു രോഗത്തിന്‍റെ പേരിൽ ആണെങ്കിൽ കൂടി ഇത് അവഗണനയല്ല, സ്വന്തം രക്തത്തോടു കാട്ടുന്ന അനീതിയാണന്ന് പറയേണ്ടി വരും. പല പ്രവാസികളും സ്വന്തം കാര്യം നോക്കാൻ പ്രവാസികളായവരല്ല. സ്വന്തം കുടുംബത്തിനു വേണ്ടി പ്രവാസിയാവുകയാണ് പലരും.

തനിക്കിഷ്ടമുള്ള ഒരു വീട് വയ്ക്കാൻ, സഹോദരിമാരുടെ വിവാഹം നടത്താൻ, സഹോദരങ്ങളെ പഠിപ്പിക്കാൻ തുടങ്ങി എത്രയോ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഒരാൾ പ്രവാസിയാകുന്നത്. മണലാരണ്യത്തിൽ രക്തം വിയർപ്പാക്കി ജീവിക്കുന്ന ഒരാൾ എല്ലാ ദുരിതങ്ങളും സഹിക്കുന്നത് വീട്ടുകാർക്കു വേണ്ടി മാത്രമാണ്.

കൊവിഡും മഹാമാരികളും ഇല്ലാതിരുന്ന കാലത്ത് നാട്ടിലെത്തുന്ന പ്രവാസികളെ നാട്ടുകാർ മാത്രമാണോ പിഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നത്. ക്ലബ്ബുകൾ, ആരാധനാലയങ്ങൾ, എന്തിന്, ജങ്ഷനിൽ തൂക്കാനുള്ള രാഷ്ട്രീയക്കാരന്‍റെ കൊടിക്ക് വരെ സ്പോൺസറാകാൻ പ്രവാസി വേണം. വെള്ളപ്പൊക്കം വന്നപ്പോൾ ഗൾഫിലേക്കും അമെരിക്കയിലേക്കും വന്ന കോളുകൾക്കും മെസേജുകൾക്കും കണക്കില്ല.

വീടും പുരയിടവും നഷ്ടപ്പെട്ടവർക്ക് വീടും അനുബന്ധ സൗകര്യങ്ങളും ഉണ്ടാക്കിക്കൊടുക്കുവാൻ പ്രവാസികൾ നെട്ടോട്ടമോടിയത് എല്ലാവരും മറന്നു. നിങ്ങളുടെ പഴയ സഹപാഠികളെ, സഹോദരങ്ങളെ കൊറോണപ്പേടിയിൽ സൗകര്യ പൂർവം മറക്കുന്നു.

നാട്ടിലെത്തുന്ന പ്രവാസിക്ക് രോഗം ഉണ്ടോ എന്നറിയുന്നതിനും, ഉണ്ടെങ്കിൽ തുടർ ചികിത്സകൾക്കായും കൂടിയാണ് പതിനഞ്ച് ദിവസം ജാഗ്രത പാലിച്ച് സ്വന്തം വീട്ടിൽ താമസിക്കുവാൻ വരുന്നത്. അവർക്കായി ശാരീരിക സാമൂഹിക അകലം പാലിച്ചുകൊണ്ട് ഒരു മാസം ജീവിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഹൃദയ ബന്ധത്തിന്‍റെ വില എന്താണന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

പക്ഷെ ഒന്നുറപ്പാണ്. ഇക്കൂട്ടർക്ക് കാലം മാപ്പു നൽകില്ല. പക്ഷെ പ്രവാസി വീണ്ടും തിരികെ ഫ്ലൈറ്റ് കയറും,  സ്വന്തം കുടുംബത്തിനു വേണ്ടി. സംഭവിച്ചതെല്ലാം ഒരു പുഞ്ചിരിയിലൊതുക്കിക്കൊണ്ട്.


വാർത്തകൾ

Sign up for Newslettertop