ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:02 July 2020
വാഷിങ്ടൺ: ലഡാഖിലെ ചൈനയുടെ അതിക്രമത്തെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് വൈറ്റ് ഹൗസ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ചൈന നടത്തുന്ന വലിയതോതിലുള്ള പ്രകോപനത്തിന്റെ ഭാഗമാണ് ഇന്ത്യൻ അതിർത്തിയിലും അവർ നടത്തുന്നതെന്നു വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക് ഇനാനി പറഞ്ഞു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തനിനിറം വെളിവാക്കുന്നതാണ് ഈ നടപടിയെന്നും ഇനാനി. ഇന്ത്യ- ചൈന സംഘർഷം തുടങ്ങിയശേഷം ഇതാദ്യമാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യത്തിൽ ശക്തമായ നിലപാട് പ്രഖ്യാപിക്കുന്നത്.
സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും സമാധാനപരമായ പരിഹാരമുണ്ടാകുമെന്നു പ്രതിക്ഷിക്കുന്നുവെന്നും മാത്രമായിരുന്നു ഇതേവരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നത്. വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചപ്പോഴും ചൈനയ്ക്കെതിരേ വ്യക്തമായി അഭിപ്രായം പറഞ്ഞിരുന്നില്ല വൈറ്റ് ഹൗസ്. യുഎസ് സഖ്യകക്ഷികളായ ഓസ്ട്രേലിയയും ജപ്പാനും ചൈനയ്ക്കെതിരേ കഴിഞ്ഞദിവസങ്ങളിൽ കടുത്ത നിലപാട് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് വൈറ്റ്ഹൗസും രംഗത്തെത്തിയതെന്നത് ശ്രദ്ധേയം. അതേസമയം, ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനുള്ള ശ്രമത്തെ പിന്തുണയ്ക്കുമെന്നും വൈറ്റ് ഹൗസ് പറഞ്ഞു. ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ കഴിഞ്ഞദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അനുകൂലിച്ചിരുന്നു.
ദേശീയ സുരക്ഷയ്ക്കു വേണ്ടി ഇന്ത്യയെടുത്ത തീരുമാനത്തിനു പൂർണ പിന്തുണ നൽകുന്നതായാണ് പോംപിയോ വ്യക്തമാക്കിയത്. നേരത്തേ, യുഎസ് സെനറ്റിലും ഇന്ത്യയെ പിന്തുണച്ച് നിരവധിയംഗങ്ങൾ രംഗത്തെത്തിയിരുന്നു.