ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:02 July 2020
ഭോപ്പാൽ: ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പമെത്തിയവരടക്കം 28 പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ വികസിപ്പിച്ചു. കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചു മൂന്നു മാസം പിന്നിടുമ്പോഴാണ് മന്ത്രിസഭാ വികസനം. പുതിയ മന്ത്രിമാരിൽ 20 പേർക്ക് ക്യാബിനറ്റ് പദവിയുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയുടെ പിതൃസഹോദരിയും മുതിർന്ന ബിജെപി നേതാവുമായ യശോധര രാജെ സിന്ധ്യയും മന്ത്രിസഭയിൽ ഇടം നേടി.
ഇന്നു രാവിലെ 11ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആനന്ദി ബെൻ പട്ടേൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പമെത്തിയ 22 എംഎൽഎമാരിൽ ആറു പേർക്ക് ക്യാബിനറ്റ് പദവി ലഭിച്ചിട്ടുണ്ട്. ഇവരെ കാര്യമായി പരിഗണിക്കണമെന്ന കേന്ദ്രനേതൃത്വത്തിന്റെ നിർദേശം മനസില്ലാമനസോടെ അംഗീകരിക്കേണ്ടി വരികയായിരുന്നു ചൗഹാന്.
മന്ത്രിസഭാ വികസനം നീണ്ടു പോകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ""പാലാഴി കടയുമ്പോൾ ഉയർന്നു വന്ന വിഷം ഭഗവാൻ ശിവൻ കഴിച്ചശേഷമാണ് അമൃത് ലഭിച്ചതെ''ന്നായിരുന്നു കഴിഞ്ഞദിവസം ചൗഹാന്റെ മറുപടി. മാർച്ച് 23നാണ് 22 വിമത കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണയോടെ ശിവരാജ് സിങ് ചൗഹാൻ അധികാരമേറ്റത്.
അന്ന് അഞ്ചു പേർ മാത്രമാണ് സ്ഥാനമേറ്റത്. പുതിയ മന്ത്രിമാരെ അഭിനന്ദിക്കുന്നെന്നും സംസ്ഥാനത്ത് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കാൻ ഇവരുടെ പിന്തുണയോടെ കഴിയമെന്നു വിശ്വസിക്കുന്നതായും ചൗഹാൻ ട്വീറ്റ് ചെയ്തു.