ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:04 July 2020
അറ്റ്ലാന്റ: ജോർജിയയിൽ വളർത്തു നായയ്ക്ക് നടത്തിയ പരിശോധനയിൽ കൊവിഡിനു കാരണമാകുന്ന വൈറസ് സ്ഥിരീകരിച്ചു. ആറു വർഷം പ്രായമുള്ള മിക്സഡ് ബ്രീഡ് നായയ്ക്കാണ് വൈറസ് ബാധിച്ചതെന്ന് ആരോഗ്യ പ്രവർത്തകർ. വളർത്തുന്ന കുടുംബത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നായയ്ക്കും പരിശോധന നടത്തിനോക്കിയത്. നായ നാഡീവ്യൂഹ സംബന്ധമായ അസുഖത്തിന്റെ തുടക്കത്തിലായിരുന്നുവെന്ന് ജോർജിയയിലെ ആരോഗ്യ വിഭാഗം പത്രക്കുറിപ്പിൽ പറഞ്ഞു.
നാഡീസംബന്ധമായ അസുഖം കൂടിയതിനാൽ നായയെ ദയാവധത്തിനു വിധേയമാക്കിയെന്നും അവർ. എന്നാൽ, നായയുടെ അസുഖം കൊവിഡ് മൂലമാണെന്നതിനു സ്ഥിരീകരണമില്ല. പരിമിതമായ വിവരങ്ങൾ വച്ച് വളർത്തു മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കൊവിഡ് പകരാനുള്ള സാധ്യത വിരളമാണെന്നാണ് യുഎസ് പകർച്ചവ്യാധി നിയന്ത്രണ വിഭാഗം പറയുന്നത്.
അമെരിക്കയിൽ നായയ്ക്കു കൊവിഡ് വൈറസ് സ്ഥിരീകരിക്കുന്നത് ഇതു രണ്ടാം തവണയാണ്. കഴിഞ്ഞമാസം ന്യൂയോർക്കിൽ ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയ്ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളായിരുന്നു ആ നായയ്ക്കുണ്ടായിരുന്നത്. അതേ വീട്ടിലുണ്ടായിരുന്ന മറ്റു രണ്ടു നായകളിൽ വൈറസിന്റെ ആന്റിബോഡികൾ കണ്ടെത്തുകയും ചെയ്തിരുന്നു.
നേരത്തേ ഹോങ്കോങ്ങിലും നായകൾക്കു വൈറസ് ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നെതർലൻഡ്സിൽ പൂച്ചകൾക്കും നായയ്ക്കും വൈറസ് ബാധിച്ചതായും വാർത്ത വന്നിരുന്നതാണ്. നീർനായകളിലും ഇവിടെ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.