07
August 2020 - 12:23 am IST

Download Our Mobile App

World

who-china

ചൈന നേരിട്ട് മുന്നറിയിപ്പു തന്നില്ല: ലോകാരോഗ്യ സംഘടന

Published:04 July 2020

പ്രത്യേക വൈറസ് മൂലമുള്ള വുഹാനിലെ ആദ്യ ന്യുമോണിയ ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടനയെ ആദ്യം അറിയിക്കുന്നത് സംഘടനയുടെ ചൈനയിലുള്ള ഓഫിസാണ്. ചൈന നേരിട്ട് അതു ചെയ്തില്ല.

ജനീവ: വുഹാനിൽ കൊവിഡ് വൈറസ് ആദ്യമായി കണ്ടപ്പോൾ ചൈന ലോകാരോഗ്യ സംഘടനയ്ക്കു നേരിട്ടു മുന്നറിയിപ്പു നൽകിയില്ലെന്ന് സംഘടനയുടെ പുതുക്കിയ കൊവിഡ് നാൾവഴി രേഖകൾ കാണിക്കുന്നു. പ്രത്യേക വൈറസ് മൂലമുള്ള വുഹാനിലെ ആദ്യ ന്യുമോണിയ ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടനയെ ആദ്യം അറിയിക്കുന്നത് സംഘടനയുടെ ചൈനയിലുള്ള ഓഫിസാണ്. ചൈന നേരിട്ട് അതു ചെയ്തില്ല.

വുഹാൻ ഹെൽത്ത് കമ്മിഷൻ വെബ്സൈറ്റിൽ പുതിയ വൈറൽ ന്യുമോണിയയെക്കുറിച്ചുള്ള വാർത്താകുറിപ്പ് കണ്ടതിനെത്തുടർന്ന് ചൈനയിലെ ലോകാരോഗ്യ സംഘടനയുടെ ഓഫിസ് ഇക്കാര്യം ഡിസംബർ 31ന് നോട്ടിഫൈ ചെയ്യുകയായിരുന്നു. അതേദിവസം തന്നെ വുഹാനിലെ കേസിനെക്കുറിച്ച്  അമെരിക്ക ആസ്ഥാനമായ അന്താരാഷ്ട്ര പകർച്ചവ്യാധി നിരീക്ഷണ നെറ്റ് വർക്ക് പ്രോ മെഡിന്‍റെ റിപ്പോർട്ടും ലോകാരോഗ്യ സംഘടന കണ്ടു. അതിനുശേഷം ജനുവരി ഒന്നിനും രണ്ടിനും ലോകാരോഗ്യ സംഘടന ചൈനയോടു വിവരങ്ങൾ തേടി. ജനുവരി മൂന്നിന് അവർ അതു നൽകി- ഇങ്ങനെയാണ് നാൾവഴി പുതുക്കിയിരിക്കുന്നത്.

പുതിയ വൈറസിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയ്ക്കുപോലും ചൈന കൃത്യസമയത്തു മുന്നറിയിപ്പു നൽകിയില്ലെന്നും എല്ലാം രഹസ്യമായി വച്ച് ലോകത്തെ വഞ്ചിച്ചെന്നും നേരത്തേ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പലതവണ ആരോപിച്ചിരുന്നു. അന്നെല്ലാം ഈ ആരോപണം നിഷേധിക്കുകയായിരുന്നു ലോകാരോഗ്യ സംഘടന. ഇതേ ആരോപണം മറ്റു പല രാജ്യങ്ങളും ഉന്നയിച്ചിരുന്നതാണ്. ചൈന നേരിട്ട് ആദ്യം വിവരം നൽകിയില്ലെന്ന് ഇപ്പോൾ ഡബ്ല്യുഎച്ച്ഒ ഓഫിസ് സമ്മതിക്കുന്നു.


വാർത്തകൾ

Sign up for Newsletter



top